ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത്‌ 116 ആണികൾ !

കോട്ട: ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റിൽനിന്ന് 116 ആണികൾ നീക്കം ചെയ്തു. രാജസ്ഥാനിലെ ബുണ്ഡി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് 42-കാരന്റെ വയറ്റിൽനിന്നും 6.5 സെന്റീമീറ്റർ വലിപ്പമുള്ള ആണികൾ നീക്കം ചെയ്തത്. ഒന്നര മണിക്കൂർ സമയം ചെലവിട്ടാണ് ആണികൾ നീക്കം ചെയ്തതെന്ന് ആശുപത്രിയിലെ സർജൻ ഡോ. അനിൽ സയ്നി പറഞ്ഞു. 

കഠിനമായ വയറ് വേദനയെ തുടർന്നാണ് ബോലാ ശങ്കർ എന്നയാൾ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം വയറിന്റെ എക്സറേ എടുക്കാൻ ആവശ്യപ്പെട്ട പ്രകാരം ശങ്കർ എക്സറേ റിപ്പോർട്ടുമായെത്തി. എന്നാൽ എക്സറേ റിപ്പോർട്ട് വളരെ സങ്കീര്‍ണ്ണമായിരുന്നു.

തുടർന്ന്   വി​ദ​ഗ്‍ദ പരിശോധനയ്ക്കായി സിടി സ്കാനിങ്ങിന് നിർദ്ദേശിക്കുകയും ശങ്കർ റിപ്പോർട്ടുമായി ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു. സിടി സ്കാനിങ്ങിലാണ് ശങ്കറിന്റെ വയറ്റിനുള്ളിൽ കുടുങ്ങി കിടക്കുന്ന ആണികൾ കണ്ടെത്തിയത്. ശേഷം ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയും തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു.