ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍ സംസ്ഥാന ബസ് ലോബിയ്ക്ക്‌, സിപിഎമ്മിനും

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍സംസ്ഥാന ബസ് ലോബിയ്ക്ക്‌. അന്തര്‍ സംസ്ഥാന ബസ് ലോബിയാണ് എ.കെശശീന്ദ്രന് വീണ്ടും ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അരങ്ങൊരുക്കിയത് എന്നാണു സൂചന. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേയ്ക്ക്‌ തിരിച്ചെത്തണം എന്ന കാര്യത്തില്‍ ഈ ലോബിയ്ക്കായിരുന്നു നിര്‍ബന്ധം. എ.കെ.ശശീന്ദ്രന് എതിരായി പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് മേല്‍ പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതും ഈ ലോബി തന്നെയാണ് എന്നാണ്‌ ലഭ്യമായ വിവരം.

പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് മിഡില്‍ ഈസ്റ്റില്‍ ജോലിയും ആറ്റിങ്ങലില്‍ ഒരു വീടുമാണ്‌ പ്രധാന വാഗ്ദാനമായി നിരത്തപ്പെട്ടത്. ഇതില്‍ ആകൃഷ്ടയായാണ്‌ മാധ്യമ പ്രവര്‍ത്തക പരാതി പിന്‍വലിക്കാന്‍ തയ്യാറായത് എന്നാണ് സൂചന. താന്‍ ഇരയായി മാറി എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതോടുകൂടി തന്നെ പരാതി പിന്‍വലിക്കാനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു.

കേരളത്തില്‍ ഗതാഗത സര്‍വീസ് നടത്തുന്ന തിരുവനന്തപുരം ആസ്ഥാനമാക്കിയ ഒരു പ്രമുഖ ഗ്രൂപ്പാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇടപെട്ടത്. ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തന്നെയാണ് അന്തര്‍ സംസ്ഥാന ലോബി കരുനീക്കിയത്.

വിവാദങ്ങളിലും ലൈംഗിക ആരോപണങ്ങളിലും ഒക്കെ കുടുങ്ങിയെങ്കിലും ശശീന്ദ്രന്‍ തന്നെ മന്ത്രിയായി വരുന്നതാണ് ഗുണകരം എന്ന് തിരിച്ചറിഞ്ഞാണ് അന്തര്‍ സംസ്ഥാന ബസ് ലോബി ശശീന്ദ്രന് അനുകൂലമായി കരുനീക്കിയത്. ഈ കരുനീക്കം വിജയിച്ചതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അരങ്ങൊരുങ്ങിയത്.

കേരളത്തില്‍ എന്‍സിപിയില്‍ നിന്ന് മന്ത്രി സ്ഥാനം തെറിച്ച രണ്ട്‌ എംഎല്‍എ മാരില്‍ ആരാണ് ആദ്യം കുറ്റവിമുക്തനാകുന്നത് അവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കും എന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റും
ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി.പീതാംബരന്‍ മാസ്റ്ററുടെ പ്രഖ്യാപനവും ശശീന്ദ്രന് അനുകൂല ഘടകമായി.

അതുകൊണ്ട് തന്നെ ആദ്യം ശശീന്ദ്രനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കാനാണ് ലോബി കരുനീക്കിയത്. പാര്‍ട്ടിയില്‍ ശശീന്ദ്രന്റെ എതിരാളിയായ മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയ്ക്ക്‌ വീണ്ടും മന്ത്രിയാകാന്‍ താത്പര്യമില്ലാത്തതും ശശീന്ദ്രന് അനുകൂലമായ ഘടകമായി.

തോമസ്‌ ചാണ്ടിയ്ക്ക്‌ ശാരീരിക അവശതകള്‍ പ്രകടമാണ്. കാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ക്ക് ചികിത്സയും നടത്തുന്നുണ്ട്. കുവൈത്തിലാണ് തോമസ്‌ ചാണ്ടിയുടെ ബിസിനസ് കേന്ദ്രീകരിച്ചിരിക്കുന്നത്. മന്ത്രിയായതിനാലും വിവാദങ്ങളില്‍ കുരുങ്ങിയതിനാലും ബിസിനസ്  വേണ്ട രീതിയില്‍ നോക്കി നടത്താനും തോമസ്‌ ചാണ്ടിയ്ക്ക് കഴിയുന്നില്ല.

കായല്‍ കയ്യേറ്റ-ഭൂമി വിവാദത്തില്‍ കുരുങ്ങി മന്ത്രി സ്ഥാനം നഷ്ടമായ തോമസ്‌ ചാണ്ടി വീണ്ടും ആ സ്ഥാനത്ത് വരുന്നതില്‍ വിമുഖനായിരുന്നു. ശശീന്ദ്രന് മന്ത്രിയാകാന്‍ അരങ്ങൊരുങ്ങിയതിന്‌
പിന്നില്‍ മുഖ്യമന്ത്രിയുടെ മനോഭാവത്തിനു കൂടി പങ്കുണ്ട്. വിവാദത്തില്‍ അകപ്പെട്ടെങ്കിലും ശശീന്ദ്രന്‍ മന്ത്രിയായി തുടരാനായിരുന്നു മുഖ്യമന്ത്രിയ്ക്ക്‌
താത്പര്യം. പക്ഷെ വിവാദം വന്നപ്പോള്‍ മുഖ്യമന്ത്രിയും നിസ്സഹായനായി.

ശശീന്ദ്രനാണെങ്കില്‍  മുഖ്യമന്ത്രിയെ ധര്‍മസങ്കടത്തില്‍പ്പെടുത്താതെ ആരോപണം ഉയര്‍ന്ന് ഒരു മണിക്കൂറിനകം രാജിവെയ്ക്കുകയും ചെയ്തു. ‘രാജിവെച്ചില്ലെങ്കില്‍ എത്ര ജലപീരങ്കി ഗര്‍ജിക്കേണ്ടിവരും. എത്ര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലാത്തിയടിയേല്‍ക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് രാജിവെച്ചത് ‘ എന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ ശശീന്ദ്രന്‍ 24 കേരളയോട് പറഞ്ഞിരുന്നത്.

വിവാദം വരുന്നത് വരെ ശശീന്ദ്രനുമായി വളരെ നല്ല ബന്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തിയത്. അതിപ്പോഴും തുടരുന്നു എന്നതിന് ഉദാഹരണം തന്നെയാണ് ശശീന്ദ്രന് വീണ്ടും ലഭിച്ച മന്ത്രി സ്ഥാനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പണ്ട് മുതലേ മുഖ്യമന്ത്രിയുമായി വളരെ അടുത്ത ബന്ധമാണ് ശശീന്ദ്രനുള്ളത്.

ഇടത് മന്ത്രിസഭയുടെ തുടക്കത്തില്‍ ആര്  മന്ത്രിയാകണം എന്ന കാര്യത്തില്‍ എന്‍സിപിയില്‍ വിവാദം ഉടലെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനപ്രകാരമാണ് ശശീന്ദ്രന്‍ മന്ത്രിയായത്. രണ്ടര വര്‍ഷം മന്ത്രിസ്ഥാനം തുല്യമായി വീതിക്കാം എന്ന തോമസ്‌ ചാണ്ടിയുടെ നിര്‍ദ്ദേശം പോലും എന്‍സിപിയും സിപിഎമ്മും തള്ളിയിരുന്നു. അതിനു പിന്നിലും മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു.

ശശീന്ദ്രനെ പോലുള്ള ഒരു മന്ത്രിയെ ലൈംഗികാരോപണത്തില്‍ കുരുക്കിയ മംഗളം ചാനലിനു നേര്‍ക്ക്  സിപിഎമ്മും മുഖ്യമന്ത്രിയും രോഷം പ്രകടിപ്പിക്കാന്‍ കാരണവും സിപിഎമ്മും ശശീന്ദ്രനും തമ്മിലുള്ള ഉറ്റ ബന്ധം തന്നെയായിരുന്നു. കോഴിക്കോട് എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വിജയിക്കുന്നത് എന്‍സിപി നേതാവായ ശശീന്ദ്രനാണെങ്കിലും അദ്ദേഹത്തെ ജയിപ്പിക്കുന്നത് സിപിഎമ്മാണ്.

സിപിഎമ്മുമായുള്ള ശശീന്ദ്രന്റെ ബന്ധം ഇത്രയും ശക്തമായതുകൊണ്ട് തന്നെയാണ്‌ അദ്ദേഹത്തെ വീണ്ടും
മന്ത്രിയാക്കാനുള്ള അന്തര്‍ സംസ്ഥാന ബസ് ലോബിയുടെ ശ്രമങ്ങള്‍ വിജയിക്കാനിടയായത്.