ശശീന്ദ്രന്റെ മന്ത്രി സ്ഥാനം: ചോദ്യം ചെയ്യപ്പെടുന്നത് ഇടത് ധാര്‍മികത

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ഇടതുപക്ഷ ധാര്‍മികതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയര്‍ത്തുന്നു. ധാര്‍മികതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന
ഇടതുമുന്നണിയെ, പ്രത്യേകിച്ച് സിപിഎമ്മിനെ ശശീന്ദ്രന് മന്ത്രി സ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം
പ്രതിക്കൂട്ടിലാക്കും.

ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഇടതുമുന്നണിയെ ആക്രമിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ലൈംഗികാപവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുമ്പോള്‍ തിരിച്ച് ശശീന്ദ്രന്റെ മന്ത്രി പദവി ശക്തമായ ആയുധമാകും എന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.

ശശീന്ദ്രന് നേരെയുള്ള ആരോപണം കൊള്ളുക മുഖ്യമന്ത്രി പിണറായി വിജയനാകും എന്നതിനാല്‍ ശശീന്ദ്രനിലൂടെ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും ലക്ഷ്യം വെയ്ക്കാനാണ്‌ യുഡിഎഫ് ഒരുങ്ങുന്നത്. വരും നാളുകളില്‍ ശശീന്ദ്രന്‍ നല്ല ആയുധമാകും എന്ന് കണക്കുകൂട്ടി തന്നെയാണ് യുഡിഎഫ് ശശീന്ദ്രന്റെ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് ഉയര്‍ത്താത്തത്.

രണ്ടു കാലിലും മന്തുള്ള സിപിഎമ്മിന് ഒരു കാലില്‍ മന്തുള്ള കോണ്‍ഗ്രസിനെ എങ്ങിനെ മന്തുകാലന്‍ എന്ന് വിളിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ 24 കേരളയോടു പ്രതികരിച്ചത് ശശീന്ദ്രന്‍ കാര്യത്തില്‍ വരും കാല യുഡിഎഫ് നീക്കങ്ങള്‍ എങ്ങിനെയായിരിക്കുമെന്നു സൂചന നല്‍കുന്നു.

ഒരു മന്ത്രിസഭയില്‍ ആര് മന്ത്രിയാകണം എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മാത്രം വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം വന്നത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് എന്നതും യുഡിഎഫ് നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

ലൈംഗികാരോപണ കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്ന ഉടന്‍ തന്നെയുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍ സന്ദേശമാണ് ശശീന്ദ്രന്റെ മന്ത്രി പദവിയുടെ കാര്യത്തില്‍ നിര്‍ണായകമായത്. ഇടത് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ രാജിവെച്ചത് ധാര്‍മികത മുന്‍നിര്‍ത്തിയാണ്.

ബന്ധുത്വ നിയമന പ്രശ്നം വന്നപ്പോള്‍ ഇ.പി.ജയരാജനോട് രാജിവെയ്ക്കാന്‍ തന്നെയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്. ജയരാജന്‍ രാജിവെയ്ക്കുകയും ചെയ്തു. ഇതേ പ്രശ്നത്തില്‍ വിജിലന്‍സ് കേസ് പിന്‍വലിക്കുകയും ജയരാജന്‍ കുറ്റവിമുക്തനാകുകയും ചെയ്തു. പക്ഷെ കുറ്റവിമുക്തനായ ജയരാജന് വീണ്ടും ധാര്‍മികത പ്രതിബന്ധമായി മാറി.

ആരോപണ വിധേയനായ ജയരാജന് കുറ്റവിമുക്തനായിട്ടും മന്ത്രിയായി തിരിച്ചെത്താന്‍ കഴിഞ്ഞില്ല. കാരണം ആരോപണം ജനങ്ങളുടെ മുന്നില്‍ നിലനില്‍ക്കുന്നു. ഈ ഘടകങ്ങള്‍ തന്നെയാണ് ശശീന്ദ്രന്‍ പ്രശ്നത്തിലും ഉയര്‍ന്നത്. ജയരാജന് ബാധകമാകുന്ന ധാര്‍മികത എന്തുകൊണ്ട് ശശീന്ദ്രന് ബാധകമാകുന്നില്ലെന്ന ചോദ്യമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്.

ജയരാജനെതിരായത്‌ ബന്ധുത്വ നിയമന ആരോപണമാണെങ്കില്‍ ശശീന്ദ്രന്‌ നേര്‍ക്ക് ഉയര്‍ന്നത് ലൈംഗിക ആരോപണമാണ്. ഇത് ശശീന്ദ്രന്റെ കാര്യത്തില്‍ കൂടുതല്‍ ഗൗരവതരമാകുന്നു. തോമസ്‌ ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കാനിടയായതിലും
ധാര്‍മികതയാണ് സിപിഐ ആയുധമാക്കിയത്.

അന്ന് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം തന്നെ ബഹിഷ്‌കരിച്ചിരുന്നു. ഒടുവില്‍ തോമസ് ചാണ്ടി രാജിവെച്ചു. ഇപ്പോള്‍ സിപിഎമ്മിനെ പിടിച്ചു കുലുക്കിയ ബിനോയ്‌ കോടിയേരി വിവാദത്തിലും ധാര്‍മികത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ആരോപണം മകന്റെ പേരിലാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‌ ഈ പ്രശ്നത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ കഴിയാത്ത അവസ്ഥ വന്നു. കോടിയേരിയും സിപിഎമ്മും വിഷയത്തില്‍ മറുപടി പറയേണ്ടിയും വന്നു. ധാര്‍മികതയുടെ പേരിലുള്ള സിപിഎം ഇരട്ടത്താപ്പ് തന്നെയാകും വരുന്ന നാളുകളില്‍ യുഡിഎഫ് ഉപയോഗിക്കുന്ന ശക്തമായ ആയുധം.