‘ശരണം വിളികള്‍ ഭയത്തോടെ മാത്രം ശ്രവിക്കേണ്ടി വരുന്നൊരു കാലം വിദൂരമല്ല’

ഷറഫുദ്ധീൻ മുല്ലപ്പള്ളി

ചെറുപ്പകാലത്ത് പെരുന്നാളിന്റെ ഏറ്റവും നല്ല ഓർമ്മകളെന്ന് പറയാവുന്നത് പള്ളിയിൽ നിന്നുയരുന്ന തക്ബീർ ധ്വനികളാണ്. “അള്ളാഹു അക്ബർ” എന്ന ധ്വനികൾ മൈക്കിലൂടെയും അല്ലാതെയും പെരുന്നാൾ ദിവസം ചെവിയിൽ മുഴങ്ങിക്കേൾക്കും.

ഒരു വിശ്വാസിയുടെ ഉള്ളം കുളിർക്കാൻ പോന്ന ശബ്ദമായിരുന്നു കാലങ്ങളോളം ആ വാചകം. പുത്തനുടുപ്പിന്റെ ഗന്ധവും ആഘോഷത്തിന്റെ സന്തോഷവും നൽകിയിരുന്നതും ആ ധ്വനികൾ തന്നെയായിരുന്നു. എന്നാൽ ഒരു കാലത്ത് ഭക്തിയുടെ അനുഭൂതി നൽകിയ അതേ ധ്വനികൾക്ക് ഭയത്തിന്റെ, വെറുപ്പിന്റെ വിത്ത് വിതക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടത് കറുത്ത കുപ്പായമിട്ട, മനുഷ്യത്വം അന്യമായ ഒരു കൂട്ടം തീവ്രവാദികൾ ആ വാചകം ഉച്ചത്തിൽ ഉരുവിട്ട് നിസ്സഹായരുടെ തലയറുത്തു തുടങ്ങിയപ്പോഴാണ്.

ഭൂതകാലത്ത് ഭക്തിയുടെ പര്യായമായിരുന്നു തക്ബീർ ധ്വനികളെങ്കിൽ വർത്തമാന തീവ്രവാദ സാഹചര്യത്തിലത് ഭയത്തിന്റേയും വെറുപ്പിന്റെയും നെരിപ്പോട് സമൂഹത്തിലേക്ക് ആഴത്തിൽ വേരിറക്കുകയായിരുന്നു. ആ മതത്തിന് പുറത്തുള്ളവർ ബഹുമാനത്തോടെ ശ്രവിച്ചിരുന്ന തക്ബീർ ധ്വനികൾ പിൽക്കാലത്ത് അവരുടെ കർണ്ണങ്ങൾക്ക് അരോചകവും ഉള്ളിൽ ഭയവും നിറയാൻ കാരണമായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ വികലമായി അതുപയോഗിച്ച തീവ്രവാദികൾ മാത്രമാണ്.

ഇന്ന് സമാനമായ സാഹചര്യത്തിലൂടെയാണ് ശബരിമലയും കടന്നു പോകുന്നത്. ഏത് അവിശ്വാസിയും ബഹുമാനത്തോടെയാണ് ഒരു സ്വാമിയെ കാണുന്നത്. ഒരു സ്വാമിക്ക് സമൂഹം കൽപ്പിച്ചു നൽകിയ ഒരു സ്ഥാനമുണ്ട്. ഓരോ സ്വാമിയും വിളിക്കുന്ന ശരണം വിളികൾക്ക് ഐശ്വര്യവും മാധുര്യവുമുണ്ട്. അവരണിയുന്ന വസ്ത്രത്തിനും മണ്ഡലകാലത്ത് ചിട്ടപ്പെടുത്തുന്ന ജീവിതരീതിക്കും ഭക്തിയുടെ നിറവുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കറുത്ത വസ്ത്രമണിഞ്ഞ് ഇരുമുടിക്കെട്ടിനുള്ളിലെ തേങ്ങക്ക് പകരം കല്ലുകളും മുതുകിൽ ഒളിപ്പിച്ച വടികളുമായി ഉച്ചത്തിൽ ശരണം വിളിച്ച് പതിനെട്ടാം പടി ചവിട്ടാനെന്ന വ്യാജേന വിശ്വാസികൾ പാവനമായി കരുതുന്നയിടം യുദ്ധക്കളമാക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത്, ശരണം വിളികളെ ഭയപ്പെടുത്താനുള്ള ശബ്ദമാക്കി മാറ്റുകയാണ്.

കുറ്റവാളിയുടെ കയ്യിലകപ്പെട്ട ആയുധം പോലെ, യഥാർത്ഥ ഭകതിയെന്തന്നറിയാത്ത ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ശരണംവിളിയോടെ ഈ രീതിയിലുള്ള അക്രമം തുടർന്നാൽ ശരണം വിളികളും ഭയത്തോടെ മാത്രം ശ്രവിക്കേണ്ടി വരുന്നൊരു കാലം വിദൂരമല്ല.