ശമ്പളമില്ല; ജീവനക്കാര്‍ പട്ടേല്‍ പ്രതിമക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. 3000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൃത്യമായി ശമ്ബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിമക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്ബനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും ശമ്ബളം കൊടുക്കാത്തത്. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് സമരത്തിലുള്ളത്.