‘ശബ്‌ദ നിരോധിത മേഖല’; വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ മൗനത്തെ ട്രോളി ടെലഗ്രാഫ്

ന്യൂഡല്‍ഹി:  പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന നരേന്ദ്രമോദിയെ ട്രോളി ദി ടെലഗ്രാഫ് ദിനപത്രം.

വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ  സംസാരിക്കുമ്പോള്‍ അടുത്തിരിക്കുന്ന മോദിയുടെ ചിത്രത്തിന് മുകളിലായി നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെടുന്ന സൈന്‍ ആണ്
ടെലഗ്രാഫ് നല്‍കിയിരിക്കുന്നത്. ചിത്രത്തിനടിയില്‍ കുറച്ചു ഭാഗം ഒഴിച്ചിട്ടിരിക്കുന്നു. മോദി സംസാരിക്കുമ്പോള്‍ ഇത് പൂരിപ്പിക്കാം എന്നും ടെലഗ്രാഫ് പറയുന്നു. അധികാരത്തിലെത്തി 1817 ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ വാര്‍ത്താസമ്മേളനമെന്നും ടെലഗ്രാഫ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്.  ഇതിനെതിരെ വ്യാപക പരിരഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌.