ശബരിമല വിഷയത്തിൽ ചർച്ചയ്ക്കില്ല; കോടിയേരിയുടെ ക്ഷണം തള്ളി എൻഎസ്എസ്

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നു എൻഎസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയുമായും സിപിഎം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായതെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍.എസ്.എസ്. ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.