ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ഉപവാസ വേദിയില്‍ എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ കൊച്ചുമകന്‍ വീണ്ടും ബിജെപി വേദിയില്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരപ്പന്തലിലേക്കാണ് മിലന്‍ ഇമ്മാനുവല്‍ വീണ്ടുമെത്തിയത്. ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം രാഷ്ട്രീയമല്ലെന്നും തികച്ചും ആത്മീയമാണെന്നും മിലന്‍ പ്രതികരിച്ചു.

കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് തെറ്റായ നടപടിയാണെന്നും മിലന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മിലന്‍ പങ്കെടുത്തത് രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ചിരുന്നു.ഇനിയും സമരപ്പന്തലില്‍ എത്തും. ഇത് ആത്മീയ കാര്യമാണ്.പരിപാടികളില്‍ പങ്കെടുക്കാനും അഭിപ്രായം പറയാനും പ്രായത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മിലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമല വിഷയം എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഇനിയും സമരപ്പന്തലില്‍ എത്തുമെന്നും മിലന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ തന്റെ അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നീക്കമുണ്ടായി. പാര്‍ട്ടിയോട് വിശദീകരിച്ചിട്ടാണോ ബി.ജെ.പി പരിപാ‌ടിക്ക് പോയതെന്ന് സിഡ്‌കോ എം.ഡി അമ്മയോട് ചോദിച്ചതായും മിലന്‍ പറയുന്നു.