ശബരിമല വിഷയം; തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്‍. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധതയെന്നാണ് കരുതുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് യുഡിഎഫ്സര്‍ക്കാരിന്റെ കാലത്ത് സത്യവാങ്മൂലം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ചയുണ്ടായി. വിഷയം വര്‍ഗീയവത്കരിക്കുക എന്ന ബിജെപിയുടെ രഹസ്യഅജണ്ടയ്ക്ക് വെളളവും വളവും പകര്‍ന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.