ശബരിമല: യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹസമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

സത്യഗ്രഹം ഇരിക്കുന്ന എംഎൽഎമാരെ കഴിഞ്ഞ ദിവസം സ്പീക്കർ സന്ദർശിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.  എന്നാല്‍, ശനിയാഴ്ച വരെ ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ നാല് ദിവസം തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച ശേഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍  പ്രതിപക്ഷം ഇതിനിടെ തീരുമാനിച്ചിരുന്നു. സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.