ശബരിമല പരാമര്‍ശം: വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം, അസഭ്യവര്‍ഷം

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണവും വംശീയ അധിക്ഷേപവും. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും വിജയ് സേതുപതി സംസാരിച്ചതാണ് സംഘ്പരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.

സ്ത്രീ ദൈവമാണെന്നും അശുദ്ധരല്ലെന്നും പറഞ്ഞ സേതുപതി എന്തിനാണ് ബഹളമെന്നും ചോദിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ക്ഷേത്രത്തില്‍ തൊഴുതപ്പോള്‍ പ്രസാദം സ്വീകരിക്കുന്നതിനിടെ അയിത്തം നേരിട്ടതും സേതുപതി ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത്.