ശബരിമല ദർശനം: അടിസ്ഥാനരഹിതമായ ആരോപണങ്ങളുയരുന്നു; പിന്നിൽ ബിജെപിയെന്ന്‌ കനകദുർഗ

മലപ്പുറം: ശബരിമല ദർശനത്തിന്‍റെ പേരിൽ തനിയ്ക്കും ബിന്ദുവിനുമെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുയരുന്നുവെന്ന് കനകദുർഗ. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രണ്ട് പേർക്കുമുള്ളതെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും തനിക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സ്വാധീനമാണെന്ന് വ്യക്തമാകുന്നുവെന്നും കനകദുർഗ ആരോപിക്കുന്നു.

തന്‍റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു.

അതേസമയം താനും കനകദുർഗയുമടക്കം അഞ്ച് സ്ത്രീകൾ ശബരിമലയിൽ പോയെന്ന് ബിന്ദു വ്യക്തമാക്കുന്നു. അതിന് തന്‍റെ കയ്യിൽ വീഡിയോ തെളിവുകളുണ്ട്. ആവശ്യമെങ്കിൽ അത് പുറത്തുവിടുമെന്നും ബിന്ദു പറയുന്നു.