ശബരിമല കെഎസ്ആർടിസി പാക്കേജ് പ്രതിസന്ധിയിലേക്ക്; പണിമുടക്കിന് യൂണിയനുകളുടെ നീക്കം

എം. മനോജ് കുമാർ 

തിരുവനന്തപുരം: ശബരിമല സീസൺ മുന്നിൽ കണ്ട് കെഎസ്ആർടിസി പ്രഖ്യാപിച്ച സ്‌പെഷ്യൽ പാക്കേജിനെ പ്രതിസന്ധിയിലാക്കി കെഎസ്ആർടിസിയിൽ   പണിമുടക്കിന്  നീക്കം.

ഡിഎ കുടിശിഖ അടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേക്ക്  നീങ്ങുന്ന കാര്യം ആലോചിക്കുന്നത്. നാളെ തൊഴിലാളി യൂണിയനുകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ തീരുമാനമായിട്ടില്ലെങ്കിൽ ശബരിമല സീസൺ പോലും നോക്കാതെ പണിമുടക്കാനാണ് യൂണിയനുകൾ ഒരുങ്ങുന്നത്.

ശബരിമല സീസൺ മുൻകൂട്ടികണ്ട്  വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഒരുക്കങ്ങൾ തന്നെ പ്രതിസന്ധിയിലാക്കാൻ യൂണിയനുകളുടെ സമര പ്രഖ്യാപനത്തിനു കഴിയും. മണ്ഡല പൂജകൾക്ക് ശബരിമല നട തുറക്കാനിരിക്കെയാണ് പണിമുടക്ക് ഭീഷണിയുമായി യൂണിയനുകൾ നിലകൊള്ളുന്നത്.

ആവശ്യങ്ങൾ നിരന്തരമായി അവഗണിക്കപ്പെടുന്നതിൽ കെഎസ്ആർടിസിയിൽ യൂണിയൻ ഭേദമന്യേ പ്രതിഷേധങ്ങൾ ശക്തമാണ്. പക്ഷെ ശബരിമല സീസൺ ആരംഭിക്കുന്നതിനാൽ യൂണിയനുകൾ പണിമുടക്കില്ലെന്നാണ് കെഎസ്ആർടിസി എംഡി തച്ചങ്കരി അടക്കമുള്ളവർ കരുതുന്നത്. പക്ഷെ മുൻ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനാൽ നാളത്തെ ചർച്ചയിൽ തീരുമാനം വേണമെന്നാണ് യൂണിയനുകൾ ശഠിക്കുന്നത്.

യൂണിയൻ നേതൃത്വത്തെ മെരുക്കാനുള്ള പടപ്പുറപ്പാട് കൂടി തച്ചങ്കരി പയറ്റുന്നുമുണ്ട്. വരുന്ന 15 നു എംഡി ടോമിൻ തച്ചങ്കരി ഉദ്യോഗസ്ഥരുടെ ഒരു മീറ്റിങ് വിളിച്ചുകൂട്ടുന്നുണ്ട്. യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയാൽ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിർത്താനാണ് ഈ  മീറ്റിങ്. ഇത് യൂണിയൻ നേതൃത്വങ്ങളെ പ്രകോപിച്ചിട്ടുമുണ്ട്.

സമരപ്രഖ്യാപനം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ച് തച്ചങ്കരിയെ പ്രതിരോധിക്കാനാണ് യൂണിയൻ ഒരുങ്ങുന്നത്. പക്ഷെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  സമരത്തിനായി ശബരിമല സീസൺ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യൂണിയൻ നേതൃത്വങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ഭരണപക്ഷ യൂണിയനുകൾ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയും സമരത്തിൽ നിന്ന് ഒളിച്ചോടുകയുമാണെന്നു പ്രതിപക്ഷ യൂണിയനുകൾ ആരോപിക്കുകയും പോസ്റ്റർ യുദ്ധം നയിക്കാൻ ഒരുങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് ഭരണ പക്ഷ യൂണിയനുകളെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ ഭരണപക്ഷ തൊഴിലാളി യൂണിയനുകൾ  ഒരുങ്ങുന്നത്.

കെഎസ്ആർടിസി അധികൃതർ വിളിച്ചു കൂട്ടുന്ന നാളത്തെ ചർച്ച സമരത്തെ സംബന്ധിച്ച് നിർണ്ണായകമാകും. അതേ സമയം തച്ചങ്കരിയുടെ കെഎസ്ആർ ടിസിയിലെ നിലനിൽപ്പ് വെള്ളത്തിലാകുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ∙ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിട്ടുണ്ട്. .

ഇടതു സർക്കാരിന്റെ നയങ്ങളല്ല തച്ചങ്കരി നടപ്പിലാക്കുന്നത് എന്നാണ്  കത്തിലെ പ്രധാന ആരോപണം. ബോർഡ് അംഗങ്ങളായ ടി.കെ.രാജൻ, സി.വി.വർഗീസ് എന്നിവരാണു കത്തു നൽകിയത്. സമീപകാലത്ത് എംഡിമാരായവരിൽ എ. ഹേമചന്ദ്രൻ മാത്രമാണു കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നു കത്തിൽ പറയുന്നുണ്ട്.