ശബരിമല: എന്ത് വിധിയുണ്ടായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് എന്ത് വിധിയുണ്ടായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനെ സംബന്ധിച്ച് സുപ്രീംകോടതി തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല ഹർജികളിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻറ് പി ജി ശശികുമാര വർമ്മ പറഞ്ഞു. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉൾകൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര വർമ്മ പറഞ്ഞു.

നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ ഇത് എത്തുമെന്നും ശശികുമാര വർമ്മ പറഞ്ഞു. സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ശശികുമാര വർമ്മ പറഞ്ഞു.