ശബരിമലയിൽ നിന്ന് ഗുരുവായൂരിൽ എത്തുമ്പോൾ

പുടയൂർ ജയനാരായണൻ

ശബരിമലയിൽ നിന്ന് ഗുരുവായൂരിലേക്ക് ഉള്ള ദൂരം എത്രയാണ്..? ചോദ്യം ഒന്ന് കൂടി സ്പഷ്ടമാക്കാം ശബരിമല തന്ത്രിയിൽ നിന്ന് ഗുരുവായൂർ തന്ത്രിയിലേക്കുള്ള ദൂരമാണ് ചോദ്യം. ശബരിമല തന്ത്രിയെ ‘ജീവനക്കാരൻ’ ആക്കിയ ദേവസ്വം ബോർഡിന്റെ നടപടിക്ക് ശേഷം ഗുരുവായൂർ തന്ത്രിക്കെതിരെ തിട്ടൂരമിറക്കി ഒന്നും അവസാനിച്ചിട്ടില്ല എന്ന് പ്രസ്താവിക്കുകയാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ കഴിഞ്ഞ ദിവസം ചെയ്തിരിക്കുന്നത്.

ചേന്നാസ് മനയിലെ സീനിയർ അംഗമായ P.C നാരായണൻ നമ്പൂതിരിപ്പാട് മാത്രമാണ് ഗുരുവായൂർ തന്ത്രി എന്നും മറ്റുള്ളവരാരും തന്ത്രിമാരല്ല എന്നുമാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ രേഖാമൂലം പ്രസ്താവിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തന്ത്രി കുടുംബത്തെയാകമാനവും അവഹേളിക്കുന്ന ഒരു പ്രസ്താവനയാണ് ചെയര്‍മാന്‍ നടത്തിയിരിക്കുന്നത്. ഓരോ ക്ഷേത്രങ്ങളിലേയും തന്ത്രം വ്യക്ത്യതിഷ്ഠിതമല്ല. കുടുബത്തിലെ പൂജ ചെയ്യാൻ അർഹത നേടിയ എല്ലാ ആൺ പ്രജകൾക്കും അവകാശപ്പെട്ടതാണ് അത്. എന്നാൽ എഴുത്തുകുത്തുകൾക്കും മറ്റും പ്രസ്തുത തന്ത്രി കുടുംബത്തിലെ തല മുതിർന്ന അംഗത്തിനായിരിക്കും അധികാരം. അത് കൊണ്ട് മാത്രം മറ്റ് കുടുംബാംഗങ്ങൾക്ക് ക്ഷേത്രത്തിൽ താന്ത്രികമായി അധികാരങ്ങളോ അവകാശങ്ങളോ ഇല്ലാതാകുന്നില്ല.

ഗുരുവായൂരിൽ പുഴക്കര ചേന്നാസ് കുടുംബത്തിനാണ് താന്ത്രിക അവകാശം. പ്രസ്തുത കുടുംബത്തിലെ മുതിർന്ന അംഗത്തെയാണ് സാങ്കേതികമായി തന്ത്രിയായി കണക്കാക്കുന്നത്. എന്നാല്‍ ആ കുടുബത്തിലെ മറ്റു എല്ലാ അംഗങ്ങള്‍ക്കും ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യം ചെയ്യുന്നതിന് ദേവസ്വം ചെയർമാന് അധികാരവുമില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നെടുമ്പള്ളി തരണനെല്ലൂരിന് എന്നത് പോലെ, ശബരിമലയിൽ താഴ്മൺ മഠത്തിന് എന്നത് പോലെ, ചോറ്റാനിക്കരയിൽ പുലിയന്നൂരിന് എന്നത് പോലെ, തളിപ്പറമ്പിൽ പുടയൂരിന് എന്നത് പോലെ ഗുരുവായൂരിൽ പുഴക്കര ചേന്നാസ് കുടുബത്തിലെ പിതൃവഴിക്കുള്ള എല്ലാ ആൺ പ്രജകൾക്കും താന്ത്രിക അവകാശമുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ്.

Related image

തന്ത്രി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ പരിപാടികളില്‍ പങ്കെടുക്കുവാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനെ തെറ്റായി വ്യഖ്യാനിച്ച് ഭക്തജനമധ്യത്തില്‍ അവഹേളിക്കും വിധമാണ് ദേവസ്വം ചെയർമാൻ ഇപ്പോൾ പ്രസ്താവന ഇറക്കിയിട്ടുള്ളത്. തീർച്ചയായും, അനവസരത്തിലുള്ളതും, അനാവശ്യവുമായ ഒരു പ്രസ്താവനയാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ Adv. K B മോഹൻകുമാർ പുറപ്പെടുവിച്ചിട്ടുള്ളത്.

തന്ത്രിയെ ജീവനക്കാരനാക്കാനുള്ള ശബരിമല അദ്ധ്യായത്തിന്റെ രണ്ടാം ഭാഗമാണ് ഗുരുവായൂർ ഫത്വയിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം..