ശബരിമലയില്‍ ആകെ അഞ്ച്‌ യുവതികള്‍ ദര്‍ശനം നടത്തി; തെളിവുകള്‍ കയ്യിലുണ്ടെന്ന്‌ കനകദുര്‍ഗയും ബിന്ദുവും

മലപ്പുറം: ശബരിമലയില്‍ ആകെ അഞ്ചു യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും. മറ്റു മൂന്നുപേരും സുഹൃദ് വലയത്തിലുള്ളവരാണെന്നും ഇതിന്റെ കൃത്യമായ തെളിവും ദൃശ്യങ്ങളുമുണ്ടെന്നും ഇരുവരും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

എന്തുകൊണ്ടാണ് നിയമസഭയിൽ രണ്ട് പേ‍ർ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സർക്കാർ പറഞ്ഞതെന്നറിയില്ല. നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുൾപ്പടെ അഞ്ച് സ്ത്രീകൾ ഇതുവരെ ശബരിമല കയറിയിട്ടുണ്ടെന്നും ബിന്ദു വ്യക്തമാക്കി.

സംഘപരിവാറിൽ നിന്നും ബിജെപിയിൽ നിന്നും ഭീഷണിയുണ്ടെന്ന് ബിന്ദുവിനൊപ്പം ശബരിമല കയറിയ കനകദുർഗയും പറഞ്ഞു. തന്‍റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു.