ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തി; ഇനി വരുന്നവര്‍ക്കും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി

കൊല്ലം: ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്നും ഇനി വരുന്നവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കുമെന്നും മന്ത്രി എംഎം മണി. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഐഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. പക്ഷേ അത് സിപിഐഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെ. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളുമുണ്ട്. എന്നിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോ? അയ്യപ്പന്‍ മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവുമുണ്ട്.മന്ത്രി പറഞ്ഞു.

ശബരിമല അയ്യപ്പന്‍ നേരിട്ട് നിയമിച്ച ആളല്ല തന്ത്രിയെന്നും ദേവസ്വം ബോര്‍ഡാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. അംഞ്ചഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി പാലിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും എംഎം മണി ഓര്‍മ്മിപ്പിച്ചു.