ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസികളിൽ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ വിശ്വാസികൾ പൂർണമായി എൽഡിഎഫിന് എതിരല്ലെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കേന്ദ്രത്തിൽ സര്‍ക്കാരുണ്ടാക്കുമെന്ന് യുഡിഎഫ് കേരളത്തിൽ പ്രചരിപ്പിച്ചു. ഇത് ജനങ്ങളെ സ്വാധീനിച്ചു. എന്നാൽ ആര്‍എസ്എസിന് പ്രവേശിക്കാനാകാത്ത സംസ്ഥാനമായി ഇന്നും കേരളം നിലനിൽക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും ബിജെപിക്ക് ജയിക്കാൻ സാധിച്ചില്ല. കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ ശക്തമായ പ്രവര്‍ത്തനമാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തത്. എന്നാൽ ഇടതുപക്ഷത്തിൻ്റെ നേട്ടം യുഡിഎഫിന് ലഭിച്ചു. ഇത് താൽക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.