ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ എട്ടുവരെ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ എട്ടുവരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബർ ആറുവരെ നീട്ടണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം. നിരോധനാജ്ഞ സന്നിധാനത്തെ തിരക്കുകളെ ബാധിച്ചിട്ടില്ല. ഇത്തവണ മണ്ഡലകാല തീർഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് ഏറ്റവും കൂടുതൽ സ്വാമിമാരെത്തിയത് കഴിഞ്ഞ ദിവസമാണ്.

രാത്രി പന്ത്രണ്ടുവരെ 79,098 പേരാണ് പമ്പ വഴി മല ചവിട്ടിയത്. ഇന്ന് തിരക്കിൽ അൽപം കുറവുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാമിമാരുടെ ഒഴുക്ക് തുടരുകയാണ്. പ്രതിഷേധങ്ങൾക്കും പൊലീസ് നിയന്ത്രണങ്ങൾക്കും അയവു വന്നതോടെ മലയാളി തീർത്ഥാടകരും കൂടുതലായി എത്തിത്തുടങ്ങി.

സന്നിധാനത്ത് ദർശനത്തിന് വരി നിൽക്കേണ്ട സാഹചര്യമില്ല. അപ്പം, അരവണ വിൽപ്പനയുംസാധാരണ നിലയിലാണ്. വലിയ നടപന്തൽ ഒഴിച്ച് ഒരിടത്തും പൊലീസ് നിയന്ത്രണവുമില്ല.‌‌ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.