ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് നിരീക്ഷക സമിതി; മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നു

ശബരിമല: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി. ഇന്നലെ സന്നിധാനത്ത് നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതി അഭിപ്രായം അറിയിച്ചത്.

അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയിട്ടുണ്ട്.ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനാജഞ നീട്ടിയിരിക്കുന്നത്. എന്നാല്‍ മുന്‍പത്തെപ്പോലെ തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഈ തെറ്റിദ്ധാരണ പരത്തുന്നത്. മാധ്യങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പണമെന്നും സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും സമിതി അറിയിച്ചു. പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി