ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

തിരുവനന്തപുരം:  കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത

പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന്(ജൂലൈ 21) രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു.

അതേസമയം തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. കടൽക്ഷോഭ മേഖലകളിൽനിന്ന് 143 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ആറു ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ തീരത്ത് കടൽ പ്രക്ഷുബ്ധമാണ്. തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ 143 കുടുംബങ്ങളിലെ 603 പേരയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയത്.