ശക്തമായ ഇടപെടല്‍ നടത്താതെ ഐറിഷ്-ലാത്വിയ എംബസികള്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് ലിഗയുടെ ബന്ധുക്കള്‍

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ലാത്വിയ സ്വദേശി ലിഗ.യുടെ മരണത്തില്‍ ലിഗയുടെ സഹോദരി ഇല്‍സയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഐറിഷ്-ലാത്വിയ എംബസികളുടെ ശക്തമായ ഇടപെടലിന്റെ അഭാവമെന്നു സൂചന.

എംബസി തലത്തില്‍ ശക്തമായ നീക്കങ്ങള്‍ നടന്നിരുന്നെങ്കില്‍ ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുമായിരുന്നു. വിദേശ പൌരന്മാരുടെ കാണാതാകല്‍ പോലുള്ള പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ എംബസി തലത്തിലാണ് തുടര്‍ നടപടികള്‍ നടക്കേണ്ടത്.

ആ ഘട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാകുകയും പൊലീസ് സടകുടഞ്ഞു എഴുന്നേല്‍ക്കുകയും ചെയ്തേനെ. ഇവിടെ ശക്തമായി ഇടപെടേണ്ടിയിരുന്നത് ലാത്വിയന്‍ എംബസിയായിരുന്നു. കാരണം ലിഗ അവരുടെ പൌരത്വമുള്ള യുവതിയാണ്.

ഐറിഷ് എംബസി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന എംബസിയാണെങ്കിലും അവരുടെ പൌരത്വമുള്ള യുവതിയല്ല കാണാതാകുന്നത്. ലിഗയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസ് ഐറിഷ് പൌരന്‍ ആണെങ്കിലും ആന്‍ഡ്രൂസ്-ലിഗ വിവാഹം നിയമാനുസൃതമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ലിഗയുടെ തിരോധാനവും മരണവും ഐറിഷ് എംബസിയുടെ മുന്നിലുള്ള പ്രശ്നമാകുന്നില്ല. അപ്പോള്‍ ഇടപെടേണ്ടത് ലാത്വിയ എംബസിയായിരുന്നു. ലാത്വിയ വളരെ ചെറിയ ഒരു രാജ്യമാണ്. എംബസി രീതികള്‍ പരിമിതവും. അതുകൊണ്ട് തന്നെ വളരെ ശക്തമായ നടപടികള്‍ എംബസി ഭാഗത്ത് നിന്ന് വരില്ലെന്നാണ് ഇല്‍സ നല്‍കുന്ന സൂചനയും ഇവരുടെ വിശ്വാസവും.

എന്തായാലും ഇരു എംബസി തലത്തിലും ഫലപ്രദമായ ഇടപെടല്‍ വന്നില്ല. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും ലിഗയുടെ സഹോദരി ഇല്‍സയുമാണെങ്കില്‍ ഇവിടെ സ്വന്തം നിലയിലുള്ള അന്വേഷണവും ഹേബിയസ് കോര്‍പസ് പോലുള്ള ഹര്‍ജിയുമാണ്‌ ഇവര്‍ ആലംബമാക്കിയത്.

കഴിഞ്ഞ മാര്‍ച്ച് 14 ന് കോവളത്ത് വെച്ചാണ് ലിഗ അപ്രത്യക്ഷമാകുന്നത്. ലിഗയുടെ സഹോദരി ഇല്‍സ കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌ പുറപ്പെടുവിച്ചു.

ഈ കേസില്‍ ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ മുന്നോട്ട് പോകുന്നതിന്നിടെയാണ് ലിഗയുടെ മൃതദേഹം കോവളം ബീച്ചില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെ തിരുവല്ലത്തെ ആളൊഴിഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തുന്നത്.

ലിഗ ലാത്വിയ സ്വദേശിയും ഭര്‍ത്താവ് ആന്‍ഡ്രൂസ് ഐറിഷ് സ്വദേശിയുമാണ്‌. ആന്‍ഡ്രൂസും ലിഗയും നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലാത്വിയന്‍ രീതിയനുസരിച്ച് പരസ്പരം ഇഷ്ടപ്പെട്ടു ഒരുമിച്ച് ജീവിക്കുകയായിരുന്നു ഇവര്‍.

ഇതിന്നിടയിലാണ് ലിഗയുടെ വിഷാദരോഗത്തിനു ചികിത്സ തേടി ഇവര്‍ കേരളത്തില്‍ എത്തുന്നതും ദുരൂഹമായ സാഹചര്യത്തില്‍ മരണമടയുന്നതും. ഇന്ത്യയിലെ ഐറിഷ്-ലാത്വിയ എംബസികളുടെ സഹായം തേടാതെ സര്‍ക്കാരിലും പൊലീസിലും വിശ്വാസമര്‍പ്പിക്കാതെ സ്വന്തം നിലയില്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു ലിഗയുടെ സഹോദരി ഇല്‍സയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും.

ഫലപ്രദമായ രീതിയില്‍ എംബസി സഹായം ഉറപ്പുവരുത്തുന്നതിലും ഇവര്‍ക്ക് വീഴ്ച പറ്റുകയും ചെയ്തു. സര്‍ക്കാരും കേരളാ പോലീസും സര്‍ക്കാരും തങ്ങളെ സഹായിക്കില്ല എന്ന വിശ്വാസവും ഇവരില്‍ രൂഡമൂലമായിരുന്നു. മാധ്യമങ്ങളും അശ്വതി ജ്വാലപോലുള്ള സാമൂഹിക പ്രവര്‍ത്തകരും മാത്രമാണ് ആന്‍ഡ്രൂസും ലിഗയ്ക്കും തുണയായി ഒപ്പമുണ്ടായിരുന്നത്. ഇപ്പോള്‍ ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു.

പൊലീസ് ലാഘവത്തോടെ പെരുമാറി. പരാതി കിട്ടി ഉടനടി പൊലീസ് ഊര്‍ജിതമായി നീങ്ങിയെങ്കില്‍ ഈ മരണം ഉണ്ടാവുമായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ അവധിയാഘോഷിക്കാന്‍ പോയതാവാമെന്ന മനോഭാവമായിരുന്നു പൊലീസ് പുലര്‍ത്തിയത്.

പരാതി നല്‍കിയെങ്കിലും അന്വേഷണപുരോഗതി സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കിയില്ല. തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കേള്‍ക്കാനോ അതനുസരിച്ച് അന്വേഷണം നീക്കാനോ പോലീസ് തയ്യാറായതുമില്ല. ആന്‍ഡ്രൂസും ഇല്‍സയും ആക്ഷേപിക്കുന്നു. ഇപ്പോള്‍ അവര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു. ഇന്ന് ഒരു പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നീക്കങ്ങള്‍ നടത്താനാണ് ഇല്‍സയും ആന്‍ഡ്രൂസും ഇപ്പോള്‍ കാത്തിരിക്കുന്നത്.