വ​ട​ക്ക​ന്‍ വ​ലി​യ നേ​താ​വൊ​ന്നും ആ​യി​രു​ന്നി​ല്ലെന്ന് രാഹുല്‍ ഗാന്ധി

റായ്പുര്‍: മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ വലിയ നേതാവൊന്നും ആയിരുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വടക്കനെ തള്ളിപ്പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് രാഹുല്‍ തയാറായില്ല.

നേരത്തെ, വടക്കനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. വടക്കന്‍ ശല്യക്കാരനായിരുന്നെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ടോം വടക്കനെക്കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനത്തെക്കുറിച്ച്‌ പറഞ്ഞു കേട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു.