വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പെരുകുന്നു

ഗള്‍ഫ്: കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കടക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പെരുകുന്നു. വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ വ്യാജ വിസ പതിപ്പിച്ചാണ് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നത്. വിദേശ പൗരന്മാര്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടും വ്യാജ വിസയും തയ്യാറാക്കി നല്‍കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കൊടുംക്രിമിനലായ ബംഗ്ലാദേശ് സ്വദേശിയായ പിടികിട്ടാപ്പുള്ളിയെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.കുവൈറ്റിലേക്ക് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കടക്കാന്‍ ശ്രമിച്ച 6 ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയിലായതിന് പിന്നാലെയാണ് ഈ സംഭവം.

ഗള്‍ഫിലെ ചില ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ചും വ്യാജ രേഖകള്‍ തയ്യാറാക്കുന്ന വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ നിന്നും പങ്കു പറ്റുന്ന ചില ഉദ്യോഗസ്ഥരും, സാമൂഹ്യപ്രവര്‍ത്തകരുമാണ് ഈ റാക്കറ്റുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നതെന്നാണ് ആരോപണം.