വ്യാജവാർത്തകളുടെ പ്രളയകാലം

ഋഷി ദാസ്. എസ്സ്.

വാർത്തകൾ സമൂഹത്തിലൂടെ അനുസ്യൂതം പ്രവഹിക്കുന്നത് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും , ജനാധിപത്യത്തിന്റെയും സുഗമവും സുസ്ഥിരവുമായ നിലനിൽപ്പിന്റെ അടിസ്ഥാനപരമായ ഒരു ഘടകമാണെന്നാണ് ആധുനിക രാഷ്ട്രമീമാംസക്കാർ അഭിപ്രായപ്പെട്ടിട്ടുള്ളത് .

പക്ഷെ ഇക്കാലത്ത് വാർത്തയും വ്യാജവാർത്തയും തമ്മിലുള്ള അന്തരം ദിനം തോറും നേർത്തു നേർത്തു വരികയാണ്. ഏതാണ് വ്യാജൻ ഏതാണ് ഒറിജിനൽ എന്നതിൽ വലിയ ഒരു സന്നിഗ്ദ്ധതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നമ്മുടെ കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ വാർത്തകളായി മാറുമ്പോൾ അവയിൽ വന്നുപെടുന്ന അന്തരം പലപ്പോഴും നമ്മെ ശരിക്കും ഞെട്ടിക്കും.

ഈ അടുത്തകാലത്ത് ലേഖകന്റെ കൈയിൽ കഴിഞ്ഞ രണ്ടരക്കൊല്ലമായുള്ള ഒരു സുപ്രീം കോടതി വിധിയെപ്പറ്റി ഒരു പത്രത്തിൽ വന്ന വാർത്ത ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്തു. കോടതിവിധി എന്ന മട്ടിൽ ആ വിധിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ആ വാർത്തയിൽ നിറഞ്ഞു നിന്നിരുന്നത്. ആ ”വാർത്ത ” ഒരു വാർത്ത അല്ലെന്നുറപ്പ്. പിന്നെ എന്താണെന്ന് ചോദിച്ചാൽ അതൊരു വ്യജവാർത്തയോ ,”കൂലിവ്യാജ ” വാർത്തയോ ആകാം എന്ന അനുമാനം മാത്രമേ നമുക്ക നടത്താനാകൂ.

Image result for fake news

വ്യാജവാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും അവയിൽ മുതലെടുപ്പ് നടത്തുന്നതുമൊക്കെ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജന്മാവകാശമാണ് എന്ന നിലയിലാണ് ചില മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും പെരുമാറുന്നത് എന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്. വ്യാജവാർത്തകൾക്കെതിരെ പൊതുജനം പ്രതികരിക്കുന്ന സന്ദര്ഭങ്ങളും നാം അടുത്തകാലത്ത് കാണുകയുണ്ടായി . അത്തരം പൊതുജന നീക്കങ്ങളിലാണ് സത്യത്തിന്റെ നിലനിൽപ്പ് കുടികൊള്ളുന്നത്.

വർത്തയെയും , വ്യാജവാർത്തയെയും , വിശ്വാസ്യതയേയും പറ്റി പറയുമ്പോൾ എന്താണ് വാർത്ത എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും

എന്താണ് വാർത്ത(news) ?

സംഭവങ്ങളും വ്യക്തികളും സാധാരണ നിലയിൽനിന്ന്(normality) വ്യതിചലിക്കുമ്പോഴാണ് വാർത്ത സൃഷ്ടിക്കപ്പെടുന്നത്. എല്ലാം സാധാരണഗതിയിൽ നടന്നുപോകുമ്പോൾ അത് ഒരു വാർത്തയും സൃഷ്ടിക്കുന്നില്ല. ഒരു സമൂഹത്തിൽ എല്ലാം സാധാരണഗതിയിൽ നടക്കുമ്പോൾ ,നിയമാനുസൃതമായി നടക്കുമ്പോൾ ഒരു വാർത്തയും സൃഷ്ടിക്കപ്പെടുന്നില്ല.

മേല്പറഞ്ഞതിന്റെ ഗണിത ആധാരം സുപ്രസിദ്ധമായ വിവര സിദ്ധാന്തത്തിലെ( information theory) അലംഘനീയമായ പ്രപഞ്ച നിയമങ്ങളാണ്. വിവരസിദ്ധാന്ത പ്രകാരം സുനിശ്ചിതമായ സംഭവങ്ങൾ ,ഇൻഫർമേഷൻ ,വിവരം ,വാർത്ത ഇവയൊന്നും സൃഷ്ടിക്കുന്നില്ല. ഒരു സംഭവം, ഇൻഫർമേഷൻ ,വിവരം ,വാർത്ത ഇവ സൃഷ്ടിക്കണമെങ്കിൽ ആ സംഭവത്തിൽ എന്തെങ്കിലും അനിശ്ചിതത്വം ( uncertainity) അടങ്ങിയിരിക്കണം.

Image result for fake news

ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കിൽ ”നാളെ സൂര്യൻ ഉദിക്കും” എന്ന പ്രസ്താവനയിൽ വിവരമോ വാർത്തയോ അടങ്ങിയിട്ടില്ല. കാരണം ലളിതമാണ്. ഇത് നാളെ നിശ്ചയമായും സംഭവിക്കാൻ പോകുന്ന( 100% certain) ഒരു കാര്യമാണ്. പക്ഷെ ഏതെങ്കിലും സംഭവം നിശ്ചിതമല്ലെങ്കിൽ വിവരവും വാർത്തയും സൃഷ്ടിക്കപ്പെടുന്നു .

അനിശ്ചിതത്വം എത്ര കൂടുതലാണോ അത്രയും കൂടുതലായിരിക്കും ആ സംഭവം സൃഷ്ടിക്കുന്ന വിവരത്തിന്റെയും വാർത്തയുടെയും അളവ്. തിരഞ്ഞെടുപ്പുകൾ വലിയ വാർത്ത പ്രാധാന്യം നേടുന്നത് തിരഞ്ഞെടുപ്പുകളിൽ അന്തർലീനമായ അനിശ്ചിതത്വം ഒന്നുകൊണ്ടു മാത്രമാണ്.

മേല്പറഞ്ഞ തത്വങ്ങളുടെ കരുതിക്കൂട്ടിയുള്ള നിഷേധമാണ് വ്യാജ വാർത്ത. വ്യാജവാർത്തകൾ പലതരത്തിൽ സൃഷ്ടിക്കപ്പെടാം. സിനിമ താരങ്ങളുമായി ബന്ധപ്പെട്ട ബാലിശമായ അസംബന്ധങ്ങൾ വാർത്തയാക്കുന്നത് ഒരു തരം വ്യാജ വാർത്ത തന്നെയാണ്.

അവിടെ വാർത്തക്കാധാരം ആ വാർത്തയിലെ വ്യക്തി സാധാരണക്കാരനല്ല എന്ന മുൻവിധിയാണ്. മറ്റൊരു തരം വ്യാജ വാർത്ത കരുതിക്കൂട്ടിയുള്ള , വിവരങ്ങളുടെയും വസ്തുതകളുടെയും നിരാകരണമോ ,വളച്ചൊടിക്കലോ ,തെറ്റായ അവതരണമോ ആണ്. നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ സംഭവവും വാർത്തകളുടെ വളച്ചൊടിക്കലിനും , നിരാകരണത്തിനും ഉദാഹരണങ്ങളാണ്.

Related image

മിക്ക പ്രമാദമായ സംഭവങ്ങളിലും യഥാർത്ഥ വസ്തുതകൾ തമസ്കരിക്കപ്പെടുകയും മാധ്യമങ്ങൾക്കു താല്പര്യമുള്ള വിഷയങ്ങൾ വാർത്തകളായി അവതരിക്കപ്പെടുകയും ചെയ്യുന്നതുകാണാം. ഈ അടുത്തകാലത്ത് വോട്ടിങ് യന്ത്രങ്ങളെപ്പറ്റി സൃഷ്ടിക്കപ്പെട്ട ചില വാർത്തകൾ വളരെ രസകരമാണ്. ആരാണ് വാർത്തയുടെ സോഴ്സ് – ഏതോ ഒരു ഹാക്കർ , പറയുന്നതിന് തെളിവുണ്ടോ -ഇല്ല. ഇലെക്ഷൻ കമ്മീഷൻ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിച്ചപ്പോൾ ഈ ഹാക്കർ ”യന്ത്രം ” ഹാക്ക് ചെയ്തോ ,അതൊന്നും വിഷയമല്ല.

ഈ വിഷയം നിരീക്ഷിച്ചാൽ മനസിലാകുന്ന ഒന്നുണ്ട്. ശരിക്കുള്ള വിവരങ്ങളെ തമസ്കരിക്കാനോ , നിസ്സാരവത്കരിക്കാനോ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെയും , ഈ വിഷയത്തിന്റെ സാങ്കേതികതയിൽ ആധികാരികമായി അഭിപ്രായം പറയാനാവുന്നവരുടെയും വാക്കുകൾ വാർത്തകൾ ആകുന്നില്ല . ”

”അമേരിക്കൻ ” ( ??? ) ഹാക്കറുടെ വാക്കുകളാണ് വാർത്ത. ഹാക്കെർക്ക് തെളിവുകൾ ഒന്നും ഹാജരാക്കാനില്ല എന്നതൊന്നും വാർത്ത പൊലിപ്പിക്കാൻ ഒരു തടസ്സമല്ല.

വാർത്തകൾക്ക് വിവര സിദ്ധാന്ത(information theory ) പ്രകാരം ഒരു സാങ്കേതിക അടിത്തറ തന്നെയുണ്ട്. വിവര സിദ്ധാന്ത പ്രകാരം ഇൻഫർമേഷൻ (വിവരം) കൃത്യവും ,പൂർണ്ണവും , കണിശവും ( accurate ,complete & precise) ആയിരിക്കണം. ഈ തത്വം പാലിക്കാത്ത വാർത്തകൾ പ്രചരിക്കുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്താൽ പിന്നീട് മൗലികമായ വാർത്ത പുനഃസൃഷ്ടിക്കാൻ കഴിയില്ല.

വ്യാജവാർത്തകൾ സത്യത്തെ മാത്രമല്ല സമൂഹത്തെയും മുറിവേല്പിക്കുകയും ,ചതിക്കുകയും ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്.