വ്യാജരേഖാ കേസ്: വൈദികര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ പ്രതികളായ വൈദികര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ ചമച്ചെന്ന കേസിലാണ് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടിനും ഫാദര്‍ ആന്റണി കല്ലൂക്കാരനും ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കര്‍ദ്ദിനാളിനെ വഞ്ചിക്കാനായി പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്ന് പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം എന്നതുള്‍പ്പടെയുള്ള ഉപാധികളോടെയാണ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിതതാത്പര്യമെന്തെന്ന് ചോദിച്ച കോടതി വ്യാജരേഖ നിര്‍മിച്ചുവെന്ന ഐപിസി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റ് തെളിവുകളുണ്ടോ എന്നും, പ്രതികള്‍ സമൂഹത്തില്‍ വിലയുള്ളവരല്ലേ എന്നും കോടതി ചോദിച്ചു.

ഇതേത്തുടര്‍ന്നാണ് ഉപാധികളോടെ ഇരുവൈദികര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ് ജോസഫ് അറിയിച്ചു..