വോയേജർ – നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യ സൃഷ്ടി ! (ഭാഗം മൂന്ന് )

 


ജൂലിയസ് മാനുവൽ

അങ്ങിനെ 1980 ആഗസ്റ്റില്‍ വോയേജര്‍ ഒന്നിന്‍റെ ശനി ഗ്രഹത്തിലെ ടൂര്‍ ആരംഭിച്ചു . ഇതേ സമയം യൂറാനസിന്റെ ഭ്രമണപഥത്തില്‍ എത്തിയിരുന്ന പയനിയര്‍ പത്ത് എന്ന പേടകമായിരുന്നു പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുണ്ടായിരുന്നു മനുഷ്യ നിര്‍മ്മിത വസ്തു ! വോയേജര്‍ ഒന്നിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്ന ടൈറ്റന്‍ തന്നെ ആയിരുന്നു ആദ്യ ഉന്നം . 6,490 km അടുത്ത് വരെ ചെന്നാണ് വോയേജര്‍ ടൈറ്റനെ നിരീക്ഷിച്ചത് . വോയേജര്‍ രണ്ട് അതേ സമയം മറ്റു ഉപഗ്രഹങ്ങളില്‍ നിരീക്ഷണം നടത്തുകയായിരുന്നു . മറ്റു പല ഉപഗ്രഹങ്ങളിലും അന്തരീക്ഷം നാമ മാത്രമായി ആണ് ഉണ്ടായിരുന്നതെങ്കില്‍ ടൈറ്റന്‍ പക്ഷെ വളരെ വ്യത്യസ്തനായിരുന്നു. സൌരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമായ ടൈറ്റന് അത്യാവശ്യം കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നു .

പ്രകാശത്തിന്റെ തരംഗ സ്വഭാവം കണ്ടെത്തിയ ക്രിസ്റ്റ്യന്‍ ഹൈജന്‍സ്‌ തന്നെയാണ് 1655 ല്‍ ടൈറ്റനെ ലോകത്തിനു പരിചയപ്പെടുത്തിയത് . വോയേജര്‍ ഒന്ന് പേടകം വ്യാഴത്തിന്‍റെ ഉപഗ്രഹമായ ഗണിമീഡിന്‍റെ അരികില്‍ എത്തുന്നത്‌ വരെയും ഏറ്റവും വലിയ ഉപഗ്രഹം എന്ന പദവി അലങ്കരിച്ചിരുന്നത് ടൈറ്റന്‍ ആയിരുന്നു . കട്ടിയുള്ള അന്തരീക്ഷം ഈ ഉപഗ്രഹത്തിന്‍റെ ഉള്ളിലെ ക്ലിയര്‍ ഫോട്ടോകള്‍ എടുക്കുന്നതിനും മറ്റു പഠനങ്ങള്‍ക്കും അസാധ്യമാക്കി തീര്‍ത്തു . ജലവും ഐസും പാറകളും നിറഞ്ഞതാണ്‌ ടൈറ്റന്റെ ഉപരിതലം .

ഭൂമിയെക്കാള്‍ സാന്ദ്രത കൂടിയ ടൈറ്റന്റെ അന്തരീക്ഷത്തില്‍ ധാരാളം നൈട്രജന്‍ ഉണ്ട് . മറ്റൊരു പ്രത്യേകത ഈ ഉപഗ്രഹത്തിന്‍റെ ഉപരിതലം കറങ്ങുന്നതിനേക്കാള്‍ വേഗതയില്‍ ആണ് അന്തരീക്ഷം കറങ്ങുന്നത് എന്നതാണ് . ശുക്രനാണ് ഈ പ്രത്യേകതയുള്ള മറ്റൊരു ഗ്രഹം . ശനിയുടെ മറ്റൊരു ഉപഗ്രഹമായ Tethys നെ അടുത്ത് ചെന്ന് പഠിച്ചത് വോയേജര്‍ രണ്ട് ആണ് . പൂര്‍ണ്ണമായും ഐസ് കൊണ്ട് മൂടിയ ഈ ഉപഗ്രഹം ആണ് വോയേജര്‍ സഹോദര്ന്മ്മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ പാകത്തില്‍ ഏറ്റവും കൂടുതല്‍ തവണ പല പോസുകളില്‍ നിന്നു കൊടുത്തത് . വെറും 396 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള , ശനിയുടെ ഉപഗ്രഹമായ Mimas ആയിരുന്നു മറ്റൊരു കൌതുകകരമായ കാഴ്ച്ച .

ശൂന്യാകാശത്ത് നാം കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും മറ്റു വസ്തുക്കളിലും വെച്ച് , ഗോളാകൃതിയില്‍ ഉള്ള ഏറ്റവും ചെറിയ വസ്തു ആണ് മിമാസ് ! 130 കിലോമീറ്റര്‍ വീതിയുള്ള Herschel എന്ന പടുകൂറ്റന്‍ കുഴി മിമാസിന്‍റെ മുഖം ആകെ വികൃതമാക്കിയിരിക്കുകയാണ് ! ശനിക്ക്‌ ചുറ്റുമുള്ള വളയങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ ഐസ് പൊടികള്‍ സപ്ലൈ ചെയ്യുന്ന എന്‍സിലേഡസ് എന്ന തണുത്ത കുഞ്ഞന്‍ ഉപഗ്രഹമായിരുന്നു വോയെജറിന്റെ അടുത്ത ഇര .

എന്‍സിലേഡസിന്‍റെ ഉപരിതലത്തില്‍ നിന്നും പാറിപ്പറന്നു ഉയരുന്ന ഐസ് തരികള്‍ ശനി , അയല്‍ക്കാരനായ വ്യാഴം ചെയ്യുന്നത് പോലെ തന്നെ വലിച്ചെടുക്കുകയും അത് പിന്നീട് ശനിക്ക്‌ ചുറ്റുമുള്ള അനേകം റിംഗ് കളില്‍ ഒന്നായി മാറുകയും ചെയ്യുന്നു.

ഇരുമ്പും നിക്കലും കൂടിയ അകകാമ്പ് , അതിന് പുറമേ മെറ്റാലിക് ഹൈഡ്രജന്‍ ( കനത്ത സമ്മര്‍ദത്തില്‍ മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥ ), പിന്നെ ദ്രാവക രൂപത്തില്‍ ഉള്ള ഹൈഡ്രജനും ഹീലിയവും , ഏറ്റവും പുറമേ അനേകായിരം കിലോമീറ്ററുകള്‍ ഘനത്തില്‍ വാതക ആവരണം ! …. അവിടെ ആയിരം മൈലുകള്‍ വേഗതയില്‍ വീശിയടിക്കുന്ന അനേകം ചുഴലിക്കാറ്റുകള്‍ ! .. ഭീതിജനകമായ ഈ ലോകമാണ് വോയെജറുകള്‍ കണ്ട ശനി ! അറുപത്തി രണ്ട് ഉപഗ്രഹങ്ങളുടെ അകമ്പടിയോടെ ( ഇതില്‍ അന്‍പത്തി മൂന്ന് എന്നതിന് മാത്രമേ പേര് നല്‍കിയിട്ടുള്ളൂ ) സൂര്യനെ ചുറ്റുന്ന ഈ വാതക ഭീമന് ചുറ്റും പേരിടാത്ത നൂറുകണക്കിന് കുഞ്ഞ് ചന്ദ്രന്മ്മാരും (moonlets) കിടന്ന് വട്ടം തിരിയുന്നുണ്ട്‌ .

വോയേജര്‍ കണ്ടു പിടിച്ച വിചിത്രമായ ഒരു കാര്യം ഉള്ളത് ശനിയുടെ ഉത്തര ധ്രുവത്തില്‍ ആണ് . അവിടെ ഹെക്സഗണ്‍ ( ആറു വശങ്ങള്‍ ഉള്ള ഒരു ജാമ്യതീയ നിര്‍മ്മിതി ) ആകൃതിയില്‍ ഉള്ള ഒരു അടയാളം ആണ് . അത് ഐസ് മൂടിയ ധ്രുവം തന്നെ ആണോ അതോ ആതേ ആകൃതിയില്‍ കിടന്ന് വട്ടം ചുറ്റുന്ന ഒരു പടുകൂറ്റന്‍ മേഘം ആണോ എന്ന കാര്യത്തില്‍ ഇന്ന് വരെയും തീര്‍പ്പ് ആയിട്ടില്ല . ഞെട്ടിപ്പിക്കുന്ന വസ്തുത , ഇതിന്‍റെ ആറു വശങ്ങളില്‍ ഒന്നിന് മാത്രം ഭൂമിയുടെ വ്യാസത്തെക്കാള്‍ ദൈര്‍ഘ്യം ഉണ്ടെന്നുള്ളതാണ് !!!

ഇതേ സമയം ശനിയുടെ ദക്ഷിണ ധ്രുവത്തില്‍ വോയേജര്‍ കണ്ടെത് , മണിക്കൂറില്‍ 550 km വേഗതയില്‍ ആഞ്ഞടിക്കുന്ന , ഭൂമിയുടെ അത്രയം തന്നെ വലിപ്പം വരുന്ന ഒരു കൂറ്റന്‍ ചുഴലിക്കാറ്റിനെ ആണ് ! ശനിയുടെ ഉപരിതലത്തില്‍ നിന്നും ബഹിരാകാശത്തില്‍ 120,700 കിലോ മീറ്റര്‍ ദൂരത്തേക്ക് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വളയങ്ങള്‍ ആണ് വോയേജര്‍ കണ്ട മറ്റൊരു വിസ്മയ കാഴ്ച്ച ! പല അടുക്കുകള്‍ ആയുള്ള ഈ വളയത്തിന്റെ ഉത്ഭവം പക്ഷെ ശാസ്ത്രഞ്ഞരെ കുഴപ്പിക്കുന്നതാണ് . റിങ്ങിന്റെ ചെറിയൊരു ഭാഗം ഉപഗ്രഹമായ എന്‍സിലേഡസിന്‍റെ ഉപരിതലത്തില്‍ നിന്നും പാറിപ്പറന്നു ഉയരുന്ന ഐസ് തരികള്‍ ആണെങ്കിലും ഭൂരി ഭാഗം വരുന്ന ബാക്കിയുടെ കഥ വേറെ ആണ് . പണ്ടെങ്ങോ ശനിയെ ചുറ്റികറങ്ങിയിരുന്ന ഒരു ഉപഗ്രഹം അത്ജാതമായ കാരണങ്ങളാല്‍ പൊട്ടി തെറിക്കുകയും അവയില്‍ നിന്നും ഉണ്ടായ പാറകളും പൊടികളും കൊണ്ടാണ് ഈ വളയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നും ആണ് ഒരു അനുമാനം .

ഇതിനിടക്ക്‌ ശനിക്ക്‌ ചുറ്റും കറങ്ങി നടന്നു മുക്കും മൂലയും ഫോട്ടോകളെടുത്ത വോയേജര്‍ ഒന്നിന്‍റെ ക്യാമെറാ കണ്ണുകളില്‍ അന്ന് വരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലായിരുന്ന രണ്ടു മൂന്നു ഉപഗ്രഹങ്ങള്‍ കൂടി പതിഞ്ഞു ! പണ്ടോറയും , പ്രോമിത്യൂസും ! പിന്നെ അറ്റ്‌ ലസും . ഇതില്‍ പ്രൊമിത്യൂസ് , ശനിയുടെ വളയങ്ങളില്‍ കൂടി സഞ്ചരിച്ച് അവിടെയുള്ള പൊടിയും മറ്റും കുറേശെ “മോഷ്ടിക്കുന്ന ” വിരുതനാണ് ! ശനിയുടെ വേറെ രണ്ടു ഉപഗ്രഹങ്ങളായ ജാനുസിന്റെയും എപിമെത്യൂസിന്റെയും കഥ ഇതിലും വിചിത്രമാണ് . കാരണം മറ്റൊന്നുമല്ല , രണ്ടു പേരും ശനിയെ ചുറ്റാന്‍ ഉപയോഗിക്കുന്നത് ഒരേ ഭ്രമണപഥമാണ് !! തല്‍ക്കാലം ശനിയുടെ “അപഹാരം ‘ ഇവിടെ നില്‍ക്കട്ടെ .

1980 ഡിസംബര്‍ പതിനാലിന് വോയേജര്‍ ഒന്നിന്‍റെ ജീവിതത്തിന്‍റെ ഒന്നാം ഘട്ടം അവസാനിച്ചതായി നാസ അറിയിച്ചു . സത്യത്തില്‍ വോയേജര്‍ ഒന്ന് ശനിയുടെ ചുറ്റും കിടന്ന് കറങ്ങുമ്പോള്‍ , വോയേജര്‍ രണ്ട് അപ്പോഴും വ്യാഴത്തെ പഠിക്കുകയായിരുന്നു . ഇത്രയും നാള്‍ ഏകദേശം സമാന്തര വഴികളില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വോയേജര്‍ ബ്രതെഴ്സ് പിരിയാന്‍ നേരമായി . വോയേജര്‍ രണ്ട് വ്യാഴത്തിന് ശേഷം ശനിയുടെ അടുക്കല്‍ എത്തുകയും അതിന് ശേഷം യൂറാനസും നെപ്ട്യൂ ണും സന്ദര്‍ശിക്കുകയും ചെയ്യും .

ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വോയേജര്‍ ഒന്നിനെ ശനിക്ക്‌ ചുറ്റും ഇട്ടു കറക്കി അസാമാന്യ വേഗത കൈവരിപ്പിച്ച് അനന്ത വിശാലമായ പ്രപഞ്ചത്തിന്റെ അന്തരാളങ്ങളിലേക്ക് ” എറിഞ്ഞു ‘ കൊടുക്കുവാന്‍ നാസ തീരുമാനിച്ചു . പ്ലൂട്ടോയുടെ ഭ്രമണപഥത്തിനപ്പുറതെക്കുള്ള ആ യാത്രയില്‍ സൌരയൂഥത്തി ന്‍റെ അതിര്‍ത്തികള്‍ വരെയും വോയേജര്‍ ഒന്ന് സഞ്ചരിക്കുമെന്നും അങ്ങിനെ എങ്കില്‍ ഇതുവരെ ഒരു മനുഷ്യ നിര്‍മ്മിത പേടകങ്ങളും കടന്നു ചെല്ലാത്ത ആ മേഖലയിലെ കുറച്ചു വിവരങ്ങള്‍ കൂടി വോയേജര്‍ ഒന്നിന് നല്‍കാനാവും എന്നും നാസ കണക്കു കൂട്ടി.
ഡീപ് സ്പേസ് നെറ്റ്‌വർക്ക്
വോയെജറുകളും പയനിയര്‍ പേടകങ്ങളും തുടങ്ങി ഇനി വിക്ഷേപിക്കാന്‍ പോകുന്ന ബഹിരാകാശ പേടകങ്ങളും ഭൂമിയിലേയ്ക്ക് അയക്കുന്ന സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ വേണ്ടി ഭൂലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാസ ഒരുക്കിയിരിക്കുന്ന താവളങ്ങള്‍ ആണ് Deep Space Network. അനേകം ആന്റീനകളുടെയും വിവധ വാര്‍ത്താവിനിമയ ഉപകരങ്ങളുടെയും സഹായത്തോടു കൂടെയാണ് ഈ ശൃംഗല ഒരുക്കിയിരിക്കുന്നത് . അമേരിക്കയിലെ കാലിഫോര്‍ണിയയിലും , സ്പെയിനിലെ Madrid ലും ആസ്ത്രേല്യയിലെ Canberra യിലും ആണ് ഈ നെറ്റ് വര്‍ക്കിന്റെ ഇപ്പോഴത്തെ താവളങ്ങള്‍ . വോയേജര്‍ രണ്ട് നെപ്ട്യൂനില്‍ എത്തുകയും വോയേജര്‍ ഒന്ന് അനന്ത വിശാലതയിലേക്ക്‌ ഊളിയിടുകയും ചെയ്തതോടെ ശക്തിയേറിയ ആന്റീനകള്‍ സ്ഥാപിച്ച് ഈ നിലയങ്ങളുടെ സ്വീകരണ ശേഷി പതിന്മ്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുകയുണ്ടായി . ചന്ദ്രയാനും മംഗള്‍യാനും ബഹിരാകാശത്ത് എത്തിയതോടെ നമ്മുടെ ഭാരതവും ഒരു Deep Space Network ആരംഭിച്ചു . ബംഗ്ലൂരില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള Byalalu എന്ന ഗ്രാമത്തില്‍ ആണി ഇത് സ്ഥിതി ചെയ്യുന്നത്.

ഡീപ് ഇൻ ടു ദി സ്പേസ്
ശനിയുടെ ഭ്രമണപഥത്തില്‍ നിന്നും ചുഴറ്റിയെറിയപ്പെട്ട വോയേജര്‍ ഒന്ന് മണിക്കൂറില്‍ 61,000 കിലോമീറ്റര്‍ വേഗതയില്‍ ആണ് സൌരയൂഥത്തിന്‍റെ അതിര്‍ത്തി ലക്ഷ്യമാക്കി പാഞ്ഞത് . കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇല്ലാത്തതിനാലും വൈദ്യതി ലാഭിക്കാനുമായി വോയെജറിന്റെ ക്യാമറകള്‍ കണ്ണടച്ചു ! ഇതേ സമയം നെപ്ട്യൂണ്‍ ഗ്രഹത്തില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട വോയേജര്‍ രണ്ട് മറ്റൊരു ദിശയില്‍ പുറത്തേക്കുള്ള തന്‍റെ പ്രയാണം ആരംഭിച്ചിരുന്നു . എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് അനന്തതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വോയേജര്‍ ഒന്നിനെ 1990 ഫെബ്രുവരി പതിനാലിന് നാസ വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചുണര്‍ത്തി ! ബാറ്ററികള്‍ തീരും മുന്‍പ് , എല്ലാം അവസാനിക്കും മുന്‍പ് ഒന്ന് തിരിഞ്ഞു നോക്കാനുള്ള അഭ്യര്‍ഥന ആയിരുന്നു അത് . വോയേജര്‍ ഒന്ന് എന്ന മനുഷ്യ രാശിയുടെ അഭിമാനമായ ആ പേടകം ആ അവസാന ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചു . തന്‍റെ ക്യാമെറ കണ്ണുകള്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് താന്‍ ജനിച്ച ഭൂമിയെന്ന ചെറു ഗ്രഹത്തിലേക്ക്‌ തിരിച്ച് വെച്ചു . അനന്തതയിലേക്ക് മറയും മുന്‍പേ ഒരു അവസാന തിരിഞ്ഞു നോട്ടം ! തന്‍റെ ഉള്ള ഊര്‍ജ്ജം ഉപയോഗിച്ച് അറുപതോളം ഫ്രെയ്മുകള്‍ ആണ് വോയേജര്‍ എടുത്ത് ഭൂമിയിലേക്ക്‌ അയച്ചത് . ആ സമയം മാതൃഗ്രഹത്തില്‍ നിന്നും ആറു ബില്ല്യന്‍ കിലോമീറ്ററുകള്‍ അകലെയായിരുന്നു പേടകം ! ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ നാല്‍പ്പതു ഇരട്ടി !!

വോയേജര്‍ എടുത്ത ആ അവസാന ചിത്രത്തില്‍ തിളങ്ങുന്ന ഒരു ചെറിയ നീല കുത്ത് (Pale Blue Dot) മാത്രമായിരുന്നു ഭൂമി ! ഇനിയൊരു ഗ്രഹമോ മറ്റു വലിയ പ്രാധാന്യമുള്ള വസ്തുക്കളോ വോയെജറിന്റെ അരികില്‍ എത്താന്‍ സാധ്യത ഇല്ലാത്തതിനാല്‍ വോയേജര്‍ തന്‍റെ ക്യാമറകളെ എന്നന്നേക്കുമായി ഓഫ്‌ ചെയ്തു . പക്ഷെ അപ്പോഴും വാര്‍ത്താവിനിമയ ഉപകരണങ്ങളും മറ്റു സംവേദന ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമം ആയിരുന്നു . അങ്ങിനെ ഇരിക്കെ 1998 ഫെബ്രുവരി പതിനേഴിന് തന്നെക്കാള്‍ മുന്നേ മറ്റൊരു ദിശയില്‍ പുറത്തേക്ക് സഞ്ചരിച്ചിരുന്ന പയനിയര്‍ പത്ത് എന്ന പേടകത്തെ പിറകിലാക്കി ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യ നിര്‍മ്മിത വസ്തു എന്ന ബഹുമതി വോയേജര്‍ ഒന്ന് സ്വന്തമാക്കി ! ഭീമാകാരനായ ശനിയില്‍ നിന്നും കൈവരിച്ച അതുല്യ വേഗതയാണ് ഈ നേട്ടത്തിന് വോയേജര്‍ ഒന്നിനെ സഹായിച്ചത് .

സത്യത്തില്‍ ആകെ അഞ്ച് ബഹിരാകാശ പേടകങ്ങള്‍ സൌരയൂഥത്തിനു പുറത്തേക്ക് “പിടിവിട്ട് ” പായുന്നുണ്ട്‌ . വോയേജര്‍ ഒന്ന് , വോയേജര്‍ രണ്ട് , പയനിയര്‍ പത്ത് , പയനിയര്‍ പതിനൊന്ന് , New Horizons എന്നിവയാണവ ! 1995 ല്‍ പയനിയര്‍ പതിനൊന്നും ആയുള്ള ബന്ധവും 2003 ജനുവരി അവസാനത്തോടെ പയനിയര്‍ പത്തും ആയുള്ള ബന്ധവും അറ്റുപോയി കഴിഞ്ഞു .

രണ്ടു വോയേജര്‍ പേടകങ്ങളും 2025 വരെ ഭൂമിയുമായി കോണ്ടാക്റ്റ് ചെയ്യും എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത് . അപ്പോഴേക്കും പ്ലൂട്ടോണിയം ഏതാണ്ട് മുഴുവനും തന്നെ ഡീകേ ചെയ്യപ്പെടും .

ഇനി വോയേജര്‍ ഒന്ന് നമ്മുടെ സൌരയൂഥം വിട്ട കഥ അറിയേണ്ടേ ? നമ്മുടെ സൌരയൂഥത്തിന്‍റെ അതിരുകളില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ ആണ് വോയേജര്‍ ഒന്ന് കണ്ടത് ? അറിയേണ്ടവര്‍ക്കായി നാലാം ഭാഗം തുടരും.