വോയേജർ – നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യ സൃഷ്ടി ! (ഭാഗം രണ്ട് )

 

ജൂലിയസ് മാനുവൽ

ആദ്യം വിക്ഷേപിച്ച പേടകത്തിനല്ലേ വോയേജര്‍ ഒന്ന് എന്ന് പേര് നല്‍കേണ്ടത് എന്ന് നാം സംശയിച്ചേക്കാം . 1977 ഓഗസ്റ്റ് ഇരുപതിനാണ് കേപ് കാനവറില്‍ നിന്നും വോയേജര്‍ രണ്ടു വിക്ഷേപിക്കുന്നത് . പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞാണ് അതേ സ്ഥലത്ത് നിന്നും വോയേജര്‍ ഒന്ന് വിക്ഷേപിക്കുന്നത് . രണ്ടു വാഹനങ്ങളും രണ്ടു പാതകള്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് മുന്‍പ് പറഞ്ഞിരുന്നുവല്ലോ . ഇരുവരും ശനിയും വ്യാഴവും സന്ദര്‍ശിക്കുകയും ചെയ്യും . പക്ഷെ വോയേജര്‍ രണ്ടിന്‍റെ പാത വോയേജര്‍ ഒന്നിന്‍റെ പാതയെക്കാള്‍ ദൈഘ്യം കൂടിയത് ആയിരുന്നു .

യൂറാനസും നെപ്ട്യൂണും കൂടി സന്ദര്‍ശിക്കെണ്ടതുള്ളത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത് . ഇരു ഗ്രഹങ്ങളുടെയും അരികില്‍ വോയേജര്‍ ഒന്നാണ് ( രണ്ടാമത് വിക്ഷേപിച്ചത് ആണെങ്കിലും പാത ചെറുതാകയാല്‍ ) ആദ്യം എത്തുക എന്ന് നാസയ്ക്ക് അറിയാമായിരുന്നു . അതുകൊണ്ടാണ് ആദ്യം എത്തുന്ന പേടകത്തിന്‌ വോയേജര്‍ ഒന്ന് എന്ന് നാമകരണം ചെയ്തത് . ഭൌമോപരിതലത്തില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ആണ് നാം ബഹിരാകാശം എന്ന് വിളിക്കുന്ന അനന്ത വിശാലമായ “ശൂന്യത ” ആരംഭിക്കുന്നത് .

നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന വസ്തുക്കള്‍ ഇല്ലാത്ത സ്ഥലത്തെ ആണല്ലോ പൊതുവേ ശൂന്യത എന്ന് പറയാറ് . വീണ്ടും ഉയരത്തിലേക്ക് മൂന്നൂറ്റി അറുപത് കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ International Space Station ദ്രിശ്യമാകും ! അറുന്നൂറു കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ അനന്ത വിശാലതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഹബിള്‍സ് ടെലിസ്കോപ്പ് നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും . വീണ്ടും ഉയരത്തില്‍ ഇരുപതിനായിരം കിലോമീറ്ററുകള്‍ അകലെ , നമ്മുടെ കയ്യില്‍ ഇരിക്കുന്ന മൊബൈലിലെ ഗൂഗിള്‍ മാപ്പിന് ദിശ പറഞ്ഞു കൊടുക്കുന്ന GPS ഉപഗ്രഹങ്ങള്‍ കറങ്ങി നടക്കുന്ന ” പ്രദേശം” കാണാം. പിന്നെയും ഉയരത്തില്‍ മുപ്പത്താറായിരം കിലോമീറ്ററുകള്‍ക്ക് മീതെ നമ്മുടെ ഇന്‍സാറ്റ് പോലുള്ള ഭൂസ്ഥിര- വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ പാറിക്കളിക്കുന്നത് കാണാം !

ഇപ്പറഞ്ഞ പലതും ശൂന്യാകാശത്ത് എത്തുന്നതിനു വളരെ മുന്‍പാണ് രണ്ടു വോയേജര്‍ പേടകങ്ങളും ഈകണ്ട കിലോമീറ്ററുകള്‍ ഒക്കെ താണ്ടി തങ്ങളുടെ പ്രയാണം ആരംഭിച്ചത് . ഇരു പേടകങ്ങളും ഒരുമിച്ചാണ് ച്ഹിന്ന ഗ്രഹങ്ങളുടെ വിഹാര കേന്ദ്രമായ asteroid belt ല്‍ പ്രവേശിച്ചത്‌ (Dec 10, 1977). കൃത്യം ഒന്‍പതു ദിവസങ്ങള്‍ കഴിഞ്ഞ് വോയേജര്‍ ഒന്ന് വോയേജര്‍ രണ്ടിനെ കടന്ന് മുന്നിലെത്തി ശരിക്കും വോയേജര്‍ ഒന്നാമന്‍ ആയി ! അടുത്ത വര്ഷം 1978 സെപ്തംബര്‍ എട്ടിന് വോയേജര്‍ ഒന്ന് പരുക്കുകള്‍ ഒന്നും കൂടാതെ ആസ്റ്ററോയിഡ് ബെല്‍റ്റ്‌ കടന്ന് പുറത്ത് ചാടി . ഒക്ടോബര്‍ 21 നു രണ്ടാം പേടകവും പിറകെ എത്തി . ഇതേ സമയം 1972 ല്‍ വിക്ഷേപിച്ച പയനിയര്‍ 10 എന്ന പേടകം ശനി ഗ്രഹതിന്‍റെ പാതക്കരികെ ഉണ്ടായിരുന്നു !

കത്തുന്ന നരകം!
==========
രണ്ടു വോയെജറുകളും പിന്നീട് ഗ്രഹങ്ങളുടെ രാജാവായ വ്യാഴത്തെ വലം വെക്കുവാന്‍ ആരംഭിച്ചു .1979 ല്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ ചിത്രങ്ങള്‍ വോയെജെറുകളുടെ ക്യാമെറാ കണ്ണുകള്‍ ഒപ്പിയെടുത്തു . പടുകൂറ്റന്‍ അഗ്നിപര്‍വ്വതങ്ങളാല്‍ തിളച്ചു മറിഞ്ഞ് പ്രക്ഷുബ്ധമായ കത്തുന്ന ഒരു നരക ലോകമാണ് ഇയോ ! ഭൂമിക്ക് വെളിയില്‍ ഒരു സജീവ അഗ്ന്നിപര്‍വ്വതം കണ്ടെത്തുന്നത് അന്ന് ആദ്യമായിരുന്നു! അഞ്ഞൂറ് കിലോമീറ്ററുകള്‍ ഉയരത്തില്‍ വരെ സള്‍ഫര്‍ പൊടിപടലങ്ങള്‍ ചീറ്റിയെറിയുന്ന ഭീമാകാരങ്ങലായ വോള്‍ക്കാനോകളുടെ ദ്രിശ്യങ്ങള്‍ ഇരു സഹോദര വാഹനങ്ങളും മാറി മാറി എടുത്തു . പെലെ എന്നാണ് ഈ ഭീമന്‍ അഗ്നിപര്‍വ്വതം ഇപ്പോള്‍ അറിയപ്പെടുന്നത് .

പെലെയുടെ പൊടി വീഴുന്ന ഭാഗത്തിനു ഫ്രാന്‍സിന്‍റെ അത്രയും വലിപ്പം ഉണ്ടായിരുന്നു ! വോയേജര്‍ ഒന്ന് 1979 മാര്‍ച്ച് അഞ്ചാം തീയതി ഇയോയുടെ 20,600 km അടുക്കല്‍ വരെ എത്തിയിരുന്നു . ( ഇയോ , നമ്മുടെ ചന്ദ്രനേക്കാള്‍ അല്‍പ്പം കൂടി വലുതാണ്‌ ). 67 ഉപഗ്രഹങ്ങളുടെ അകമ്പടിയോടെ സൂര്യനെ ചുറ്റുന്ന ഭീമാകാരനായ വ്യാഴംഗ്രഹവും അവന്‍റെ പ്രജകളും വോയേജര്‍ പേടകങ്ങള്‍ക്ക് അവര്‍ണ്ണനീയമായ ദ്രിശ്യങ്ങളുടെ ചാകര തന്നെ ആയിരുന്നു . വ്യാഴത്തിന്‍റെ മൂന്നാമത്തെ ഉപഗ്രഹമായ അമാല്‍തിയായുടെ അടുത്ത് എത്തിയപ്പോള്‍ വ്യാഴത്തെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളുടെയും ചുരുള്‍ നിവര്‍ന്നു ! പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത ഒരു ചുവന്ന ഉപഗ്രഹമാണ്‌ Amalthea.

എപ്പോഴും പൊട്ടി തെറിച്ചുകൊണ്ടിരിക്കുന്ന ഉപരിതലം . ഇതുമൂലം കനത്ത പൊടിയാണ് അമാല്‍തിയായുടെ ഉപരിതലത്തില്‍ നിന്നും ആകാശത്തിലേക്ക് ഉയരുന്നത് . പക്ഷെ പാവം അമാല്‍തിയായ്ക്ക് ഈ ഉയരുന്ന പൊടിപടലങ്ങളെ പോലും പിടിച്ചു നിര്‍ത്താനുള്ള ഗുരുത്വാകര്‍ഷണം ഇല്ല . ഇത് പോരാഞ്ഞിട്ട് ചേട്ടന്‍ വ്യാഴത്തിന്‍റെ വക ഒടുക്കത്തെ വലിയും ! (Tidal Force) . എന്തിനധികം പറയുന്നു, പറക്കുന്ന പൊടി മുഴുവനും അമാല്‍തിയായുടെ ആകാശം വിട്ട് വീണ്ടും മുകളിലേക്ക് പോകുകയാണ് ! എന്നിട്ടോ ചെന്ന്ഭീമന്‍ വ്യാഴത്തിന് ചുറ്റും കിടന്ന് കറക്കവും !

വോയേജര്‍ ഒന്നിന്‍റെ ക്യാമെറ കണ്ണുകള്‍ അപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിച്ചത് . ഈ പൊടി മുഴുവനും ചേര്‍ന്ന് വ്യാഴ ഗ്രഹത്തിന് ചുറ്റും ഒരു വളയം തീര്‍ത്തിരിക്കുന്നു ! അതെ , ശനിക്ക്‌ മാത്രമല്ല വ്യാഴത്തിന് ചുറ്റും റിംഗുകള്‍ ഉണ്ടെന്ന് അപ്പോഴാണ് നാം മനസ്സില്‍ ആക്കുന്നത് ! പല അടുക്കുകള്‍ ഉള്ള , വ്യാഴത്തിന്‍റെ ഈ റിംഗുകള്‍ എല്ലാം തന്നെ, തന്നെ ചുറ്റി വലം വെക്കുന്ന പാവം ഉപഗ്രഹങ്ങളുടെ പൊടി മുഴുവനും ഊറ്റിക്കുടിച്ച് ഉണ്ടാക്കിയെടുത്തതാണ് ! ഉപഗ്രഹങ്ങളുടെ പ്രതലം കൂടുതല്‍ കട്ടിയാകുന്നതോടെ ഈ പൊടി പറക്കല്‍ കുറയും എന്നാണ് കരുതപ്പെടുന്നത് .

അടുത്തതായി വോയെജറുകളുടെ കണ്ണില്‍ പെട്ടത് നയന മനോഹരമായ ഒരു കാഴ്ച്ച ആയിരുന്നു ! ചന്ദ്രനേക്കാള്‍ ഒരല്‍പം ചെറുതായ , ഒരു സുന്ദരന്‍ ഉപഗ്രഹം ! യൂറോപ്പ ! അഗ്നി പര്‍വ്വതങ്ങളും , ഉല്‍ക്കകളും ഉഴുതു മറിച്ചിട്ട , കുന്നും കുഴിയുമുള്ള മറ്റു ഗ്രഹങ്ങളുടെ ഉപരിതലങ്ങളെക്കാള്‍ മിനുസമേറിയതും സുന്ദരവും ആയിരുന്നു യൂറോപ്പായുടെ മുഖം . ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത് നമ്മുക്ക് ആകാംക്ഷ ഉണ്ടാക്കുന്ന ഒരു കാര്യമാണ് . എന്താണെന്നോ ഇത്ര മിനുസമായി യൂറോപ്പായുടെ ഉപരിതലത്തില്‍ കിടക്കുന്നത് കല്ലും മണ്ണും അല്ല , മറിച്ച് ജലവും ഐസും ആണ് !

ഭൂമിക്ക് പുറമേ എവിടെ ജലം കണ്ടാലും അതൊരു മഹാത്ഭുതമാണ് . കാരണം ജലമാണ് ജീവന്റെ ഈറ്റില്ലം ! മനുഷ്യ കുലത്തെയാകെ മോഹിപ്പിച്ച് , യൂറോപ്പായുടെ കുറേ സുന്ദരന്‍ ഫോട്ടോകള്‍ എടുത്തിട്ടാണ് വോയേജര്‍ സഹോദരന്മ്മാര്‍ അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയായത് . സൌരയൂഥത്തിലെ ഏറ്റവും വലുതും ഭാരം കൂടിയതുമായ ഉപഗ്രഹം ഗണിമീഡ് ആയിരുന്നു അടുത്തത് . ശാന്തനായ ഗണിമീഡിന്‍റെ അനേകം ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ച വോയേജര്‍ വാഹനങ്ങള്‍ ഇതിനോടകം സൌരയൂഥത്തിലെ രാക്ഷസനായ വ്യാഴത്തെ നന്നായി തന്നെ പഠിച്ചിരുന്നു .

വ്യാഴവും അതിന്‍റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളും തീര്‍ക്കുന്ന ബഹിരാകാശ ആവാസവ്യവസ്ഥ ഭാവിയില്‍ മനുഷ്യന് ഒരു താല്‍ക്കാലിക താവളം ഇവിടെ തീര്‍ക്കാന്‍ ഉതകുന്നതാണെന്ന് നാസ കരുതുന്നു . ഈ ഭാഗത്ത്‌ എവിടെയങ്കിലും ഒരു ബെയ്സ് സ്റേഷന്‍ ഭാവിയില്‍ നിര്‍മ്മിക്കണമെന്നും ഗ്രാവിറ്റിയുടെ സഹായത്താല്‍ പേടകങ്ങളെ കറക്കി വിടുന്ന ജോലി ആ നിലയത്തില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാം എന്നും ആണ് കണക്കു കൂട്ടുന്നത്‌ . ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വ്യാഴത്തിന്‍റെ ഒരു പ്രജയും സൌരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവും ആയ Callisto ആണ് !

റോക്കറ്റുകള്‍ക്ക് വേണ്ടുന്ന ഇന്ധനത്തിന്റെ ലഭ്യത , അഗ്നിപര്‍വ്വതങ്ങളുടെ സാധ്യത കുറവ് , കുറഞ്ഞ റേഡിയെഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് 2040 ശേഷം മനുഷ്യരെ തന്നെ കലിസ്ടോയിലേക്ക് പറഞ്ഞു വിടാന്‍ നാസയെ പ്രേരിപ്പിക്കുന്നത് . !

വ്യാഴത്തെ ചുറ്റി കറങ്ങുമ്പോള്‍ വോയേജര്‍ പേടകങ്ങളുടെ കണ്ണില്‍ പെട്ട പ്രധാന വസ്തു വ്യാഴന്റെ തിരുമുഖത്തെ ഒരു സിന്ദൂര പൊട്ട് ആണ് . ഭൂമിയുടെ നാല് ഇരട്ടി വലിപ്പമുള്ള ആ ചുവന്ന പാട് പതിനേഴാം നൂറ്റാണ്ടു മുതലാണ്‌ മനുഷ്യന്റെ ശ്രദ്ധയില്‍ പെട്ടത് . ഈ ചുവന്ന പാടിന്റെ കുറച്ചു നല്ല ഫോട്ടോകള്‍ ഭൂമിയില്‍ എത്തിയപ്പോള്‍ നമ്മുക്ക് ഒരു കാര്യം മനസ്സില്‍ ആയി , അത് ഒരു അനങ്ങുന്ന ജീവനുള്ള പൊട്ടാണ് എന്ന് ! മണിക്കൂറില്‍ നാനൂറു മൈല്‍ വേഗതയില്‍ ചുറ്റികറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ ചുഴലിക്കാറ്റായിരുന്നു അത് . ഇത്തരം ഒരു കാറ്റ് മുന്നൂറു നാനൂറു കൊല്ലങ്ങളോളം വീശിക്കൊണ്ടിരിക്കും എന്നതാണ് വ്യാഴത്തിലെ മറ്റൊരത്ഭുതം !

വ്യാഴന്റെ അന്തരീക്ഷത്തിലെ മുക്കാല്‍ഭാഗവും ഹൈഡ്രജന്‍ ആണ് ബാക്കി ഹീലിയവും . 1979 ഏപ്രില്‍ മാസത്തില്‍ വോയേജര്‍ ഒന്ന് വ്യാഴത്തെ ചുറ്റിപറ്റിയുള്ള തന്‍റെ കളികള്‍ എല്ലാം അവസാനിപ്പിച്ചു . അതേ വര്‍ഷം ആഗസ്റ്റില്‍ വോയേജര്‍ രണ്ടും വ്യാഴത്തോട്‌ വിട പറഞ്ഞു . ഇതേ സമയം പയനിയര്‍ പത്ത് എന്ന പേടകം യൂറാനസ് കഴിഞ്ഞും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയായിരുന്നു ! വ്യാഴത്തോട്‌ വിട പറഞ്ഞ് അസാമാന്യ വേഗത കൈവരിച്ച വോയേജര്‍ ഒന്ന് പേടകം 1980 ആഗസ്റ്റില്‍ ശനിയുടെ സാമ്രാജ്യത്തിലേക്ക് പ്രവേശിച്ചു . അവിടെയാണ് ജലവും അന്തരീക്ഷവും ഒക്കെയുള്ള സൌരയൂഥത്തിലെ രണ്ടാം ഭൂമിയെന്ന് വിശേഷിപ്പിക്കുന്ന , മനോഹരമായ ടൈറ്റന്‍ എന്ന ഉപഗ്രഹം സ്ഥിതി ചെയ്യുന്നത് !!!!!!

(തുടരും……..)