വോട്ടെടുപ്പ് മാറ്റണമെന്ന് കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളി

ബെംഗ്ലൂരു : വിശ്വാസ വോട്ടെടുപ്പ് മറ്റന്നാളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി സപീക്കര്‍ക്ക് കത്തയച്ചു. എന്നാല്‍ ആവശ്യം സ്പീക്കര്‍ തള്ളിയതായാണ് സൂചന.

അതേസമയം കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച്‌ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.

വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്‌. നാഗേഷും നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു. സഭാനടപടികള്‍ 11 മണിക്ക് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിമത എം.എല്‍.എ മാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.