വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി; സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ ഒരുമണിക്കൂറിലധികം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായ വിവരം കമ്മിഷന്‍ തന്നെ സമ്മതിക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ 8.19 മുതല്‍ 9.35വരെ സിസിടിവി ക്യാമറകളും സ്ട്രോങ് റൂമിന് പുറത്തു സ്ഥാപിച്ച എന്‍ഇഡി സ്ക്രീനും പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ഭോപ്പാല്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. വൈദ്യുത തകരാറാണ് കാരണം. വൈദ്യുതി തടസപ്പെടാതിരിക്കാന്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരുടെ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.