വൈത്തിരിയില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍; റിസോര്‍ട്ടിലെത്തിയത് നാലംഗ സംഘം

വയനാട്‌ : വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍. മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മാവോയിസ്റ്റ് സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി സൂചനയുണ്ട്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ റെയ്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് ജലീൽ. റിസോർട്ടിനുള്ളിലെ മീൻ കുളത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം . റിസോർട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും. റിസോർട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവർ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തിൽ കാട്ടിനുള്ളിൽ തണ്ടർബോൾട്ട് പരിശോധന തുടരുന്നു. ഐജിയുടെ നേതൃത്വത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നു.