വൈഎസ്‌ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍

അമരാവതി: വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ ദുരൂഹത ആരോപിച്ച്‌ പരാതി നല്‍കി. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

‘തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാല്‍ തന്നെ മരണ കാരണം അന്വേഷിച്ച്‌ കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്’, റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പൊലീസിനോട് പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.