‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. കാണാത്തളിര്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിശ്വജിത് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

യുവ താരം രാഹുല്‍ മാധവ് നായനായി എത്തുന്ന ഈ ചിത്രം ഇതിന്റെ ടൈറ്റില്‍ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശ്രാവ്യയാണ് നായികയായി എത്തുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകന്‍ ആയ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

ഒരു കുടുംബ കഥയും അതോടൊപ്പം പ്രണയ കഥയും പറയുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് മുരളി കൃഷ്ണ, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജു ബാബു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ഗായത്രി മയൂര, ദിശിനി, ദിലീപ്, അര്‍ജുന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം മാര്‍ച്ച് 9 നു തീയേറ്ററുകളിലെത്തും.