വേനല്‍ ചൂടില്‍  ആശ്വാസമേകാന്‍ കക്കിരി

 

വേനല്‍ ചൂടില്‍ ആശ്വാസമാകാന്‍ കക്കിരി. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കാനാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. കടുത്ത ചൂടില്‍ നിന്നും ആശ്വാസം കിട്ടും എന്നതുതന്നെ കാരണം. കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും.

കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കക്കിരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് കക്കിരി വിവിധ രീതികളില്‍ കഴിക്കാറുണ്ട്. അതില്‍ ഏറ്റവും രുചികരം കക്കിരി ജ്യൂസാണ്. പഴുത്തു പൊട്ടിയ കക്കിരി ഉടച്ചു ശര്‍ക്കരയും നാളികേരവും മിക്‌സ് ചെയ്യുന്നതാണ് കക്കിരി ജ്യൂസ്. വേനല്‍ക്കാലമായതോടെ റോഡരികിലും മറ്റുമായി ഇത്തരത്തിലുള്ള ജ്യൂസ് സ്റ്റാളുകള്‍ സജീവമായിക്കഴിഞ്ഞു.

ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം കക്കിരി വട്ടത്തില്‍ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തില്‍ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനീയമാണ്.

കക്കിരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കക്കിരി മുറിച്ച് കണ്‍പോളയില്‍ വെക്കുന്നതും തണുപ്പ് കിട്ടാന്‍ നല്ലതാണ്.