വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

 


മാര്‍ച്ച് മാസം വേനല്‍ക്കാല രോഗങ്ങളുടെ ആരംഭമായിരിക്കും. ചെങ്കണ്ണ്,
ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടികടന്നെത്തും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്.

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

  • ചൂടുകാലത്തിന്റെ തുടക്കമായതിനാല്‍ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ സൂക്ഷിക്കുക
  • ഛര്‍ദി, അതിസാരം, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വിളയാട്ടം പ്രതീക്ഷിക്കാം. വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ഈ സമയത്തു പരക്കെ കാണാറുണ്ട്.
  • ഈ സമയത്ത് ചുമ, ആസ്മ, വിശപ്പില്ലായ്മ, കഫ പ്രശ്‌നം, അലര്‍ജികള്‍, തുടങ്ങിയവയും കണ്ടു വരാറുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ചുമ വന്നാല്‍ ക്ഷയരോഗ പരിശോധന വേണം.
  • ചില ദിവസങ്ങളില്‍ രാത്രി താപനില താഴ്ന്നു ഡിസംബറിലെ പോലെ തണുപ്പനുഭവപ്പെടാം. ദിനരാത്ര ഭേദമില്ലാതെ ജോലി ചെയ്യുന്നവരെയും ദീര്‍ഘദൂരയാത്രികരെയുമാണ് ഇതു ബാധിക്കുക.
  • ചൂടു കൂടി വരുന്നതിനാല്‍ ശരീരം നന്നായി വിയര്‍ക്കുക വഴി ജലനഷ്ടം ഉണ്ടാകാം. പരിഹാരമായി ഇടവിട്ട് വെള്ളം കുടിക്കുക. പരീക്ഷാക്കാലത്ത് ഉറക്കമിളച്ചുള്ള കുട്ടികളുടെ പഠിത്തം ആവശ്യത്തിനു മതി. ശരിയായ രീതിയില്‍ വിശ്രമം നല്‍കി വേണം കുട്ടികളെ പഠനത്തിനു നിര്‍ബന്ധിക്കാന്‍.
  • അപ്രതീക്ഷിതമായി കടന്നു വരുന്ന പനി വില്ലനാകാം. തൊണ്ടവേദനയുടെയും തുമ്മലിന്റെയും രൂപത്തില്‍ അസ്വാസ്ഥ്യങ്ങള്‍ ആരംഭിക്കാം. ഇത് പതിയെ കടുത്ത ശരീരവേദനയിലേക്കും പനിയിലേക്കും മാറിയാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.