വെയിസ്റ്റ് എഞ്ചിനീയറിങ്ങിന്റെ സാധ്യതകൾ

വെള്ളാശേരി ജോസഫ്

മാലിന്യ നിർമാർജനത്തിനും മണ്ണിനടിയിലൂടെയുള്ള ഓടകൾ വൃത്തിയാക്കുന്നതിലും യന്ത്രവൽക്കരണമാണ് ഏറ്റവും നല്ല മാർഗം. വിഷ വാതകങ്ങൾ വമിക്കുന്ന അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ കാലുകൾ കഴുകുന്നതിനേക്കാൾ നല്ലത് അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ ഡൽഹിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ടെക്‌നോളജിക്കൽ വിപ്ലവമാണ്. 8,00,000 തൊഴിലാളികൾ ഇന്ത്യയിൽ മാലിന്യ നിർമാർജന രംഗത്തുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് 5 ദിവസത്തിൽ ഒരാൾ വീതം മാലിന്യ നിർമാർജന മേഖലയിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്.
സ്റ്റാറ്റിസ്റ്റിക്സ് പറയുന്നതിനേക്കാൾ കൂടുതലാകാനേ ഇക്കാര്യത്തിൽ സാധ്യതയുള്ളൂ. കാരണം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാത്രം 5,600 കിലോമീറ്റർ മാലിന്യ പൈപ്പുകൾ ഉണ്ട്. 1.5 ലക്ഷം ‘മാൻഹോളുകളാണ്’ 2 കോടിക്കടുത്തുള്ള ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ നഗരമായ ഡൽഹിയിൽ ഉള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് പറയുന്നത് 23,000 സ്ത്രീകളും പുരുഷന്മാരും ഇന്ത്യയിൽ ഓരോ വർഷവും പലരീതിയിലുള്ള ‘സാനിറ്റേഷൻ’ ജോലികളിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്. സ്വതന്ത്ര ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാൻ പറ്റിയതല്ല ഇത്തരം കാര്യങ്ങൾ.

Related image

രാജ്യസ്നേഹികൾ പാക്കിസ്ഥാനെ ചുട്ടു ചാമ്പലാക്കാൻ യത്നിക്കുമ്പോൾ ഇതുപോലുള്ള ജനജീവിതത്തെ തീർത്തും അവഗണിക്കുന്നു; അവരുടെ കഷ്ടപ്പാടുകൾ നിസ്സാരവൽകരിക്കുന്നു. ആധുനികവൽക്കരണവും യന്ത്രവൽക്കരണവും ഒരു പരിധി വരെ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഗ്ലവ്‌സും, ഗംബൂട്ട്സും, വിഷ വാതകങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള മാസ്ക്കും ഒക്കെ ഉണ്ടെങ്കിൽ തന്നെ സാനിറ്റേഷൻ ജോലികളിൽ കൊല്ലപ്പെടുന്നവരെ രക്ഷിക്കാനാവും. പക്ഷെ ഇതൊന്നും അവർക്കു കൊടുക്കുവാൻ കോൺട്രാക്റ്റർമാർ ശ്രദ്ധിക്കാറില്ല. നിയമപാലകരും സാനിറ്റേഷൻ ജോലിക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു. പ്രധാനമന്ത്രി കാൽ കഴുകി നാടകം നടത്തുന്നതിനപ്പുറം അരവിന്ദ് കേജ്‌രിവാൾ ചെയ്തത് പോലെ ക്രിയാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ എടുക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.

Related image

‘വെയിസ്റ്റ് പ്രോസസിങ്ങിനെ’ കുറിച്ച് പറയുമ്പോൾ  “One man’s waste is another man’s fortune” –  എന്നാണു പറയുന്നത്. നാഷണൽ ജ്യോഗ്രഫിക് കുറച്ചു നാൾ മുൻപ് സംപ്രേക്ഷണം ചെയ്ത ഒരു ഡോക്കുമെൻറ്ററി ചൈന ഉൽപ്പാദന മേഖലയിൽ എങ്ങനെ വൻ ശക്തിയായി എന്നത് കാണിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കേബിളുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി അതൊക്കെ ‘പ്രോസസ്’ ചെയ്ത് വിലകുറഞ്ഞ പുതിയ വസ്തുക്കളാക്കി യൂറോപ്പിലേക്കും, അമേരിക്കയിലേക്കും തന്നെ കയറ്റുമതി ചെയ്താണ് ചൈന ഉൽപ്പാദന മേഖലയിൽ വൻ ശക്തി ആയി മാറിയത്.

അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും ‘ഹ്യുമൻ വെയിസ്റ്റും’, മറ്റു മാലിന്യങ്ങളും ഈ രീതിയിൽ ‘പ്രോസസ്’ ചെയ്ത് ആളുകൾ കോടീശ്വരന്മാർ ആകുകയാണ്. കുപ്പികളും, ഉപേക്ഷിക്കപ്പെട്ട ഗൃഹോപകരണങ്ങളും അവിടെ കെട്ടിട നിർമാണത്തിന് വൻ തോതിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ കേരളത്തിലും മാലിന്യങ്ങൾ ഒട്ടും കുറവല്ല. ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം മാലിന്യ നിർമാർജനം ഒരു വലിയ പ്രശ്നം തന്നെയാണ്.

Related image

‘വെയിസ്റ്റ് എൻജിനീയറിങ്’ എൻജിനീയറിങ് കോളേജുകളിലെല്ലാം നിർബന്ധമായി പഠി പ്പിക്കേണ്ടിയിരിക്കുന്നു. എൻജിനീയറിങ് കോളേജുകളിൽ മാത്രമല്ല; നമ്മുടെ സ്കൂളുകളിലും, കോളേജുകളിലും വരെ മാലിന്യ നിർമാർജനം വലിയ ഒരു പഠന വിഷയം ആക്കേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പക്ഷെ പഠന വിഷയം ആക്കുന്നതിനു മുൻപ് മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ഇത് വിപുലമായ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

‘വെയിസ്റ്റ് മാനേജ്മെൻറ്റ്’ ആരുടെ ഉത്തരവാദിത്ത്വമാണ് എന്ന് ചോദിച്ചു കൊണ്ട് മണിക്കൂറുകൾ നീണ്ട ഡിബേറ്റ് നടത്തുകയാണ് കേരളത്തിലെ ടി. വി. ചർച്ചകളിൽ. ഇങ്ങനെ ഡിബേറ്റ് നടത്തുന്നതിന് പകരം എന്തേ നമ്മുടെ സമൂഹത്തിലെ മാതാപിതാക്കളാരും കുട്ടികൾ സിവിലിനോ കമ്പ്യുട്ടറിനോ പഠിക്കുന്ന കാര്യം പറയുന്നതല്ലാതെ എന്തേ തങ്ങളുടെ കുട്ടികൾ ‘വെയിസ്റ്റ് എഞ്ചിനീയറിങ്ങിനാണ്’ പഠിക്കുന്നതെന്നുള്ള കാര്യം പറയാൻ താൽപര്യപ്പെടാത്തത് എന്നുള്ള ചോദ്യത്തിന് ചാനൽ പണ്ഡിതന്മാർക്ക് മറുപടി പറയാമായിരുന്നു. ‘വെയിസ്റ്റ് പ്രോസസിംഗ്’ പാശ്ചാത്യ രാജ്യങ്ങളിൽ ‘ബില്യൺ ഡോളർ ഇൻഡസ്ട്ട്രി’ ആണ്. നമ്മളിവിടെ ശുദ്ധിയും വൃത്തിയും പറഞ്ഞു ആ ‘ബില്യൺ ഡോളർ’ സംരഭങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നു; അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. കെട്ടിട നിർമാണത്തിനുള്ള സാമഗ്രികളും, മൽസ്യ തീറ്റയും, കോഴി തീറ്റയും, വളവുമൊക്കെയായി മാറേണ്ട ആ ‘ബില്യൺ ഡോളർ’ സംരഭങ്ങൾക്ക് ഇൻഡ്യാക്കാർ തയാറല്ല.

Image result for waste management engineering

ഇൻഡ്യാക്കാർ എന്നെങ്കിലും ‘വെയിസ്റ്റ് എഞ്ചിനീയറിങ്ങിൻറ്റെ’ സാധ്യതകൾ മനസിലാക്കുമെന്നു  തോന്നുന്നില്ല. ഇവിടുത്തെ സാമൂഹ്യ ബോധം ഒന്നു മാത്രമാണ് അതിനു കാരണം.