‘വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ..?’

സുധീർ. എം. രവീന്ദ്രൻ

പലപ്പോഴും മതപരമായ പശ്ചാത്തലത്തിൽ പരിഗണിക്കപ്പെടുന്ന വിഷയമാണ് വെജിറ്റേറിയനിസം. അപൂർവ്വം ചിലർക്ക് ചില തരത്തിലുള്ള അലർജികളും മറ്റും മൂലം ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടാവും. അക്കാരണത്താൽ വെജിറ്റേറിയൻ ആയവർ കാണും. ചിലർ നിയന്ത്രിതമായ ഭക്ഷണച്ചിട്ടയുടെ പേരിൽ മത്സ്യമാംസാദികൾ ഒഴിവാക്കുന്നവരാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്തെ വെജിറ്റേറിയനിസം പ്രധാനമായും അഹിംസയെ അടിസ്ഥാനപ്പെടുത്തിയാണ്. കാലാന്തരത്തിൽ അതിന് ശുദ്ധിയുടെയും വരേണ്യതയുടെയും ഒരു മേലാട വന്നുകൂടിയിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാൽ വെജിറ്റേറിയനിസം വിമർശിക്കപ്പെടുമ്പോൾ അതിന്റെ അടിസ്ഥാനമായ അഹിംസയെ തമസ്കരിച്ചുകൊണ്ടും ശുദ്ധി വരേണ്യത മുതലായ തലങ്ങളിലേക്ക് ചുരുക്കിക്കൊണ്ടും ആണ് സംവാദങ്ങൾ നടക്കാറുള്ളത്. വെറും മത രാഷ്ട്രീയ ജല്പനങ്ങൾ എന്നതിനപ്പുറം അത്തരം വാദപ്രതിവാദങ്ങൾ കേൾവിക്കാരുടെ ഒരു നിമിഷത്തിനു പോലും അർഹമല്ല.

അഹിംസ എന്ന മഹനീയാദർശത്തിലൂന്നിയ ഒരു ഭക്ഷണക്രമം എന്ന നിലക്ക് ഇതിനോട് ഏറ്റവും നീതി പുലർത്തിയിട്ടുള്ളത് തനതായ ജെയിൻ രീതികളാണെന്ന് തോന്നുന്നു. തന്റെ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ആവശ്യമായ അളവിൽ മാത്രം ഭക്ഷിക്കുക… ആ ഭക്ഷണം ഇതര ജീവജാലങ്ങളിൽ ഏറ്റവും കുറവ് ആഘാതമേല്പിച്ചു കൊണ്ടായിരിക്കണം എന്ന നിഷ്ഠ… ആ നിഷ്ഠയാൽ കിഴങ്ങുവർഗ്ഗങ്ങൾ വരെ അവർ വർജ്ജിക്കുന്നു… കാരണം അവ വിളവെടുക്കുമ്പോൾ ആ ചെടിക്ക് ജീവനാശം സംഭവിക്കുന്നു…

ഇത്രമേൽ ആർദ്രവും സാനുകമ്പവുമായ ഒരു ദർശനത്തിൽ അധിഷ്ഠിതമായ ഭക്ഷണരീതിയെ പലപ്പോഴും മതപരവും രാഷ്ട്രീയപരവും ആയ ചട്ടക്കൂടുകൾക്കുള്ളിലേക്ക് വലിച്ചൊതുക്കി വിമർശിക്കുന്ന വിദ്വേഷവാഹകരെ നയിക്കുന്നത് ആ മതരാഷ്ട്രീയ കുടിലതകളല്ലാതെ മറ്റെന്തായിരിക്കും…

ഈ വിഷയം തത്വശാസ്ത്രപരമായോ മൂല്യാധിഷ്ഠിതമായോ മാത്രം പരിഗണിക്കേണ്ട വിഷയമല്ല. കുറച്ചുകൂടി ഗൗരവതരമായ കണക്കുകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിൽ കൂടി അപഗ്രഥിച്ചു നോക്കാം.

നോൺ വെജിറ്റേറിയനിസവും പാരിസ്ഥിതികാഘാതവും

ഭക്ഷണം – ജലം – ഊർജ്ജം… ഇവ തമ്മിലുള്ള പല തലങ്ങളിലുള്ള അന്തർധാരകൾ മാനവിക സംസ്കാരത്തിന്റെ സുസ്ഥിരമായ പുരോഗമനത്തിന്റെ ഗതിവിഗതികൾ തന്നെ നിർണ്ണയിക്കുന്നവയാണ്. ഇവയിൽ പ്രഥമപരിഗണന അർഹിക്കുന്നത് എന്ത്കൊണ്ടും ജലമാണ്. ഉയർന്ന തോതിലുള്ള ജനസംഘ്യവർദ്ധനവും നഗരവൽക്കരണവും മാറുന്ന ഭക്ഷണരീതികളും സാമ്പത്തിക പുരോഗതിയും നമ്മുടെ ജലസ്രോതസ്സുകളിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഇതിൽ ജനസംഘ്യവർദ്ധനവ് വിദ്യാഭ്യാസത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും മറ്റും നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം. നഗരവൽക്കരണത്തിന് ജലവ്യയം പരമാവധി കുറച്ചു കൊണ്ടുള്ള മോഡലുകളും സാധ്യമാണ്. ഇവ രണ്ടിനും അനുപൂരകമായി പ്രവർത്തിക്കാൻ സാമ്പത്തിക പുരോഗതിക്കും കഴിയും. എന്നാൽ മാറുന്ന ഭക്ഷണരീതി നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഇവിടെ നമ്മുടെ വിഷയവും അതാണ്.

ലോകത്ത് ഏറ്റവുമധികം ശുദ്ധജലം ഉപയോഗിക്കപ്പെടുന്നത് കൃഷിക്ക് വേണ്ടിയാണ്. മനുഷ്യൻ ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ 70 ശതമാനത്തിലേറെ കൃഷിക്ക് വേണ്ടിയാണ്.. ലോക ഭക്ഷണ രീതികളിൽ starch-based ഭക്ഷണങ്ങളിൽ നിന്നും അത്യന്തം water-intensive ആയ മാംസം, മൂല്യവർദ്ധിത ഡയറി ഉൽപന്നങ്ങൾ തുടങ്ങിയ ഭക്ഷണരീതികളിലേക്കുള്ള അനാരോഗ്യകരമായ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ആധുനിക ജലസേചന സാങ്കേതികവിദ്യകളിലൂടെ കൃഷിക്കാവശ്യമായ ജല ഉപഭോഗം ഗണ്യമായി കുറച്ചു കൊണ്ട് വരുമ്പോഴും ഈ ഭക്ഷണ രീതികളിൽ വരുന്ന വ്യതിയാനം ജലസംരക്ഷണ പരിശ്രമങ്ങളെ വലിയ രീതിയിൽ തന്നെ പിന്നോട്ടടിക്കുന്നുണ്ട്. മഴവെള്ള സംഭരണം ജലശുദ്ധീകരണ സങ്കേതങ്ങൾ എന്നിവയെല്ലാം ചേർന്നാലും മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാംസാഹാര പ്രിയം ജലസ്രോതസ്സുകളിൽ ഏൽപ്പിക്കുന്ന ആഘാതത്തിന് പകരമാകുന്നില്ല.

ഒരു കിലോഗ്രാം ബീഫ് ഉത്പാദിപ്പിക്കാനായി വേണ്ടിവരുന്നത് 15500 ലിറ്റർ ശുദ്ധജലമാണ്. ഇത്ര ജലം ഉപയോഗിച്ച് 6 കിലോഗ്രാം അരി ഉൽപാദിപ്പിക്കാം… 19.5 കിലോഗ്രാം വാഴപ്പഴം ഉൽപാദിപ്പിക്കാം… 54 കിലോഗ്രാം ഉരുളക്കിഴങ്ങ്… 65 കിലോഗ്രാം കാബേജ്… 72 കിലോഗ്രാം തക്കാളി… 118 കിലോഗ്രാം കാരറ്റ്… കണക്കുകൾ ഇങ്ങനെ പോകുന്നു. അപ്പോൾ കാര്യങ്ങൾ വളരേ വ്യക്തമാണ്. കേവലം ഒരു കിലോഗ്രാം ബീഫ് ഉത്പാദിപ്പിക്കുന്ന ജലം കൊണ്ട് അതിന്റെ പതിന്മടങ്ങ് ഗുണഭോക്താക്കൾക്ക് ഭക്ഷണമൊരുക്കാം എന്നിരിക്കെ നമ്മൾ നമ്മുടെ ഭക്ഷണരീതികളിൽ എത്രമാത്രം ഉത്തരവാദിത്തബോധം പുലർത്തുന്നുണ്ട് എന്നത് ചിന്തനീയമാണ്. ജലത്തിനായി യുദ്ധങ്ങൾ സംഭവിക്കാവുന്ന കാലം അതിവിദൂരമല്ല എന്ന് നമ്മൾ ദിനേന ചർച്ച ചെയ്യുമ്പോഴും 6 മുതൽ 60 ഇരട്ടിയിലേറെ ജലവ്യയം വേണ്ടിവരുന്ന ഭക്ഷണരീതികളിലേക്ക് നാം മാറുന്നതിന് എന്ത് നീതീകരണമാണ് ഉള്ളത്? തീർന്നില്ല…

ഐക്യരാഷ്ട്രസഭയുടെ Food and Agricultural Organization ന്റെ റിപ്പോർട്ട് പ്രകാരം ആഗോളതാപനത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം മാംസത്തിന് വേണ്ടിയുള്ള കന്നുകാലി വളർത്തലാണ്. വാഹന ഗതാഗത മേഖലയും വിവരസാങ്കേതിക മേഖലയും കൂടി പുറത്തു വിടുന്ന ഹരിതവാതകങ്ങളേക്കാൾ വളരെയധികമാണ് മാംസോൽപാദന വ്യവസായം പുറത്തു വിടുന്നത് എന്നത് നമ്മളിൽ എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും?. എന്നാൽ അതാണ് വസ്തുത. മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ 18% മാംസോൽപാദന വ്യവസായത്തിന്റെ സംഭാവനയാണ്. ട്രാൻസ്‌പോർട്ടേഷൻ സെക്റ്ററിന്റെ വിഹിതം 14% ആണെന്നോർക്കണം. ബീഫിന് വേണ്ടി (പാലിന് വേണ്ടിയല്ല) വളർത്തപ്പെടുന്ന bovine animals ആണ് മൊത്തം livestock industry യിലെ ഹരിതവാതകത്തിന്റെ സിംഹഭാഗവും (45%) പുറത്തു വിടുന്നത്.

2050 ടു കൂടി ലോക ജനസംഘ്യ 960 കോടിയാവുകയും ആഗോള മാംസ ഉപഭോഗം ഇന്നത്തേതിനേക്കാൾ 76% വർദ്ധിക്കും എന്നുമാണ് കണക്കാക്കപ്പെടുന്നത്. ആ സാഹചര്യത്തിൽ ലോകത്തിലെ മൊത്തം കൃഷിഭൂമികളിലെ 60 – 70 ശതമാനവും കന്നുകാലികളുടെ തീറ്റക്ക് മാത്രം ഉപയോഗപ്പെടുത്തേണ്ടതായി വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ ഇന്നത്തെ ജലദൗർലഭ്യവും ആഗോളതാപനത്തിന്റെ തോതും കണക്കാക്കുമ്പോൾ 2050ൽ സംജാതമാവാൻ പോകുന്ന സ്ഥിതിവിശേഷം ഒന്ന് സങ്കല്പിച്ചു നോക്കുക.

ഏറ്റവുമധികം livestock ഉള്ളത് ഇന്ത്യയിലാണ്. പശുവും പോത്തും ആടും പന്നിയും കുതിരയും ഒട്ടകവും എല്ലാം ചേർന്ന് 50 കോടിയിലധികം livestock ആണ് ഇന്ത്യയിലുള്ളത്. ഇത് 2012 ലെ കണക്കാണ്. ഇതിന് ശേഷം വൻതോതിലുള്ള കന്നുകാലി കള്ളക്കടത്തും കശാപ്പിന്റെ തോതിലുള്ള വർദ്ധനവും മൂലം ഇതിൽ 3.33 ശതമാനത്തിന്റെ (as per 2017 mid) കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും മാംസോൽപാദന വിഭാഗത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ തെക്കേ അമേരിക്കക്കും വടക്കേ അമേരിക്കക്കും യൂറോപ്പിനും ചൈനക്കുമെല്ലാം പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഇതിനു കാരണം വ്യാവസായികാടിസ്ഥാനത്തിൽ മാംസോത്പാദനത്തിന് വേണ്ടിയുള്ള കന്നുകാലിവളർത്താൽ ഇന്ത്യയിൽ തുലോം കുറവാണ് എന്നതാണ്. മാംസോത്പാദനത്തിനായി വളർത്തുന്ന കാലികൾക്ക് തൂക്കം വർദ്ധിക്കാനായി നൽകുന്ന cattle feedന്റെ പ്രത്യേകത മൂലം അവ പുറന്തള്ളുന്ന ഹരിതവാതകങ്ങളുടെ അളവ് കൂടുതലാണ്. മാംസാവശ്യത്തിന് വളർത്തുന്ന livestockന്റെ ജല ഉപഭോഗവും വളരെയധികമാണ്. അതിനാൽ തന്നെ Indian livestockന്റെ ജല ഉപഭോഗവും താരതമ്യേന വളരേ കുറവാണ്.

വൻ തോതിലുള്ള വനനശീകരണമാണ് ഉയരുന്ന മാംസ ഉപഭോഗത്തിന്റെ മറ്റൊരു പരിണിത ഫലം. ലോകത്തെ മൊത്തം വനനശീകരണത്തിന്റെ 70% livestockന് വേണ്ട മേച്ചിൽപ്പുറങ്ങൾക്ക് വേണ്ടിയാണ്. മേൽപ്പറഞ്ഞ പ്രകാരം 2050 ൽ മാംസ ഉപഭോഗം 76% വർദ്ധിക്കുകയും, മനുഷ്യന് ആവശ്യമായ കൃഷിഭൂമിയേക്കാൾ കന്നുകാലിക്ക് ആവശ്യമായി വരുകയും ചെയ്യുമ്പോൾ അതിന് ആനുപാതികമായ വൻതോതിലുള്ള വനനശീകരണവും അനിവാര്യമാണ്. അപ്രകാരം ആ തോതിൽ വനഭൂമി ചുരുങ്ങിപ്പോയാൽ പുറന്തള്ളപ്പെടുന്ന CO2 വലിച്ചെടുക്കാൻ ആവശ്യമായ മരങ്ങളില്ലാതെ വരികയും തന്മൂലം ആഗോളതാപനത്തിന്റെ പ്രഭാവം പതിന്മടങ്ങ് ഗൗരവതാരമാകുകയും ചെയ്യും. ഇത്തരത്തിൽ വൻതോതിൽ വനങ്ങൾ നശിപ്പിക്കപ്പെട്ടാൽ അത് നദികളിലെ നീരൊഴുക്കിനെയും ഗ്രൗണ്ട് വാട്ടർ ലെവലിനെയും സാരമായി ബാധിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. മാത്രമല്ല 2050 ൽ മാംസ ഉപഭോഗം 76% വർദ്ധിക്കുമ്പോൾ അതിന് ആനുപാതികമായി കന്നുകാലികൾക്ക് വേണ്ട തീറ്റ ഉൽപാദിപ്പിക്കാൻ കൂടുതൽ കൃഷിഭൂമിയും വേണ്ടി വരും എന്ന് പറഞ്ഞല്ലോ… ഇപ്പോൾത്തന്നെ ഉപയോഗിക്കപ്പെടുന്ന ശുദ്ധജലത്തിന്റെ 70% കൃഷിക്ക് വേണ്ടിയാണെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. ആ നിലക്ക് ഏതാണ്ട് ഇരട്ടിയോളമായി വർദ്ധിക്കാൻ പോകുന്ന മാംസ ഉപഭോഗം നമ്മുടെ ജലസ്രോതസ്സുകളിൽ ഏൽപ്പിക്കുന്ന ആഘാതം എത്രയായിരിക്കും എന്ന് സങ്കല്പിച്ചു നോക്കുക.

അന്തരീക്ഷത്തിലെ വർദ്ധിച്ച CO2 ന്റെ അളവ് ചൂട് വർദ്ധിപ്പിക്കുന്നത് മൂലം കൃഷിനാശത്തിനും വരൾച്ചക്കുമുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നു… ഉയർന്ന ചൂടിനാൽ ഉണ്ടാവുന്ന വർദ്ധിച്ച ജലബാഷ്പീകരണം മേഘവിസ്ഫോടനങ്ങൾക്കും പേമാരിക്കും വെള്ളപ്പൊക്കങ്ങൾക്കും കാരണമായേക്കാം. ഇതെല്ലാം എന്തിന് വേണ്ടി? മാംസം ഭക്ഷിക്കുക എന്ന മനുഷ്യന്റെ ഒരൊറ്റ ആർത്തിക്ക് വേണ്ടി.

മാംസാഹാരവും ആരോഗ്യവും

ഇത്രമാത്രം പാരിസ്ഥിതികാഘാതം ഉണ്ടാക്കി ഭക്ഷിക്കാൻ മാത്രം ആവശ്യവസ്തുവാണോ മാംസം? അതും പരിശോധിക്കാം… പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒരു ന്യായവാദമാണ് പാവപ്പെട്ടവൻ ബീഫ് പോലുള്ള റെഡ് മീറ്റ് കഴിക്കുന്നത് അതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളത് കൊണ്ടാണ് എന്നത്. കഠിനമായി അധ്വാനിക്കുന്ന അവർക്ക് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. ഇതിൽ എന്തുമാത്രം വസ്തുതയുണ്ട്?

ബീഫിൽ ഉയർന്ന അളവിൽ പ്രോട്ടീൻ ഉണ്ടെന്നത് വസ്തുതയാണ്. 100 ഗ്രാം ബീഫിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. എന്നാൽ ഇതിനേക്കാൾ ചിലവ് കുറഞ്ഞതും അതേസമയം കൂടുതൽ പ്രോട്ടീൻ ഉള്ളതുമായ മറ്റെന്തെല്ലാം ലഭ്യമാണ്… ചില ഉദാഹരണങ്ങൾ ചുവടെ…

Soya bean : 36g protein / 100g
Homemade wheat gluten : 60-70g / 100g
Peanuts : 26g / 100g
Split peas : 25g / 100g

മാംസത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനിന്റെ ഘടന ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാവുന്ന തരത്തിലാണ് എന്ന ഒരു മെച്ചം മാംസാഹാരത്തിനുണ്ട്. എന്നിരുന്നാലും മേൽപ്പറഞ്ഞ വലിയ തോതിലുള്ള മാനവരാശിയെ മൊത്തം ബാധിക്കുന്ന ദൂഷ്യഫലങ്ങളും താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താൽ മാംസാഹാരം കൊണ്ട് അതിനുമാത്രം ഗുണഫലങ്ങൾ ഉണ്ടാകുന്നുണ്ടോ? ഇല്ലെന്നാണ് യുക്തമായ മറുപടി.

• റെഡ് മീറ്റിന്റെ ഉപഭോഗം പ്രതിവർഷം 25 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു

• ഉയർന്ന തോതിലുള്ള പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് മിക്കവാറും വികസിത രാജ്യങ്ങൾ മാംസാഹാരത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിനു ശേഷം യൂറോപ്പിൽ ബീഫിന് മാത്രം വില കൂടിയത് 79 ശതമാനത്തോളമാണ്.

• മാംസാഹാരികളിൽ ഹൃദ്രോഗ സാധ്യത 25% കൂടുതലാണ് എന്ന് ഒട്ടേറെ പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. EPIC Oxford (European Prospective Investigation into Cancer and Nutrition) നടത്തിയ പഠനത്തിൽ വെജിറ്റേറിയനുകളിൽ മരണകാരണമായ ഹൃദയാഘാതം 19% കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

• മാംസാഹാരികളിൽ അർബുദ സാധ്യതകളും കൂടുതലാണെന്ന് EPIC Oxford സാക്ഷ്യപ്പെടുത്തുന്നു. റെഡ് മീറ്റ് ഉപഭോഗം നിർത്തിയാൽ colon cancerനുള്ള സാദ്ധ്യതകൾ ഏറെക്കുറെ പൂർണ്ണമായിത്തന്നെ ഒഴിവാക്കാം.

• സസ്യാഹാരികളിൽ Type2 diabetesനുള്ള സാധ്യതകളും നന്നേ കുറവാണ്.

• ഉയർന്ന ചൂടിൽ പാകം ചെയ്യുന്ന മാംസാഹാരം അർബുദത്തിന് കാരണമാകുന്നു. അൽ ഫഹം… ഷവായ്… ഷവർമ… കബാബ്… തന്തൂരി എന്നിവ ഉദാഹരണം…

ഉയർന്ന അളവിലുള്ള ഫാറ്റും കൊളസ്ട്രോളും ഇരുമ്പിന്റെ അംശവും ഹൃദയത്തെയും കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും എപ്രകാരം മോശമായി ബാധിക്കുന്നു എന്നത് നാമെല്ലാം അനുദിനം കേൾക്കുന്നതും വായിക്കുന്നതുമാണ്. അങ്ങനെയിരിക്കെ വൻതോതിലുള്ള മാംസ ഉപഭോഗത്തിന് മനുഷ്യന്റെ ആർത്തിയെന്നല്ലാതെ എന്ത് നീതീകരണമാണുള്ളത്?

അഹിംസയെന്ന മഹത്തരമായ ദർശനത്തിലൂന്നിയ മൂല്യബോധത്തിലും…. ജലദുർവ്യയം വനനശീകരണം മലിനീകരണം ആഗോളതാപനം മുതലായ പാരിസ്ഥിതികാഘാതങ്ങളുടെ പശ്ചാത്തലത്തിലും…. അനേകം രോഗങ്ങൾക്ക് കാരണമാകുന്ന അനാരോഗ്യകരമായ ഭക്ഷണരീതി എന്ന നിലക്കും… എന്നിങ്ങനെ ഏതു തലത്തിൽ പരിശോധിച്ചാലും മാംസാഹാരം ഒട്ടും അഭികാമ്യമായ ഭക്ഷണരീതിയല്ല എന്ന് വ്യക്തമാണ്. ശേഷിക്കുന്ന ചോദ്യം നാം നമ്മുടെ ഭക്ഷണരീതികളിൽ എത്രമാത്രം ഉത്തരവാദിത്തബോധം പുലർത്തുന്നു എന്നതാണ്. അത് ഓരോ വ്യക്തിയുടെയും സ്വതന്ത്രമായ ചോയ്‌സും ആണ്.