വൃദ്ധയെ കെട്ടിയിട്ട് 11 പവന്‍ കവര്‍ന്നു, വീട്ടില്‍ വാടകയ്ക്ക് താമസിച്ചവരെ തേടി പൊലീസ്

ബാലരാമപുരം: മോഷ്ടാക്കള്‍ ബാലരാമപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 11 പവന്‍ കവര്‍ന്നു. ബാലരാമപുരം ഓഫീസ് വാര്‍ഡില്‍ വാണികര്‍ തെരുവില്‍ പരേതനായ മുത്തയ്യന്‍ ചെട്ടിയാരുടെ ഭാര്യ രത്നമ്മാള്‍(67) അണിഞ്ഞിരുന്ന മാലകളും മോതിരങ്ങളും കമ്മലുമാണ് അപഹരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

കവര്‍ച്ചയ്ക്കിടെ അക്രമത്തിനിരയായി അബോധാവസ്ഥയിലായ രത്നമ്മാളിനെ നെയ്യാറ്റിന്‍കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറുമാസമായി രത്നമ്മാളിന്റെ വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഭര്‍ത്താവ് മരണപ്പെട്ട രത്നമ്മാളിന്റെ രണ്ട് മക്കള്‍ നാഗര്‍ കോവിലും ഒരാള്‍ കഴക്കൂട്ടത്തുമാണ് താമസം. തൊട്ടടുത്തടുത്ത് വീടുകളുള്ള ഇവിടെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വാടക വീട്ടില്‍ താമസക്കാരനായിരുന്ന പാലോട് സ്വദേശി രതീഷെന്ന് വിളിക്കുന്ന യുവാവും മറ്റൊരാളും രത്നമ്മാളിന്റെ മുറിയില്‍ അതിക്രമിച്ച്‌ കയറിയത്. തുണി ഉപയോഗിച്ച്‌ വായ മൂടിക്കെട്ടി കൈയും കാലും ബന്ധിച്ചശേഷം ഇവരണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു. അതിനുശേഷം വീട്ടിലെ അലമാരകളും മേശയും അരിച്ചുപെറുക്കിയ സംഘം വീട്ടില്‍ സൂക്ഷിച്ചിരുന്ന 700 രൂപയും കവര്‍ന്നു.

ബഹളമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബലപ്രയോഗങ്ങള്‍ക്കിരയായ രത്നമ്മാള്‍ അബോധാവസ്ഥയിലായി. കവര്‍ച്ചാ സംഘം രക്ഷപ്പെട്ടശേഷം ബോധം വീണ്ടുകിട്ടിയ രത്നമ്മാള്‍ പ്രയാസപ്പെട്ട് വായിലെ കെട്ടഴിച്ചശേഷം ഒച്ചവച്ചതോടെ അയല്‍വാസികളെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച്‌ ബാലരാമപുരം സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തശേഷം കവര്‍ച്ചാ സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.