വീണ്ടും വീണ്ടും പോകാൻ ആഗഹിക്കുന്ന രാജ്യമാണ് ഫിൻലൻഡ്.

ഡോ. സുരേഷ്. സി. പിള്ള

അയർലണ്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ് ഈ സ്കാൻഡിനേവിയൻ രാജ്യം.

2006 മുതൽ 2016 വരെ പത്തു പ്രാവശ്യത്തോളം പല ഒദ്യോഗിക ആവശ്യങ്ങൾക്കായി ഫിൻലൻഡിൽ പ്പോയിരുന്നു.

ഏറ്റവും ഓർമ്മയിൽ നിൽക്കുന്ന യാത്ര ജൂൺ 2007 ലേതാണ്.

യാത്രയിൽ ഞാനും സഹപ്രവർത്തകൻ ജോണും ഉണ്ട്. ജൂൺ പതിനാലിനാണ് ഹെൽസിങ്കി (തലസ്ഥാനം) യിൽ എത്തിയത്.

എയർപോർട്ടിൽ വി.ടി.ടി. (ഫിന്നിഷ് റിസർച്ച് സെന്റർ, ടാമ്പാറെ ) യിലെ ശാശ്ത്രജ്ഞൻ യൂഹോ എത്തിയിരുന്നു നമ്മളെ കൂട്ടി ക്കൊണ്ടു പോകാൻ.

ഹെൽസിങ്കിയിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ യാത്ര ഉണ്ട് ടാമ്പാറെ എന്ന സ്ഥലത്തേക്ക്.

ഹെൽസിങ്കി വിട്ടാൽ പിന്നെ വിജനമായ വഴികളാണ്.

ചിലപ്പോൾ കാറിന്റെ മുൻപിൽ moose / elk (മാൻ) വന്നു ചാടാനുള്ള സാദ്ധ്യത ഒക്കെ പറഞ്ഞാണ് യാത്ര.

Image result for finland images

യാത്രയുടെ ക്ഷീണവും, തണുത്ത കാറ്റും കാരണം ഞാൻ ചെറുതായി ഉറങ്ങി.

ഹോട്ടലിൽ എത്തിയിട്ട് യൂഹോ വീട്ടിൽ പോയി.

വൈകിട്ട് മറ്റൊരു യൂഹോ വരും നിങ്ങളെ നാടു കാണാൻ കൊണ്ടു പോകാൻ എന്ന് പറഞ്ഞു. മീറ്റിംഗ് പിറ്റേന്നേ ഉള്ളൂ.

ഹോട്ടലിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞു, ഒരു കോഫി കഴിഞ്ഞപ്പോളേക്കും യൂഹോ (രണ്ടാമൻ) വന്നു. വളരെ സൗമ്യമായാണ് യൂഹോ യുടെ സംസാരം.

“നിങ്ങളെ ഞാൻ ആദ്യം, ടാമ്പാറെയുടെ ഉൾപ്രദേശങ്ങളിലേക്ക് ആദ്യം കൊണ്ടു പോകാം. എന്റെ ഗ്രാമം കാണിക്കാം. ഞാൻ ജനിച്ചു വളർന്ന സ്ഥലങ്ങൾ കാണിക്കാം.” യൂഹോ പറഞ്ഞു,

അങ്ങിനെ യൂഹോയുടെ വോൾവോ കാറിന്റെ പുറകിൽ ഞാൻ കാഴ്ചകളും കൊണ്ടിരിക്കുകയാണ്.
ജോൺ മുന്നിൽ ഇരുന്നു.

പോകുന്ന വഴിയിൽ തടികൊണ്ട് നിർമ്മിതമായ പഴയ കാലത്തെ വീടുകൾ (log house) കാട്ടിത്തന്നു. അത് എങ്ങിനെയാണ് ചൂട് അകത്തു നിൽക്കുന്ന രീതിയിൽ പ്രകൃതി ജന്യമായ വസ്തുക്കൾ കൊണ്ട് ‘ഇൻസുലേറ്റഡ്’ ആക്കുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. യൂഹോ പറഞ്ഞു

Image result for finland images

“ഇനി നമ്മൾ എന്റെ ഗ്രാമത്തിലേക്കാണ് പോകുന്നത്, നോക്കിയ’ എന്ന ചെറു ഗ്രാമത്തിലേക്ക്.

ഞാൻ ചോദിച്ചു “നോക്കിയയോ”?

“അതെ, സുരേഷ്, നോക്കിയ, ഇവിടെ നിന്നും 15 കിലോമീറ്ററെ ഉള്ളൂ, നോക്കിയയ്ക്ക്.”

“മുപ്പതിനായിരം ആൾക്കാർ താമസിക്കുന്ന ഒരു ചെറു പട്ടണം ആണ്, നോക്കിയ.”

അന്ന് സ്മാർട്ട് ഫോണെന്നും ഉള്ള സമയമല്ല. എന്റെ കയ്യിലുള്ള നോക്കിയ 3310 കാണിച്ചു ഞാൻ പറഞ്ഞു.

“യൂഹോ, എനിക്ക് ഈ നോക്കിയയെ അറിയൂ, ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടേ ഇല്ലല്ലോ?”

“നിനക്കറിയുമോ? നോക്കിയ കമ്പനി ആദ്യം തുടങ്ങിയത് Kokemäenjoki (Nokianvirta ) നദിയുടെ തീരത്തിലുള്ള ഈ ചെറു പട്ടണത്തിലാണ്”

” പക്ഷെ ഇത് ആദ്യം തുടങ്ങിയത് 1865 ൽ Fredrik Idestam എന്നയാൾ ഒരു പേപ്പർ മില്ലായാണ്. ” യൂഹോ പറഞ്ഞു.

“തുടർന്ന് ഇത് ഒരു റബ്ബർ ഫാക്ടറി ആയി, അവിടെ നിന്നാണ് ടെലി കമ്മ്യൂണിക്കേഷൻ രംഗത്തേക്ക് നോക്കിയ പ്രകടക്കുന്നത്.”

Image result for finland images

നോക്കിയ ഫാക്ടറി യുടെ മുൻപിൽ കാർ നിർത്തി.

അവിടെ നിന്ന് നോക്കിയയുടെ ചരിത്രം പറഞ്ഞു.

തുടർന്ന് ഹോട്ടലിലേക്ക് യാത്ര ആയി.

ഫിന്നിഷ് ആൾക്കാർ അതിഥികളെ സൽക്കരിച്ചു സന്തോഷിപ്പിച്ചു കളയും. ‘അതിഥി ദേവോ ഭവ’ എന്ന് എന്താണെന്ന് അറിയുന്നത് ഫിൻലൻഡിൽ ചെല്ലുമ്പോളാണ്.

പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഫിൻലൻഡിലെ ആൾക്കാരുടെ അത്ര അതിഥി സ്നേഹവും ഊഷ്മളതയും ഒരിടത്തും കണ്ടിട്ടില്ല.

തിരികെ ഹോട്ടലിൽ ആക്കിയിട്ട് യൂഹോ പറഞ്ഞു,

“വൈകുന്നേരം സുരേഷിനെയും ജോണിനേയും ഡിന്നറിനു കൊണ്ടുപോകാനായി പെട്രി വരും”.

യൂഹോയ്ക്ക് നന്ദി പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് കയറി.

കൃത്യം ഏഴു മണി ആയപ്പൊളേക്കും പെട്രി വന്നു.
പെട്രി പറഞ്ഞു “നിങ്ങളെ ഞാൻ ഒരു വിശേഷപ്പെട്ട സ്ഥലത്തേക്കാണ് കൊണ്ടു പോകുന്നത്”

Image result for finland images

ഏകദേശം പത്തു മിനുട്ട് യാത്ര ചെയ്തു കാണും, ഒരു വലിയ ടവറിനു മുൻപിലായി കാർ നിർത്തി.

പെട്രി പറഞ്ഞു “ഇതാണ്, Näsinneula എന്ന് പേരുള്ള ടവർ, Nordic രാജ്യങ്ങളിൽ ഉള്ള ഏറ്റവും ഉയരം കൂടിയ ‘observation ടവറാണിത്. ഇതിന്റെ ഉയരം 168 മീറ്ററാണ്.”

ജോൺ ചോദിച്ചു “ഇതിന്റെ മുകളിൽ കയറാൻ മാർഗ്ഗം ഉണ്ടോ?”

“നമ്മളുടെ ഡിന്നർ ഇന്ന് ഈ ടവറിനു മുകളിലുള്ള ‘ചുറ്റിത്തിരിയുന്ന (revolving) restaurant ൽ വച്ചാണ്”

ഞങ്ങൾക്ക് അമ്പരപ്പും, ആകാംക്ഷയും വർധിച്ചു. “വരൂ, നമുക്ക് ലിഫ്റ്റ് ൽ പോകാം”

വളരെ ഫാസ്റ്റ് ആയി മുകളിലേക്ക് കുതിക്കുന്ന ലിഫ്റ്റിൽ ഏകദേശം മുപ്പതു സെക്കന്റ് കൊണ്ട് restaurant ൽ എത്തി. ടാമ്പാറെ സിറ്റി മുഴുവൻ അവിടെ നിന്നും കാണാം.

ഒരു പ്രാവശ്യം കറങ്ങാൻ ഏകദേശം മുക്കാൽ മണിക്കൂറെടുക്കും.

എട്ടുമണിക്കും, നല്ല വെളിച്ചം ഉണ്ട് പുറത്ത്. സമ്മർ കാലങ്ങളിൽ ഫിൻലണ്ടിൽ രാത്രി പതിനൊന്നു വരെ സൂര്യപ്രകാശം കാണും.

ആഹാരത്തെക്കാൾ പ്രിയമായത്, കറങ്ങുന്ന restaurant ൽ നിന്നുള്ള സിറ്റിയിലെ കാഴ്ചകൾ ആണ്.

പിന്നെ രണ്ടു ദിവസം തീവ്രമായ പ്രോജക്ട് മീറ്റിങ്ങുകളും, ഗവേഷണ പ്രസന്റേഷൻ ഒക്കെയാണ്.

Image result for finland images

ജോലിത്തിരക്കുകൾ കാരണം സഹപ്രവർത്തകർ എല്ലാം നന്നായി ക്ഷീണിച്ചിരുന്നു.

പിറ്റേന്ന് മൂന്ന് മണിയോടെ മീറ്റിങ് കഴിഞ്ഞു.

പിറ്റേന്ന് ഹെൽസിങ്കിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് ക്യാൻസൽ ആയി, കാരണം അവിടെ മീറ്റ് ചെയ്യേണ്ട ഗവേഷകർ ടാമ്പറെയിൽ വന്നിരുന്നു. രണ്ടാമത്തെ ദിവസം അവരുമായുള്ള മീറ്റിങ്ങും ഇതിന്റെ കൂടെ ഒരുമിച്ചു കഴിഞ്ഞു.

ഇനി മറ്റന്നാളെ ഡബ്ളിനിലേക്ക് ഫ്ലൈറ്റ് ഉള്ളൂ. ജോൺ പറഞ്ഞു “നമുക്ക് ഹെൽസിങ്കിയിൽ എന്തായാലും പോകാം, അവിടെ എന്തായാലും ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ടല്ലോ?”

അപ്പോളാണ് വി. ടി. ടി. യിലെ സീനിയർ ശാസ്തജ്ഞൻ ആയ അമർ പറഞ്ഞത്,

“നിങ്ങൾ നാളെ ഫ്രീ അല്ലെ?, റോവനേമി (Rovaniemi) ക്ക് പോകൂ?”

“റോവനേമിയോ? അതെവിടെയാണ്? ജോൺ ചോദിച്ചു.

“ലാപ്പ് ലാൻഡിന്റെ തലസ്ഥാനം. അവിടെയല്ലേ സാന്റാക്ലോസ് ഉള്ളത്? നിങ്ങൾ പോകണം ” അമർ പറഞ്ഞു.

പെട്ടെന്ന് തന്നെ അവരുടെ ഓഫീസിൽ നിന്നും യാത്രയ്ക്കുള്ള ടിക്കറ്റുകൾ എല്ലാം ബുക്ക് ചെയ്തു.

“വൈകുന്നേരം ഇവിടെ നിന്ന് പോകുന്ന ട്രെയിൻ രാവിലെ അവിടെയെത്തും. പകൽ അവിടെ,ചിലവഴിക്കുക, രാത്രി ട്രെയിനിൽ തിരിച്ചാൽ മറ്റന്നാൾ രാവിലെ എത്തും. ഫ്ലൈറ്റ് ചെക്കിൻ സമയത്തു മുൻപേ എയർപോർട്ടിലും എത്താം.” യൂഹോ പറഞ്ഞു.

Related image

“ഹോട്ടലിൽ ഉറങ്ങുന്ന സമയം ട്രെയിനിൽ ഉറങ്ങുന്നു, അത്രേ ഉള്ളൂ. അതിന്റെ കൂടെ ആകര്ഷകമായ ഒരു സ്ഥലവും കൂടി കാണാമല്ലോ?”

അങ്ങിനെ ട്രെയിനിൽ കയറി. രണ്ടു പേർക്കായുള്ള ക്യാബിനാണ്. മുകളിലും താഴെയുമായി രണ്ടു കിടക്കകൾ.

ട്രെയിനിൽ നീങ്ങുകയാണ്. ഞങ്ങൾ ട്രെയിനിൽ നിന്നും ആഹാരം കഴിച്ചു.

ജോൺ പറഞ്ഞു “എനിക്ക്, ഈ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഉറങ്ങാൻ പറ്റില്ല”.

ഞാൻ എന്റെ പഴയ ട്രെയിനിലുള്ള കൽക്കട്ടാ യാത്രകൾ ഒക്കെ വിവരിച്ചു. മൂന്ന് ദിവസം തുടർച്ചയായുള്ള യാത്രയെപ്പറ്റി കേട്ടപ്പോൾ ജോണിന് അത്ഭുദമായി.

“ഞാൻ മുകളിലത്തെ ബർത്തിൽ കിടക്കാം” ഞാൻ മുകളിൽ കയറി.

പിന്നെ രാവിലെ ആണ് ഉണരുന്നത്.

ഉണർന്നപ്പോളേക്കും ജോൺ, പ്രഭാത കൃത്യങ്ങളും കുളിയും ഒക്കെ കഴിഞ്ഞിരിക്കുന്നു.

അദ്ദേഹം പറഞ്ഞു “എനിക്കുറങ്ങാൻ പറ്റിയില്ല. ഈ കുലുങ്ങുന്ന പെട്ടിയിൽ നീ എങ്ങിനെ ഉറങ്ങി?”

ഞാൻ ഇന്ത്യയിലെ വിവിധ ദീർഘദൂര ട്രെയിൻ യാത്രകൾ വിവരിച്ചു കൊണ്ടേ ഇരുന്നു. അങ്ങിനെ ഒരു മണിക്കൂർ കഴിഞ്ഞപ്പോളേക്കും Rovaniemi ട്രെയിൻ സ്റ്റേഷനിൽ എത്തി.

അവിടെ നിന്നും ബസ് പിടിച്ചു Santa Claus ന്റെ ആർട്ടിക് സർക്കിളിൽ ഉള്ള വില്ലേജിൽ എത്തി. [ആർട്ടിക് സർക്കിൾ കടന്നു പോകുന്നത് സാന്റാ വില്ലേജിന്റെ അകത്തു കൂടിയാണ്. അവിടെ അത് രേഖപ്പെടുത്തി വച്ചിട്ടുണ്ട്]. ഈ സ്ഥലത്തു നിന്നാണ് എല്ലാവർഷവും കുട്ടികൾക്ക് സമ്മാനങ്ങളുമായി Santa വരുന്നത് എന്നാണ് കുട്ടികളുടെ വിശ്വാസം.

Image result for finland images

Santa വില്ലേജിൽ ജൂണിലും ക്രിസ്മസ് പ്രതീതി.

Santa യെ കാണാൻ വലിയ നീണ്ട ക്യൂ ആണ്. കൂടുതലും കുട്ടികളാണ്.

Santa Claus കോസ്റ്യൂം ഒക്കെ ഇട്ട് അവിടെ ഇരിക്കുന്നു. ചിത്രങ്ങളിൽ ഒക്കെ കാണുന്ന പോലെ.

ഏകദേശം അര മണിക്കൂർ നിന്നു കാണും, അതാ ഞങ്ങൾ അടുത്തെത്തി. ജോൺ ആണ് ആദ്യം.

ജോണിനോട് എന്തൊക്കെയോ ചോദിച്ചു, കൂടെ നിന്ന് ഫോട്ടോ എടുത്തു.

എന്റെ ഊഴം. ഞാൻ ശ്വാസം അടക്കിപ്പിടിച്ചു.

“എന്താ പേര്?”

“സുരേഷ്”

“രാജ്യം?”

“ഇന്ത്യ” ഞാൻ

“ഇന്ത്യയിൽ എവിടെ?” Santa

“കേരളം?”

“കേരളത്തിൽ?”

“കോട്ടയം” ഞാൻ പറഞ്ഞു.

“ഞാനവിടെ വന്നിട്ടുണ്ട്” Santa പറഞ്ഞു.

ഞാനാണെങ്കിൽ ആനന്ദ പുളകിതനായി നിൽക്കുന്നു.

Related image

മുന്പിലിരിക്കുന്ന santa ആയി വേഷമിട്ട ആൾ നമ്മുടെ കോട്ടയത്തു വന്നിട്ടുണ്ടെന്ന്!

ഈ lapland ൽ ഒരാൾ കോട്ടയത്തു കാലു കുത്തിയെന്ന്!!!

“അങ്ങേക്ക് കോട്ടയം ഇഷ്ടമായോ?”

ചോദ്യങ്ങൾ സമയം കൂടുതൽ എടുക്കുന്നത് കണ്ടപ്പോൾ volunteer മുൻപോട്ടു പോകാൻ ആംഗ്യം കാണിച്ചു.

ഞാൻ മുൻപോട്ടു പോയിട്ട് ജോണിനോട് പറഞ്ഞു

“അദ്ദേഹം കോട്ടയത്തു വന്നിട്ടുണ്ടെന്ന്. കേട്ടിട്ട് കോട്ടയത്തെ പറ്റി അഭിമാനം തോന്നുന്നു.”

മറുപടിയായി ജോണി ന്റെ ഒരു പൊട്ടിച്ചിരി ആയിരുന്നു.

ഞാൻ ചോദിച്ചു “താങ്കൾ എന്തിനാ ചിരിക്കൂന്നേ?”

“എടാ അത് എല്ലാവരോടും പറയുന്ന കാര്യങ്ങളാണ്. santa അല്ലെ അവിടെ ഇരിക്കുന്നത്? എല്ലാ സ്ഥലങ്ങളിലും Christmas നു പോകും, എന്നാണ് പറഞ്ഞത്.”

“നീ അടുത്ത ആളോട് പറയുന്നത് കേട്ടു നോക്കൂ ”

ശരിയാണ്. അദ്ദേഹം ചോദിച്ചു കൊണ്ടിരിക്കുന്നു

“ഏതാ രാജ്യം?”

“റൊമേനിയ ”

“റൊമേനിയയിൽ എവിടെ?” Santa
“*****?”
“*****?”
“ഞാനവിടെ വന്നിട്ടുണ്ട്” Santa പറയുന്നു.

എനിക്ക് അമളി പറ്റിയതോർത്ത് ഞാനും ജോണും വീണ്ടും ചിരിച്ചു.

പിന്നെ കുറച്ചു സമയം ആർട്ടിക് സർക്കിളിന്റെ അപ്പുറവും ഇപ്പുറവും നിന്നും, ഒരു കാൽ ഇപ്പറെ വച്ച് മറു കാൽ അപ്പുറെ വച്ച് അങ്ങിനെ കുറെ സമയം അവിടെ ചിലവഴിച്ചു.

വൈകിട്ടത്തെ ട്രെയിനിൽ ഹെൽസിങ്കിയിലേക്ക് പോകുമ്പോൾ എനിക്ക് Santa യുടെ മുൻപിൽ പറ്റിയ അമളി ആയിരുന്നു ഓർമ്മയിൽ.

അടിക്കുറിപ്പ്: യൂറോപ്യൻ യാത്രകൾ നിങ്ങൾ പ്ലാൻ ചെയ്യുന്നു എങ്കിൽ ഉറപ്പായും പോകേണ്ട രാജ്യമാണ് ഫിൻലൻഡ്‌. അത്രയ്ക്ക് മനോഹരമാണ് ഈ രാജ്യവും, അവിടുത്തെ ആൾക്കാരും.