വീട് വാഗ്ദാനം നല്‍കി പറ്റിച്ചതില്‍ പരാതി; മഞ്ജുവാര്യര്‍ ഹാജരാകണം

വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് പനമരം പഞ്ചായത്ത് പരക്കുനി ഊരിലെ ആദിവാസി കുടുംബങ്ങളുടെ പരാതിയിന്മേലാണ് നടപടി.

ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎല്‍എസ്‌എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥല സര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനുശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു.

പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച്‌ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു.