‘വീട്ടില്‍ മന്ത്രവാദം നടന്നു, സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പെടുത്താന്‍ നോക്കി’; കുറിപ്പിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം:  ബാങ്കിന്റെ ജപ്തിഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ വഴിത്തിരിവ്. ജപ്തിനടപടികൾ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാ കുറിപ്പ്.

ചന്ദ്രന്റെ കുടുംബവുമായി നിലനിന്നിരുന്ന പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. തന്റെയും മകളുടെയും മരണത്തിന് കാരണക്കാരായി ഭർത്താവ് ചന്ദ്രനെയും മറ്റ് മൂന്ന് ബന്ധുക്കളുടെ പേരുമാണ് കുറിപ്പിലുള്ളത്.

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.

സാമ്പത്തികബാധ്യത തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്നത് ബന്ധുക്കളാണെന്ന് കുറിപ്പിൽ പറയുന്നു. ജപ്തിനടപടികള്‍ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ ചന്ദ്രൻ തയ്യാറായില്ല. ജപ്തി ഒഴിവാക്കാൻ ഒന്നും ചെയ്തില്ല.

വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നു. തന്നെയും മകളെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. വിഷം നൽകി കൊലപ്പെടുത്താൻ നോക്കിയെന്നും തന്നെയും മകളെയും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയെന്നും കുറിപ്പിൽ പറയുന്നു. ഭര്‍ത്താവും ബന്ധുക്കളും തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്.