വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഞായറാഴ്ച

ന്യൂഡൽഹി:വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കില്ല.താരങ്ങളുടെ സെലക്ഷനുമായി ബന്ധപ്പെട്ട് ഏറെ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.ധോണിയ്ക്ക് വിശ്രമം നൽകി പകരം ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കാൻ സാധ്യതയുണ്ട്.അത് പോലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മ ടീമിനെ നയിക്കും എന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.

കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാകും വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കുക.അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.പിന്നീട് ഇത് ഞായറാഴ്ചത്തേക്ക് മാറ്റി.ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ സുപ്രീംകോടതി ഒരു ഭരണസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.വിനോദ് റായ് അധ്യക്ഷനായ ഈ സമിതിയാണ് സെലക്ഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് .ബിസിസിഐ സെക്രട്ടറിയാണ് യോഗം സാധാരണയായി വിളിച്ചിരുന്നത്.

ഇനിമുതല്‍ സെക്രട്ടറി യോഗം വിളിക്കരുതെന്ന് സമിതി നിര്‍ദേശിച്ചതോടെയാണ് ടീം പ്രഖ്യാപനം മാറ്റേണ്ടിവന്നത്.ബിസിസി ഐയും ഭരണസമിതി അംഗങ്ങളുമായി പലകാര്യങ്ങളിലും അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.ഇന്നത്തെ സെലക്ഷൻ മാറ്റി വെച്ചതും ഈ ഭിന്നത നിലനിൽക്കുന്നത് കൊണ്ടാണ്.