വിഷുവിന്റെ പൊരുൾ


പുടയൂർ ജയനാരായണൻ

മലയാളികളുടെ ദേശീയ ആഘോഷങ്ങളിൽ ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടത് വിഷു ആണ്. എന്നാൽ ഓണത്തിന് പറഞ്ഞ് കേൾക്കാറുള്ള മാവേലിക്കഥ പോലെ എന്തെങ്കിലുമൊരു ഐതിഹ്യകഥ വിഷുവിനെ ചുറ്റിപ്പറ്റിയില്ല താനും. എന്നിട്ടും അർത്ഥമറിയാതെ പടക്കം പെട്ടിച്ചും സദ്യയൊരുക്കിയും മലയാളി വിഷുവും ആഘോഷിക്കുന്നു. വാസ്തവത്തിൽ എന്താണ് വിഷു..? എങ്ങിനെയാണ് അത് നമ്മുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായത്.?

സൂര്യരാശി അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗവും, ചാന്ദ്രരാശി അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗവും ഭാരതീയ കലണ്ടർ സമ്പ്രദായങ്ങൾ ആണു. ഇതിൽ മലയാളികൾക്കിടയിൽ പ്രചാരമുള്ളത് ഏതാണ്ട് രണ്ടും കൂട്ടിക്കുഴച്ച സമ്പ്രദായം ആണു എന്ന് സ്വതവേ തോന്നാം. എന്നാൽ രണ്ട് രീതികളേയും ഒരു പോലെ സ്വാംശീകരിച്ചവരാണു നമ്മൾ എന്നതാണു ശരി. ചാന്ദ്ര സമ്പ്രദായപ്രകാരം ചന്ദ്രന്റെ ഗതിവിഗതികൾക്ക് അനുസൃതമായ തിഥി അല്ലെങ്കിൽ പക്ഷം അടിസ്ഥാനമാക്കിയ ആചരണങ്ങളും, സൂര്യരാശിപ്രകാരമുള്ള ജ്യോതിഷത്തെ അടിസ്ഥാനമാക്കിയ ആചരണങ്ങളും ഒരു പോലെ ഇവിടെ പ്രചാരത്തിൽ ഉണ്ട്. ഇതിൽ സൂര്യ രാശിപ്രകാരമുള്ള പുതുവർഷം മേടം ഒന്ന് ആണ്.

ഇവിടെ പ്രചാരത്തിലുള്ള പഞ്ചാംഗ (കലണ്ടർ) പ്രകാരം മേടം, ഇടവം,മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇതാണ് മലയാള മാസങ്ങൾ. ഇന്ന് പൊതുവെ മലയാളം പുതുവർഷമായി ചിങ്ങം ആണ് കണക്കെങ്കിലും ആ സമ്പ്രദായം പിൽക്കാലത്ത് തുടങ്ങിയത് ആണ്. കേരളത്തിലങ്ങോളമിങ്ങോളം പലതരത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പഞ്ചാംഗങ്ങളെ ഏകീകരിച്ച ശേഷമാണു മലയാളമാസം ചിങ്ങം തൊട്ട് കണക്കാക്കുന്ന സമ്പ്രദായം ആരംഭിച്ചത്. അതായത് ചിങ്ങം മുതൽ തുടങ്ങുന്ന മലയാളവർഷാരംഭത്തിനും മുമ്പ് ഇവിടെ പ്രചാരത്തിൽ ഉണ്ടായിരുന്ന പുതുവർഷ ദിന ആഘോഷമാണു വാസ്തവത്തിൽ വിഷു..

ഇനി എങ്ങിനെയാണ് മേടം 1 വിഷു ആയി കണക്കാക്കാൻ തുടങ്ങിയത് എന്ന് പരിശോധിക്കാം.

ഒരു ദിവസത്തിൽ ആകെയുള്ളത് ഇരുപത്തി നാലു മണിക്കൂറുകൾ ആണല്ലോ. ഇവയെ കൃത്യമായി ഭാഗിച്ചാൽ പന്ത്രണ്ട് വീതമുള്ള രണ്ട് ഭാഗമാകും. ഇതിനെ ഒരു പാതി പകലെങ്കിൽ മറുപാതി രാത്രി. എന്നാൽ എല്ലാ ദിവസങ്ങളിലും നമുക്ക് പകലും രാത്രിയും സമമായി കിട്ടാറില്ല. സൂര്യന്റെ ഉദയാസ്തമയങ്ങൾ വ്യത്യാസപ്പെടുന്നതിനനുസരിച്ച് പകലിന്റേയും രാത്രിയുടേയും ദൈർഘ്യം വ്യത്യാസപ്പെട്ട് വരും. സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ ചുറ്റുകയും ചെയ്യുന്ന ഭൂമിയുടെ പ്രദക്ഷിണ പഥത്തിനു വരുന്ന ഏറ്റക്കുറച്ചിലുകൾ ആണു പകലും രാത്രിയും തമ്മിലുള്ള ഈ വ്യത്യാസത്തിനു കാരണം. എന്നാൽ കൊല്ലത്തിൽ രണ്ട് ദിവസം മാത്രം പകൽ രാത്രികളുടെ ദൈർഘ്യം ഒരേ അളവിൽ ആയി വരും. ഒന്ന് ഉത്തരായന കാലത്തും മറ്റൊന്ന് ദക്ഷിണായന കാലത്തും. അതിൽ ഉത്തരായനകാലത്ത് പകൽ രാത്രികൾ ഒരേ അളവിൽ കിട്ടുന്ന ദിനം മേട സംക്രമ ദിനവും, ദക്ഷിണായനകാലത്ത് കാവേരീ സംക്രമം എന്ന് കൂടി അറിയപ്പെടുന്ന തുലാ സംക്രമ ദിവസവും ആണു. അത് പ്രകാരമാണു മേടം ഒന്ന് മുതൽക്ക് വർഷാരംഭമായി കണക്കാക്കുന്ന പതിവ് പൂർവ്വ കാലത്ത് നടപ്പിൽ ഉണ്ടായിരുന്നു.

വിഷുവിന്റെ ആചരണോദ്ദേശം ഇത് ആണെങ്കിൽക്കൂടിയും വലിയൊരു അശാസ്ത്രീയത ഇതിൽ ഉണ്ടായിരുന്നു. അതായിരിക്കാം പിന്നീട് മലയാള വർഷം ആരംഭം ചിങ്ങമാസത്തിലേക്ക് മാറ്റുവാൻ ഉണ്ടായ പല കാരണങ്ങളിൽ ഒരു പ്രധാന ഘടകം. സൂര്യൻ സ്ഥിരമാണു എന്നും ഭൂമിയുൾപ്പടെയുള്ള ഗ്രഹങ്ങൾ ആണു ചരിച്ച് കൊണ്ടിരിക്കുന്നത് എന്നും നമുക്ക് അറിയാം. ഭൂമി സ്വയം കറങ്ങുകയും ഒപ്പം സൂര്യനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നത് കൊണ്ടാണു നമുക്ക് പകൽ രാത്രികളും, ആഴ്ച്ചകളും, മാസങ്ങളും, കൊല്ലവും, എല്ലാം മാറി മാറി വരുന്നത്. അതിനനുസരിച്ച് വേനലും, വർഷവും, മഞ്ഞും എല്ലാം കൃത്യമായ കാലയളവിൽ വന്ന് പോയ്ക്കൊണ്ടിരിക്കുന്നു. അത് പോലെ തന്നെയാണു വർഷത്തിൽ രണ്ട് ദിവസങ്ങൾ പകൽ രാത്രികൾ സമ ദൈർഘ്യ അനുപാതത്തിൽ നമുക്ക് ലഭിക്കുന്നതും. സമദൈർഘ്യ ദിവസം(Equinox) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുക.
എന്നാൽ എല്ലാ വർഷവും ഈ അനുപാതത്തിൽ നേരിയ വ്യത്യാസം സംഭവിക്കുന്നുണ്ട് എന്നാണു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുത. സൂര്യനെ ഭൂമി പ്രദക്ഷിണം ചെയ്യുന്ന പദക്ഷിണ പഥം കൃത്യ ദൂരത്തിൽ ഉള്ള ഒരു വൃത്തം അല്ല. പകരം ദീർഘവൃത്താകൃതിയിൽ ഉള്ള ഒരു ചംക്രമണ പാതയിലൂടെയാണു ഭൂമിയുടെ സഞ്ചാരം. അതിനാൽ നേരിയ ഒരു വ്യത്യാസം ഓരോ വർഷവും ഈ സമ ദൈർഘ്യ ദിവസങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടത്രെ. അത് കൊണ്ട് തന്നെ എഴുപത്തിരണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഒരു ദിവസത്തെ തന്നെ വ്യത്യാസം ഇതിൽ ഉണ്ടാവും. എന്ന് വച്ചാൽ പുരാതന കാലത്ത് മേടം സംക്രമവും, തുലാ സംക്രമവും ആണു സമ ദർഘ്യ ദിനങ്ങൾ എങ്കിൽ ഇന്ന് അതിൽ വ്യത്യാസം വന്നിട്ടുണ്ട്. ഇന്നത്തെ കണക്ക് പ്രകാരം ഏതാണ്ട് മാർച്ച് 21നും, സപ്തംബർ 21നും ആണ് ഇപ്രകാരം ദിവസങ്ങൾക്ക് സമ ദൈർഘ്യം അനുഭവിക്കാൻ സാധിക്കുന്നത്.

മുൻപ് മേടം 1 ന് സമദൈർഘ്യ ദിനം കിട്ടിയിരുന്ന കാലത്ത് ആയിരിക്കണം മലയാളികൾ വിഷു ആഘോഷിച്ച് തുടങ്ങിയിരിക്കുക. എന്നാൽ പിന്നീട് സമദൈർഘ്യ ദിനത്തിനു മാറ്റം വന്ന് തുടങ്ങിയപ്പൊഴും മേടം ഒന്ന് തന്നെ വിഷു ആഘോഷ ദിനമായി തന്നെ തുടർന്നിരിക്കുകയും ചെയ്യാം. പിന്നീട് കൊല്ല വർഷം ആരംഭിച്ചത് മുതൽക്ക് ചിങ്ങം മുതൽക്ക് കൊല്ലം കണക്കാക്കുന്ന സമ്പ്രദായവും തുടങ്ങി. എന്നാലും സൂര്യരാശി പ്രകാരം മേടം മുതൽക്ക് തന്നെയാണു മാസങ്ങൾ പൊതുവെ കണക്കാക്കുക. എന്ത് തന്നെയായാലും മലയാളികൾ ആചരിച്ച് വരുന്ന വിവിധങ്ങളായ പ്രകൃതി ആരാധനാ സമ്പ്രദായത്തിന്റെ, നല്ല നാളെകൾക്കായുള്ള പ്രതീക്ഷകളുടെ, ആഘോഷങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഒരു ആചരണം തന്നെയാണു വിഷു. മലയാളികൾക്കു പുറമെ തൗളവർ ബിസു എന്ന പേരിലും ആസാമികൾ ബിഹു എന്ന പേരിലും, മഹാരാഷ്ട്രക്കാർ ഗുഡി പാദ്ധ്വ ആയും, കർണ്ണാടകത്തിൽ ഉഗാദിയായും, കാശ്മീരികൾ നവ്രെ ആയും ഇത് പോലെത്തന്നെ പ്രാദേശികമായി പുതുവർഷ ദിവസം ആചരിക്കുന്നുണ്ടത്രേ. എണ്ണിയാലൊടുങ്ങാത്ത ഓരോ ആചരണങ്ങൾക്കും ഇത്തരം ഒരുപാട് പിൻ കഥകൾ ഉണ്ടാകും. അവയോരോന്നും എത്ര രസാവഹം, എത്ര കൗതുകകരം.