വിഷമദ്യ ദുരന്തത്തില്‍ പകച്ച്‌ യുപി; മരണ സംഖ്യ 70 കടന്നു

ലക്നൗ: ഉത്തര്‍പ്രദേശിലുണ്ടായ വിഷ മദ്യദുരന്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 70 കടന്നു. ഇരുപതോളം പേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍, ഖുഷിനഗര്‍, മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. അതേസമയം ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ സംഖ്യ 28 ആയി. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍ തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്.

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേരാണ് സഹാന്‍പൂരില്‍ മരിച്ചത്. ഖുഷിനഗറില്‍ എട്ട് പേണ് മരിച്ചത്. അപകടത്തി‍ല്‍ പന്ത്രണ്ടോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആകെ 46 പേരാണ് മരിച്ചത്. ഇതില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ 36 പേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് വ്യക്തമാണെന്ന് സഹാരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് അലോക് പാണ്ഡെ പറഞ്ഞു.

മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകള്‍ക്കാണ് ദുരന്തം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ
ഹരിദ്വാറിലെ ഒരു വീട്ടില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. ഇവരുടെ കൂട്ടത്തിലെ ഒരാള്‍ സഹരാന്‍പൂരിലേക്ക് മദ്യം കടത്തി വില്‍പ്പന നടത്തി. പിന്‍റു എന്നയാളാണ് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്സൈസ് ഓഫീസര്‍, ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരിച്ചവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും സഹായധനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.