വിശ്വാസി സമൂഹത്തെ ഒപ്പം നിർത്തി മാത്രമേ ഇടതു പക്ഷത്തിനു മുന്നോട്ട് പോകാൻ സാധിക്കൂ ; എം.വി.ഗോവിന്ദൻ

കണ്ണൂർ:ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെടുന്നതിൽ ശബരിമല വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനങ്ങൾ കാരണമായെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. പറശ്ശിനി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ശബരിമല വിധി നടപ്പിലാക്കാൻ എൽ.ഡി.എഫ് സർക്കാറിന് കോടതിക്കൊപ്പം നിൽക്കേണ്ടി വന്നു. ഇതിനെ ബിജെപി യും ആർ.എസ്.എസും മുതലെടുത്ത് വിശ്വാസികൾക്കിടയിൽ തെറ്റായ ധാരണ വളർത്തി ലോകശ്രദ്ധ ക്ഷണിക്കുവാൻ ശ്രമം നടത്തി. മാധ്യമങ്ങൾ അടക്കം സർക്കാറിനും മുഖ്യമന്ത്രി ക്കുമെതിരായി പ്രചരണം നടത്തിയതോടെയാണ് ശബരിമല വിഷയം എൽ.ഡി.എഫിന് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളെയും അവിശ്വാസികളെയും ഒപ്പം നിർത്താതെ സി.പിഎമ്മിന് മുന്നോട്ട് പോവാൻ കഴിയില്ല.

പാർട്ടിക്കിടയിൽ തന്നെ മഹാഭൂരിപക്ഷം വരുന്ന പ്രവർത്തകരും വിശ്വാസികളാണ്. മതവും വിശ്വാസവും അവസാനിപ്പിക്കുകയെന്നത് സി.പി.എമ്മിന്റെ അജണ്ടയിലില്ല. വിശ്വാസികളുടെ സമീപനം മനസ്സിലാക്കി പറ്റിയ പിഴവുകൾ നികത്താൻ എൽ.ഡി.എഫ് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.