വിവാദ പ്രസ്താവന; മേനക ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ലക്‌നൗ: വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയോട്  തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സുല്‍ത്താന്‍പൂര്‍ ജില്ലാ വരണാധികാരിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്  മേനകാ ഗാന്ധിക്ക് നോട്ടിസയച്ചത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മുസ്‍ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മേനക ഗാന്ധി പ്രസംഗിച്ചത്.

നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിച്ചുകഴിഞ്ഞെന്നും  വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് ജോലിക്കെന്നും മറ്റും സമീപിച്ചാല്‍ സാധിച്ചുനല്‍കണമെന്നില്ലെന്നും മേനക ഗാന്ധി ഭീഷണിമുഴക്കി. പിലിഭിത്ത് എം.പിയായ മേനക ഗാന്ധി ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുമായി മണ്ഡലം വച്ചുമാറിയിരിക്കുകയാണ്. മകന്‍റെ മണ്ഡലമായിരുന്ന സുല്‍ത്താന്‍പൂരിലാണ് മേനകാഗാന്ധി ജനവിധി തേടുന്നത്.