വിളികളും സെർച്ചുകളും, പോസ്റ്റുകളും,ലൈക്കുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് എങ്ങിനെ ?

ഋഷി ദാസ്. എസ്സ്.

വാർത്താവിനിമയ സംവിധാനങ്ങളിൽ വിനിമയ സിഗ്നലുകളെ അവയുടെ പ്രഭവ കേന്ദ്രത്തിൽ ( source)നിന്നും ലക്ഷ്യസ്ഥാനത്തേക്ക്( destination) എത്തിക്കുന്ന പ്രക്രിയ സവിച്ചിങ് എന്ന സാങ്കേതിക വിദ്യയിലാണ് നിലനിൽക്കുന്നത്.

വാർത്താവിനിമയ സംവിധാനങ്ങളിൽ ഡാറ്റ (information) കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ടു വ്യത്യസ്ത രീതികളാണ് സർക്വിട്ട് സ്വിച്ചിങ്ങും പാക്കറ്റ് സ്വിച്ചിങ്ങും. സർക്വിട്ട് സ്വിച്ചിങ് ആണ് ആദ്യം രംഗപ്രവേശനം ചെയ്തത് . ഏതുതരം വാർത്താവിനിമയം ആയാലും ഒരു വിവര പ്രഭവ കേന്ദ്രവും ( ഇൻഫർമേഷൻ സോഴ്സ്-Information Source ) ഒരു ലക്ഷ്യ സ്ഥാനവും ( Destination) ഒരു വാർത്താവിനിമയ ചാനലും ഉണ്ടാവും.

Image result for packet switching and circuit switching

വിവര പ്രഭവ കേന്ദ്രം ( ഇൻഫർമേഷൻ സോഴ്സ് ) എന്നത് ഒരു മൈക്രോഫോണോ , ക്യാമറയോ കീ ബോഡോ , മറ്റേതെങ്കിലും യന്ത്രമോ ആകാം . പ്രഭവ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അതേപോലെ ചാനലിലൂടെ പ്രസരിപ്പിക്കാനാവില്ല. പല തലത്തിലുള്ള പ്രോസസ്സിങ്ങുകൾക്കും മോഡുലേഷനുകൾക്കും ശേഷമാണ് വിവരങ്ങളെ ചാനലിലൂടെ പ്രസരിപ്പിക്കുന്നത് . ചാനൽ എന്നത് വിവരങ്ങൾ പ്രഭവസ്ഥാനത്തുനിന്നും ലക്ഷ്യസ്ഥാനത്തേക്ക് പ്രവഹിക്കുന്ന പാതയാണ് . ഇത് ചെമ്പുകമ്പിയോ ,കേബിളോ , വേവ് ഗൈഡോ, ഒപ്റ്റിക്കൽ ഫൈബറോ , അന്തരീക്ഷമോ , ശൂന്യാകാശമോ ആവാം . ഓരോ ചാനലിനും അനുരൂപമായ പ്രസരണ സംവിധാനങ്ങൾ വേണ്ടിവരും .

ചാനലിലൂടെ പ്രവഹിക്കുന്ന വിവരങ്ങൾ ലക്ഷ്യസ്ഥാനത്തെത്തുന്നു
ലക്ഷ്യസ്ഥാനത്തെത്തിയതിനു ശേഷം പ്രഭവ കേന്ദ്രത്തിൽ നടത്തിയ സിഗ്നൽ പ്രോസസ്സിങ്ങിന്റെ വിപരീതമായ നടപടികളിലൂടെ ശരിക്കുള്ള വിവരങ്ങളെ വീണ്ടെടുക്കുന്നു . വാർത്താ /വിവര വിനിമയ സംവിധാനം എത്ര ലഘുവായതായാലും എത്ര സങ്കീര്ണമായതായാലും ഇതാണ് പൊതുവായ സംവിധാനം .

Image result for packet switching and circuit switching

പ്രഭവ കേന്ദ്രത്തിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് വിവരങ്ങൾ എങ്ങിനെ പ്രവഹിക്കുന്നു എന്നതാണ് സ്വിച്ചിങ് രീതി നിർണയിക്കുന്നത്. സർക്വിട്ട് സ്വിച്ചിങ്ങിൽ വിവരവിനിമയം നടക്കുന്ന കാലയളവിൽ പ്രഭവ കേന്ദ്രവും ലക്ഷ്യസ്ഥാനവും തമ്മിൽ നിശ്ചിത വിവര വിനിമയ ശേഷിയുള്ള (Band Width ) ഒരു വിനിമയ ചാനൽ നിലനിൽക്കുന്നു . വിവര വിനിമയം അവസാനിപ്പിച്ചതായി പ്രഭവ കേന്ദ്രമോ , ലക്ഷ്യ കേന്ദ്രമോ തീരുമാനിക്കുമ്പോൾ മാത്രമാണ് വിനിമയ ചാനൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗ യുക്തമാവുന്നത് . ഇതിന് ഏറ്റവും വലിയ ഉദാഹരണം ടെലിഫോൺ ശൃംഖലകളാണ് . ഒരു സാധാരണ ഡിജിറ്റൽ ടെലിഫോൺ ശൃംഖലയുടെ ഒരാൾ മറ്റൊരാളെ വിളിക്കുമ്പോൾ ആദ്യം നടക്കുന്നത് ആ രണ്ടു ടെലഫോണുകൾ തമ്മിൽ 64 കിലോബിറ്റ് ശേഷിയുള്ള ഒരു വിനിമയ ചാനൽ രൂപപ്പെടുകയാണ് . സംസാരിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും കോൾ ടെർമിനേറ്റ് ചെയ്യുന്നതുവരെ ഈ വിവരവിനിമയ ചാനൽ നിലനിൽക്കും . മറ്റാർക്കും ആ ചാനൽ ആ സമയത്ത് ഉപയോഗിക്കാനാവില്ല .

Related image

പാക്കറ്റ് സ്വിച്ചിങ്ങിൽ ആവട്ടെ വിനിമയ കേന്ദ്രങ്ങൾ തമ്മിൽ സ്ഥിരമായ , ഒരു നിശ്ചിത ശേഷിയുള്ള വിനിമയ ചാനൽ നിലനിൽക്കുന്നില്ല . വിവരങ്ങൾ വിനിമയ കേന്ദ്രങ്ങൾ വിവര വിനിമയ പാക്കറ്റുകളായിട്ടാണ് കൈകാര്യം ചെയ്യുന്നത് . ഒരു വിവര പാക്കറ്റിൽ ഒരു നിശ്ചിത അളവ് ഡാറ്റയും ആ വിവരം എത്തിച്ചേരേണ്ട വിനിമയ കേന്ദ്രത്തിന്റെ അഡ്രസ് , പ്രഭവ കേന്ദ്രത്തിന്റെ അഡ്രസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഒരു ഹെഡറും( Header File) ഉണ്ടാവും . ഒരു കത്തിന്റെ പുറത്തു അഡ്രസ് എഴുതുന്നതുപോലെയാണ് ഈ ഹെഡർ .പാക്കറ്റുകൾ പ്രഭവസ്ഥാനത്ത് നിന്നും പല ഭൗതിക ചാനലുകളിലൂടെ , എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു . പാക്കറ്റുകൾ എത്തിച്ചേരുന്ന മുറക്ക് അവയിൽ നിന്നും ഡേറ്റ വേർപെടുത്തി കൂട്ടി യോജിപ്പിച്ചു, അയച്ച വിവരത്തെ പുനഃ സൃഷ്ടിക്കുന്നു . പാക്കറ്റ് സ്വിച്ചിങ് ഒരു ബെസ്റ്റ് എഫേർട് സർവീസ് (Best Effort Service) ആണ് . അയച്ച പാക്കറ്റുകൾ എല്ലാം ലക്ഷ്യസ്ഥാനത്ത് എത്തണം എന്നില്ല .വിനിമയ ചാനലുകളിലെ തിരക്കുകാരണം ചില പാക്കറ്റുകൾ നഷ്ടപ്പെട്ടേക്കാം . അങ്ങനെ നഷ്ടപ്പെട്ട പാക്കറ്റുകളെ തിരിച്ചയക്കാനും കഴിയും .

Image result for packet switching and circuit switching

പാക്കറ്റ് സ്വിച്ചിങ് സർക്വിട്ട് സ്വിച്ചിങ്ങിനേക്കാൾ വളരെയധികം സങ്കീർണമാണ് .പക്ഷെ പാക്കറ്റ് സ്വിച്ചിങ്ങിലൂടെ ഒരു വിവര വിനിമയ സംവിധാനത്തിന്റെ കഴിവുകൾ വളരെയധികം ഉപഭോക്താക്കൾക്ക് ഒരേ സമയം , ഒരു നിശ്ചിത ഗുണ മേന്മയിൽ (Quality of Service) ഉപയോഗ പ്രദമാക്കുന്നു .ആധുനിക ഇന്റർനെറ്റ് സംവിധാനം നിലനില്കുന്നത് പാക്കറ്റ് സ്വിച്ചിങ്ങിനെ ആധാരമാക്കിയാണ് . ദശലക്ഷക്കണക്കിനാളുകൾക്ക് പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിവര വിനിമയം സാധ്യമാകുന്നതും പാക്കറ്റ്സ്വിച്ചിങ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രമാണ്