വിയറ്റ്നാം – കുട്ടനാട് പോലൊരു രാജ്യം (പാർട്ട് 2 )

ഡോ. സുരേഷ്. സി. പിള്ള

ലിയാം പറഞ്ഞു, “ഞാൻ വിയറ്റ്നാം യുദ്ധകാലത്ത് , ധാരാളം ബുദ്ധിമുട്ടിയതാണ്. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുണ്ടായിരുന്ന സമയം ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലങ്ങൾ മുഴുവൻ വെടിയൊച്ചകളും, സൈറണുകളും നിറഞ്ഞതായിരുന്നു.”

വിയറ്റ്നാം യുദ്ധം 1955 നവംബർ മുതൽ 1975 ഏപ്രിൽ വരെ ആയിരുന്നു.

വടക്കൻ വിയറ്റ്നാമും, തെക്കൻ വിയറ്റ്നാമും തമ്മിലുള്ള യുദ്ധം ആയിരുന്നു ഇത്. ഇതിനെ ‘രണ്ടാം ഇൻഡോ ചൈന യുദ്ധം എന്നും പറയാറുണ്ട്.

[ഇൻഡോ എന്ന പേരുണ്ടെങ്കിലും ഇതിന് ഇന്ത്യയും ആയി ബന്ധം ഒന്നുമില്ല. ഇത് ഫ്രഞ്ച്-ഇൻഡോ ചൈന ആണ്. അതായത് വിയറ്റ്നാമിന്റെ മൂന്ന് ഭാഗങ്ങൾ ആയ ടോക്കിൻ (വടക്കു ഭാഗം), അന്നം (മധ്യഭാഗം), കൊച്ചിൻ-ചൈന (Cochinchina-തെക്കു ഭാഗം), ഇതു കൂടതെ അയൽ രാജ്യങ്ങൾ ആയ ലാവോസ്, കംബോഡിയ തുടങ്ങിയ രണ്ടു രാജ്യങ്ങളും ചേർന്നതാണ് ഇൻഡോ ചൈന. രണ്ടാം ലോക മഹായുദ്ധം വരെ വിയറ്റ്നാം ഫ്രഞ്ച് കോളനി ആയിരുന്നു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കുറച്ചു കാലം ജപ്പാന്റെ ഭരണത്തിൻ കീഴിൽ ആയിരുന്നു വിയറ്റ്നാം. ജപ്പാൻ പിൻവാങ്ങിയപ്പോൾ ഹോ-ചി-മിൻ (Ho Chi Minh) ന്റെ നേതൃത്വത്തിൽ വിയറ്റ്- മിന്ന (Viet Minh) എന്ന കമ്മ്യൂണിസ്റ്റ് കക്ഷി വടക്കൻ വിയറ്റ്നാമിന്റെ അധികാരം ഏറ്റെടുത്തു. ഹാനോയ് തലസ്ഥാനം ആയി അംഗീകരിക്കുകയും ചെയ്തു].

വടക്കൻ വിയറ്റ്നാമിനെ ചൈന, സോവിയറ്റ് യൂണിയൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികളും, തെക്കൻ വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് എതിർ ചേരികൾ ആയ അമേരിക്ക, തായ്‌ലൻഡ്, കൊറിയ, ഓസ്ട്രേലിയ എന്നിവരും പിന്തുണച്ചു.

ലാവോസ്, കംബോഡിയ ഇവയുമായുള്ള പ്രാദേശിക സംഘര്‍ഷമാണ് നീണ്ട വിയറ്റ്നാം യുദ്ധത്തിലേക്ക് നയിച്ച പ്രധാന കാരണമെങ്കിലും, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായിരുന്ന ശീത യുദ്ധത്തിന്റെ പരിണിത ഫലമായിരുന്നു വിയറ്റ്നാം യുദ്ധം എന്നാണ് ലിയാമിന്റെ അഭിപ്രായം.

പരസ്പരം പോരടിക്കാതെ തമ്മിൽ പോരടിക്കുന്ന രാജ്യങ്ങൾക്ക് അപ്പുറവും, ഇപ്പുറവും പിന്തുണ കൊടുക്കുന്ന രീതി. കൂടാതെ, മദ്ധ്യ-പൂർവ്വ ഏഷ്യയിൽ കമ്മ്യൂണിസം പിടിമുറുക്കുന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

1963 മുതൽ 69 വരെയാണ് അമേരിക്കയുടെ ഇടപെടൽ വിയറ്റ്നാമിൽ ശക്തമായി ഉണ്ടായത്.

ജോൺ എഫ്. കെന്നഡിയുടെ മരണ ശേഷം എൽ. ബി. ജോൺസൺ അമേരിക്കൻ പ്രസിഡന്റ് ആയ സമയമാണിത്.

ഇത് കമ്മ്യൂണിസത്തിനെതിരെ ഉള്ള യുദ്ധമാണെന്നും എന്തു വിലകൊടുത്തും ഈ യുദ്ധത്തിൽ ജയിക്കണം എന്നും വാശി ഉള്ള ആളായിരുന്നു എൽ. ബി. ജോൺസൺ.

1963 ൽ വെറും മൂവായിരത്തി അഞ്ഞൂറ് അമേരിക്കൻ സൈനികരെ വിയറ്റ്നാമിൽ ഉണ്ടായിരുന്നുള്ളൂ. ഇത് 1965 ആയപ്പോഴേക്കും ഏകദേശം രണ്ടു ലക്ഷത്തോളം അമേരിക്കൻ യോദ്ധാക്കൾ വിയറ്റ്നാമിൽ എത്തി.

അമേരിക്കയ്ക്ക് യുദ്ധത്തിൽ വലിയ ആൾ നഷ്ടം ഉണ്ടായി.

ഏകദേശം അൻപതി നായിരത്തോളം ഭടന്മാർക്ക് ജീവഹാനി ഉണ്ടായി. ഇരുപതിനായിരം ആൾക്കാർക്ക് അംഗവൈകല്യം ഉണ്ടായി. ഒന്നര ലക്ഷം സൈനികർക്ക് സാരമായ മുറിവേറ്റു.

ഈ സംഭവമാണ് എൽ. ബി. ജോൺസൺന്റെ പ്രസിഡന്റ് സ്ഥാനം തെറിക്കാനുള്ള കാരണം.

അമേരിക്ക വിയറ്റ്നാം യുദ്ധത്തിൽ ദയനീയമായി പരാജയപ്പെട്ടു.

1968 ലെ അമേരിക്കൻ ഇലക്ഷനിൽ റിച്ചാർഡ് നിക്സൺ തിരഞ്ഞെടുക്കപ്പെട്ടു. നിക്സൺ യുദ്ധവും, സന്ധിസംഭാഷണവും ഒരേ സമയം തുടർന്നു കൊണ്ടിരുന്നു.

നിക്സൺ പതിയെ ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിച്ചു. വിയറ്റ്നാമിനുണ്ടായ നഷ്ടം ഇതിനും പതിൻ മടങ്ങാണ്.

തൊണ്ണൂറു ലക്ഷത്തോളം ആൾക്കാർക്ക് ജീവഹാനി ഉണ്ടായി. പട്ടിണി, തൊഴിൽ ഇല്ലായ്മ ഇവയെല്ലാം വിയറ്റ്നാം യുദ്ധത്തിന്റെ ബാക്കി പത്രങ്ങൾ ആണ്.

പുതു തലമുറയിൽ പെട്ടവരും യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ക്കുറിച്ചു ബോധവാൻമാരാണ്. ഇനിയൊരു യുദ്ധത്തെ പ്പറ്റി അവർക്ക് ആലോചിക്കാൻ പറ്റില്ല എന്നും ലിയാം പറഞ്ഞു.

സംസാരത്തിന്റെ ഇടയ്ക്ക് എല്ലാവരും ഭക്ഷണവും രുചിച്ചു കൊണ്ടിരുന്നു.

വളരെ രസകരമാണ് വിയറ്റ്നാമിലെ ഭക്ഷണ രീതി. ഏറ്റവും ആകർഷിച്ചത്, വെള്ളത്തിൽ പുഴുങ്ങി വച്ച നീളമുള്ള തണ്ടും പച്ച ഇലകൾ ഉള്ള rau muống ആണ്.

ഇതിനെ പൊതുവായി ‘വാട്ടർ സ്പിനാച്’ എന്ന് പറയും. പേര് ‘സ്പിനാച്’ എന്നാണെങ്കിലും നമ്മുടെ ചീരയുമായി കാഴ്ച്ചയിൽ വലിയ സാമ്യം ഒന്നുമില്ല.

ഇത് വെള്ളത്തിലും ഈർപ്പമുള്ള സ്ഥലങ്ങളിലും വളരുന്നതാണ്.

 

ഞാൻ താമസിച്ച ഹോട്ടലിന്റെ സമീപ പ്രദേശങ്ങളിൽ ഇത് ധാരാളമായി ഉണ്ടായിരുന്നു.

വഴിയരികിൽ ധാരാളമായി ഇത് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളതായും കണ്ടു. ഇതിന്റെ ഇളം തണ്ടും ഇലയും, വെറുതെ വെള്ളത്തിൽ ഉപ്പിട്ടു പുഴുങ്ങിയാൽ മതി. നല്ല രുചിയാണ്. മധ്യ പൂർവ്വ ഏഷ്യയിൽ നിന്നു വന്നവർ ഒക്കെ ഇത് ധാരാളമായി കഴിക്കുന്നത് കണ്ടു.

പിന്നെ ഉണ്ടായിരുന്ന ഒരു വിഭവം, പോർക്ക് ചുവന്ന മുളക് ഇട്ടു വേകിച്ചത്. വേറെ മസാലകളോ ചേരുവകളോ ഒന്നും ഇല്ല. ആട്ടിറച്ചി കൊണ്ടുണ്ടാക്കിയ സോസേജ്, ചിക്കൻ അധികം എണ്ണ ഇല്ലാതെ വറുത്തത്, സൂപ്പ്, തുടങ്ങിയ വിഭവങ്ങളും ഉണ്ടായിരുന്നു.

കൂടെ കഴിക്കുവാനായി പൊട്ടറ്റോ ചിപ്സും, സ്റ്റിക്കി റൈസും.

ചൈനയിലെ പോലെ ‘ചോപ്പ് സ്റ്റിക്ക്’ ഉപയോഗിച്ചാണ് വിയറ്റ്നാമിലും ആഹാരം കഴിക്കുന്നത്.

വളരെയധികം പരിശ്രമിച്ച ശേഷമാണ് എനിക്ക് ‘ചോപ്പ് സ്റ്റിക്ക്’ ഉപയോഗിക്കാൻ പറ്റിയത്.

തായ്‌ലൻഡിൽ നിന്നും വന്ന ഗവേഷക ചോപ്പ് സ്റ്റിക്ക് പിടിക്കുന്നത് കാണിച്ചു തന്നു.

ആദ്യത്തെ ചോപ്സ്റ്റിക്ക് തള്ള വിരലിന്റെയും, ചൂണ്ടു വിരലിന്റെയും ഇടയിൽ പിടിക്കുക എന്നിട്ട് മോതിര വിരൽ കൊണ്ട് പതിയെ ഇത് ബാലൻസ് ചെയ്തു നിർത്താം. രണ്ടാമത്തെ ചോപ്സ്റ്റിക്ക് ആദ്യത്തെ ചോപ്പ് സ്റ്റിക്കിനു മുകളിൽ ആയി തള്ള വിരലിന്റെയും, ചൂണ്ടു വിരലിന്റെയും ഇടയിൽ പിടിക്കാം. ഇത് മധ്യവിരലിന്റെ അറ്റം വച്ചു ബാലൻസ് ചെയ്യാം. തള്ള വിരലും, ചൂണ്ടു വിരലും ഉപയോഗിച്ച് രണ്ടാമത്തെ ചോപ്പ് സ്റ്റിക്ക് മുറുക്കിയിട്ട് അത് ചലിപ്പിക്കാം, ആദ്യത്തെ ചോപ്സ്റ്റിക്ക് അനക്കാതെ വയ്ക്കണം. എന്തെങ്കിലും എടുക്കണം എങ്കിൽ രണ്ടാമത്തെ ചോപ്സ്റ്റിക്ക് പതിയെ അയക്കണം, എന്നിട്ട് ആഹാരം ഇടയിൽ കയറ്റി ടൈറ്റ് ആയി പിടിക്കണം.

ഞാൻ പലപ്പോഴും ആഹാരം എടുക്കുമ്പോൾ പകുതി വഴി എത്തി ആഹാരം പ്ലേറ്റി

ലേക്കു തന്നെ വീഴാറാണ് പതിവ്.

ചൈനക്കാർ, മറ്റു മധ്യപൂർവേഷ്യൻ രാജ്യക്കാർ ഒക്കെ ചോറ് പോലും (സ്റ്റിക്കി റൈസ്) ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് കഴിക്കുന്നത് അദ്‌ഭുതത്തോടെ പലപ്പോഴും നോക്കാറുണ്ട്.

വിയറ്റ്നാമിൽ കഴിക്കുന്ന വേറൊരു ആഹാരമാണ് ഫോ (Pho), ഇതാണ് വിയറ്റ്നാമിലെ ദേശീയ ഭക്ഷണം എന്ന് അറിയപ്പെടുന്നത്.

ഇത് ഒരു staple food (മുഖ്യാഹാരം) ആയാണ് വിയറ്റ്നാമിൽ കരുതുന്നത്.

ഇതിന്റെ പോഷക മൂല്യവും, ഉണ്ടാക്കാനുള്ള എളുപ്പവും കൊണ്ട് ഇത് പ്രാതലിനും, ഉച്ച ഭക്ഷണത്തിനും, അത്താഴത്തിനും എല്ലാം ഉപയോഗിക്കാറുണ്ട്.

ഒരു വലിയ പാത്രം നിറയെ ‘ഫോ’ ടേബിളിൽ ഉണ്ടായിരുന്നു.

സൂപ്പ് കുടിച്ച ശേഷം എല്ലാവരും ‘ഫോ’ ആണ് കഴിച്ചത്. ലിയാം ഫോ ഉണ്ടാക്കുന്ന വിധം എല്ലാവർക്കുമായി വിശദീകരിച്ചു തന്നു.

റൈസ് നൂഡിൽസ്, ചെറുതായി അരിഞ്ഞ ബീഫ്, ചിക്കൻ/ബീഫ് ബ്രോത്ത്, വാട്ടർ സ്പിനാച് ഇവയെല്ലാം കൂടി വെള്ളത്തിൽ പാചകം ചെയ്തെടുക്കുന്നതാണ് ‘ഫോ’.

ഇത് സൂപ്പ് കഴിക്കുന്ന പോലെ കഴിക്കാം. ഫോ കഴിച്ച ശേഷം ചിക്കനും ബീഫും, പോർക്കും ഒക്കെ എല്ലാവരും ആവശ്യം പോലെ എടുത്തു കഴിച്ചു. കൂടെ ധാരാളം വാട്ടർ സ്പിനാച്ചും.

പിറ്റേന്ന് രാവിലെ മീറ്റിങ് ഉള്ളതിനാൽ ഏകദേശം പത്തു മണിയോടെ എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി.

തുടരും.