വിമത വിഭാഗത്തെ പുറത്താക്കാന്‍ മാര്‍പ്പാപ്പയുടെ അനുമതി

കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭക്കെതിരെ നിരന്തരം സഭാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന റിബല്‍ മെത്രാന്മാരെയും വൈദികരെയും സഭയില്‍ നിന്നും പുറത്താക്കണം എന്ന സിനഡിന്റെ ആവശ്യം മാര്‍പാപ്പ പരിഗണിച്ചു. ആവശ്യമെങ്കില്‍ സ്വയാധികാര സഭയുടെ അധികാരം സഭയ്ക്ക് ഉപയോഗിക്കാം എന്നാണ് ഇന്ന് രാവിലെ രേഖാമൂലം സഭാ കേന്ദ്രത്തില്‍ അറിയിപ്പ് ലഭിച്ചത്. സഭാ തലവനെയും സിന്‍ഡിനെയും ബഹിഷ്‌കരിക്കുന്നതായുള്ള എറണാകുളം-അങ്കമാലി വൈദിക സമിതിയുടെ പത്രകുറിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കത്തോലിക്കാ സഭയെ നയിച്ചത്.

ഉക്രൈന്‍ കത്തോലിക്കാ സഭ, സിറിയന്‍ സഭ എന്നിവടങ്ങളിലും സമാന പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വിമതരെ പുറത്താക്കുകയാണുണ്ടായത്. ഇന്ത്യയിലെ സഭാ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വത്തിക്കാന്‍ നേരിട്ട് നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ മാപ്പുസാക്ഷിയായി സഭയില്‍ വീണ്ടും തുടരാന്‍ ആഗ്രഹം ഉള്ളവരെ അനുവദിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.

ഇതിന്റെ പുന്തുടര്‍ച്ച എന്നോണം വിമത മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും സിനഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലായെങ്കില്‍, കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

എന്നാല്‍ തീരുമാനത്തെ ഒരു വിധേനയും അംഗീകരിക്കില്ല എന്നാണ് വിമത വിഭാഗം പറയുന്നത്. പുറത്താക്കിയാല്‍ ഇന്ത്യന്‍ കത്തോലിക്കാ സഭ ഉണ്ടാക്കും. വത്തിക്കാനില്‍ പിടിപാടുള്ള ആര്‍ച് ബിഷപ്പ് ഭരണികുളങ്ങര വഴി നീക്കങ്ങള്‍ നടത്തും. ഹിന്ദു ആചാര പ്രകാരമുള്ള ഇന്ത്യന്‍ കുര്‍ബാന ക്രമം ആവും പിന്തുടരുക. കാവി വസ്ത്രം, ഇരുന്നു കൊണ്ട് കുര്‍ബാന, രോഗശാന്തി ഇവ പ്രധാനം ആണ്. കൂടാതെ സ്ത്രീകള്‍ക്കും കാര്‍മ്മികന്‍ ആവാം എന്ന നിയമവും കൊണ്ടുവന്നേക്കും.