വിമത എം.എല്‍.എമാരെ അയോഗ്യരാക്കണം; സ്​പീക്കര്‍ക്ക്​ പരാതി നല്‍കിയെന്ന്‌ സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ ജെ.ഡി.എസ് ​-കോണ്‍ഗ്രസ്​ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി രാജി സമര്‍പ്പിച്ച 13 ഭരണകക്ഷി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട്​ സ്​പീക്കര്‍ക്ക്​ പരാതി നല്‍കിയതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവെക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിക്ക് സ്പീക്കറോട് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായും സിദ്ധരാമയ്യ അറിയിച്ചു.

എം.എല്‍.എമാരുടെ രാജി സ്വമേധയായുള്ള തീരുമാനമാണോ അതോ പരപ്രേരണമൂലമുള്ള സന്നദ്ധതയാണോയെന്ന്​ പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ സ്​പീക്കര്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്​. സ്​പീക്കറുടെ തീരുമാനം അന്തിമമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

നിലവിലുള്ള പ്രതിസന്ധി ബി.ജെ.പിയുടെ കെണിയാണ്​. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇത്​ തെറ്റായ നടപടിയാണ്​. വിമത എം.എല്‍.എമാര്‍ക്ക്​ ബി.ജെ.പി പണവും മന്ത്രി സ്ഥാനവും വാഗ്​ദാനം ചെയ്​തു. ഇത്രയും പണം എവിടെ നിന്നെത്തി എന്നത്​ പരിശോധിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.